തിരുവനന്തപുരം: കോൺഗ്രസിനെ ദേശീയ തലത്തിൽ പുനരുജ്ജീവിപ്പിക്കേണ്ടത് അടിയന്തര ആവശ്യമാണെങ്കിലും അതിനായി ആർ.എസ്.എസ് മോഡലിലേയ്ക്ക് പോകേണ്ട ആവശ്യമില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. കേഡർ സംവിധാനത്തിലേയ്ക്ക് കോൺഗ്രസിനെ മാറ്റിയെടുക്കുക പ്രയാസമാണ്. ബഹുസ്വരതയുടെ പ്രതിഫലനമാണ് കോൺഗ്രസ്. ആത്യന്തികമായി പാർട്ടിയിൽ അച്ചടക്കവും ഐക്യവുമാണ് വേണ്ടത്. ചരിത്രത്തോട് വീട്ടുവീഴ്ച നടത്തിയല്ല പാർട്ടിയെ പുനരുജ്ജീവിപ്പിക്കേണ്ടത്. കേരള കോൺഗ്രസ് മാണി ഗ്രൂപ്പിലെ ഭിന്നതകൾ പാലാ ഉപതിരഞ്ഞെടുപ്പിനെ ബാധിക്കില്ല. പാലാ ഉപതിരഞ്ഞെടുപ്പിലെ യു.ഡി.എഫ് വിജയ പ്രതീക്ഷ, കെ.പി.സി.സി പുന:സംഘടന, വരാൻ പോകുന്ന ഉപതിരഞ്ഞെടുപ്പുകളിലെ സ്ഥാനാർത്ഥി നിർണയം, ദേശീയ തലത്തിൽ കോൺഗ്രസിനെ ശക്തിപ്പെടുത്തേണ്ടത് തുടങ്ങിയ വിഷയങ്ങളിൽ തന്റെ നിലപാട് വ്യക്തമാക്കി മുല്ലപ്പള്ളി 'ഫ്ളാഷി'നോട് സംസാരിക്കുന്നു:
ജോസഫിന്റെ നിലപാട്
പാലാ ഉപതിരഞ്ഞെടുപ്പിനെ ശുഭാപ്തി വിശ്വാസത്തോടെയാണ് നോക്കി കാണുന്നത്. ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നാലോ അഞ്ചോ തവണ ഞാൻ കോട്ടയത്ത് പോയിരുന്നു. ജില്ലാ കോൺഗ്രസ് കമ്മിറ്റിയിൽ നിന്നും ഡി.സി.സിയിൽ നിന്നും യു.ഡി.എഫിന് അനുകൂലമായ റിപ്പോർട്ടുകളാണ് ലഭിച്ചത്. നിയമസഭാ മണ്ഡലത്തിന്റെ പ്രത്യേകതയും സാഹചര്യവും യു.ഡി.എഫിന് പരിപൂർണമായി അനുകൂലമാണ്. കേരള കോൺഗ്രസിലെ ഭിന്നതകൾ തിരഞ്ഞെടുപ്പിനെ ബാധിക്കില്ല. പി.ജെ ജോസഫിനോട് വളരെ വിശദമായി സംസാരിച്ചിരുന്നു. ടോം ജോസിനെ ജയിപ്പിക്കണമെന്ന് തന്നെയാണ് ജോസഫിന്റെ നിലപാട്.
നീളുന്നതിന് കാരണം
കെ.പി.സി.സി പുന:സംഘടനാ ചർച്ചകൾ അന്തിമ ഘട്ടത്തിലാണ്. പാലാ ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞ് പുന:സംഘടനാ ചർച്ചകൾക്കായി ഒരിക്കൽ കൂടി ഇരിക്കേണ്ടി വരും. ജംബോ കമ്മിറ്റി വേണ്ടെന്നാണ് തുടക്കം മുതലുള്ള എന്റെ നിലപാട്. അംഗങ്ങളുടെ എണ്ണം പരമാവധി കുറച്ചാൽ മാത്രമേ കാര്യക്ഷമമായി പ്രവർത്തിക്കാനാകൂ എന്നാണ് കഴിഞ്ഞകാല അനുഭവങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. കാര്യക്ഷമമായ കമ്മിറ്റികൾ വേണമെന്ന കാര്യത്തിൽ ഇരു ഗ്രൂപ്പുകൾക്കും ഒരേ അഭിപ്രായമാണ്. പക്ഷേ, കോൺഗ്രസ് പോലുള്ള പാർട്ടിയിൽ വലിയ താത്പര്യങ്ങൾ ഉണ്ടാകും. ആരെ മാറ്റണം, ആരെ ഉൾക്കൊള്ളണം എന്നതാണ് നേതൃത്വത്തെ അലട്ടുന്ന പ്രശ്നം. അതിലൊരു തീരുമാനത്തിലെത്താൻ കഴിയാത്തതാണ് പുന:സംഘടന വെെകാൻ കാരണം. എങ്കിലും എന്റെ താത്വികമായ നിലപാടുകൾ ഗ്രൂപ്പുകൾ അംഗീകരിക്കുന്നുണ്ട്.
ഗ്രൂപ്പ് നോക്കില്ല
പാലാ കഴിഞ്ഞ് വരാൻപോകുന്ന ഉപതിരഞ്ഞെടുപ്പുകളിലും പാർട്ടിക്ക് വലിയ പ്രതീക്ഷയുണ്ട്. സ്ഥാനാർത്ഥികളെ ഗ്രൂപ്പ് നോക്കി നിറുത്തില്ല. അതുമായി ബന്ധപ്പെട്ട് യാതൊരു തരത്തിലുള്ള അനെെക്യവും അനുവദിക്കില്ല. ഒാരോ നിയമസഭാ മണ്ഡലങ്ങളിലും ഏറ്റവും അനുയോജ്യരായ സ്ഥാനാർത്ഥികളെ കണ്ടെത്തി അവരെ വിജയിപ്പിക്കുക എന്നതാണ് ലക്ഷ്യം.
അടഞ്ഞ അദ്ധ്യായം
ശശിതരൂർ പറഞ്ഞതൊന്നും പാർട്ടി ഗൗരവമായി കാണുന്നില്ല. ആ വിഷയം അടഞ്ഞ അദ്ധ്യായമാണ്. ഇനിയും ചർച്ച ചെയ്ത് ആ വിഷയത്തിൽ വിവാദമുണ്ടാക്കാൻ ഞാനോ കെ.പി.സി.സിയോ ആഗ്രഹിക്കുന്നില്ല.