നെയ്യാറ്റിൻകര: നാളികേരത്തിന്റെ നാട്ടിലെ നാളികേര കർഷക കൂട്ടായ്മക്ക് ഈ ഓണക്കാലം കൈനിറയെ കാശ് കിട്ടും കാലമാണ്. ഒപ്പം ഗുണമേന്മയുള്ള ഉത്പന്നം വിൽക്കുന്ന സംതൃപ്തിയും.
ബാലരാമപുരം, നെല്ലിമൂട് മേഖലകളിൽ രൂപീകരിക്കപ്പെട്ട നാളികേര കർഷകരുടെ കൂട്ടായ്മയാണ് ഓണക്കാലം ലക്ഷ്യമിട്ട് ഉരുക്കു വെളിച്ചെണ്ണ, തേങ്ങാപ്പാൽ, തേങ്ങാപ്പാൽപ്പൊടി തുടങ്ങി വിവിധതരത്തിലുള്ള ഉത്പന്നങ്ങൾ നിർമ്മിച്ച് വിപണിയിലെത്തിക്കുന്നത്. ഉരുക്കെണ്ണയ്ക്കാണ് വിപണിയിൽ ഏറെ പ്രിയം. കൈയ്യിൽ മോഹവില വച്ചുതരാൻ ശേഷിയുള്ള 'ഉരുക്കെണ്ണ' അഥവാ 'വെർജിൻ കോക്കനട്ട് ഓയിലിന് ' ഇനിയും വേണ്ടത്ര പ്രചാരമോ പ്രോത്സാഹനമോ ലഭിച്ചിട്ടില്ലെന്ന് കേര കർഷകർ പറയുന്നു. കാൻസർ രോഗം വരെ ഇല്ലാതാക്കാൻ തക്ക പ്രതിരോധ ശേഷി കൈവരിക്കാൻ ഉരുക്കെണ്ണ നല്ലതാണെന്ന് ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്.
ലിറ്ററിന് ശരാശരി 850 രൂപ ഇന്ത്യയിൽ ലഭിക്കുന്ന വെർജിൻ വെളിച്ചെണ്ണയ്ക്ക് രാജ്യാന്തര വിപണിയിൽ ഏകദേശം 30 ഡോളർ (രണ്ടായിരത്തോളം രൂപ) വില ലഭിക്കുന്നു.
സൗന്ദര്യവർദ്ധക ഓയിലുകൾ, ക്രീമുകൾ, മസാജ് ഓയിലുകൾ, ഷാംപൂ, ലോഷൻ എന്നിങ്ങനെ നിരവധി വസ്തുക്കളിലും വെർജിൻ കോക്കനട്ട് ഓയിൽ അടങ്ങിയിട്ടുണ്ട്.
നെല്ലിമൂട്ടിൽ പ്രവർത്തിക്കുന്ന വനിതാ സഹകരണ സംഘത്തിൽ ഉരുക്കെണ്ണയോടൊപ്പം കോക്കനട്ട് പുഡിംഗ്, ഇഞ്ചി, നാരങ്ങ, നറുനീണ്ടി, പഞ്ചസാര എന്നിവ ഉപയോഗിച്ചുള്ള സ്ക്വാഷ്, തേങ്ങാ ചമ്മന്തിപ്പൊടി എന്നിവയും ഇവിടെ നിർമ്മിക്കുന്നുണ്ട്. അയൽ സംസ്ഥാനങ്ങളിലേക്കും ഗൾഫ് നാടുകളിലേക്കും ഇവിടെ നിന്നും ഉത്പന്നങ്ങൾ കയറ്റി അയക്കുന്നുമുണ്ട്.
സാധാരണ വെളിച്ചെണ്ണയെ അപേക്ഷിച്ച് പോഷക കലവറ കൂടിയാണ് വെർജിൻ കോക്കനട്ട് ഓയിൽ. ഭക്ഷ്യ ആവശ്യങ്ങൾക്കും ഉരുക്കെണ്ണ ഉപയോഗിക്കാം. വിവിധ വിറ്റാമിനുകളും ധാതുക്കളും തുടങ്ങി സാധാരണ വെളിച്ചെണ്ണയിൽ ലഭ്യമല്ലാത്ത ആന്റി ഓക്‌സിഡന്റ് (നിരോക്‌സീകാരി), മീഡിയം ചെയിൻ ഫാറ്റി ആസിഡും വെർജിൻ വെളിച്ചെണ്ണയിൽ അടങ്ങിയിരിക്കുന്നു.
ഹൃദയം, കരൾ സംബന്ധമായ രോഗങ്ങൾ ഉണ്ടാകാനുള്ള സാദ്ധ്യത കുറയ്ക്കാൻ വെർജിൻ ഓയിൽ സഹായിക്കുമെന്നും കണ്ടെത്തിയിട്ടുണ്ട്. ദീർഘകാലം സൂക്ഷിച്ചുവയ്ക്കാം എന്നതും ഈ എണ്ണയുടെ പ്രത്യേകതയാണ്.
വളരെയേറെ ആവശ്യക്കാരുള്ള വെർജിൻ ഓയിൽ രാജ്യാന്തര വിപണിയിൽ കൂടുതലായി എത്തുന്നത് ഫിലിപ്പീൻസിൽ നിന്നുമാണ്. തൊട്ടടുത്തായി ഇന്തോനേഷ്യ, ശ്രീലങ്ക, മ്യാന്മർ എന്ന രാജ്യങ്ങളുമുണ്ട്.
എന്നാൽ നാളികേരത്തിന്റെ സ്വന്തം നാട്ടിൽ നിന്നും വാണിജ്യാടിസ്ഥാനത്തിൽ വെർജിൻ ഓയിൽ ഇനിയും എത്തിത്തുടങ്ങിയിട്ടില്ല.
ഉത്പാദനശേഷി കുറഞ്ഞ ചെറിയ യൂണിറ്റുകൾ വലിയ മുതൽമുടക്കില്ലാതെ ആരംഭിക്കാവുന്നതാണ്.
വിദേശ കയറ്റുമതി ഉൾപ്പെടെ നല്ല രീതിയിൽ മുന്നേറാൻ കഴിയുന്ന വ്യവസായമാണ് ഉരുക്കെണ്ണ നിർമ്മാണമെന്ന് നെല്ലിമൂട് വനിതാ സഹകരണ സ്ഥാപക പ്രസിഡന്റ് നെല്ലിമൂട് പ്രഭാകരൻ പറയുന്നു.