kamalajasya

തിരുവനന്തപുരം: സ്വാതി തിരുനാൾ അനന്തശായിയായ ഭഗവാനെ കണ്ടെഴുതിയ കൃതിയെന്ന് പേരുകേട്ട 'കമലജാസ്യ" നൃത്തരൂപത്തിൽ അരങ്ങിലെത്തുന്നു.

കാലടി സംസ്​കൃത സർവകലാശാലയിലെ നൃത്തവിഭാഗം മുൻ മേധാവി സി. വേണുഗോപാലിന്റെ നേതൃത്വത്തിൽ അഭിനയത്തിനും നൃത്തത്തിനും പ്രാധാന്യം നൽകിയാണ് 'കമലജാസ്യ' രംഗത്തെത്തുന്നത്. അദ്ദേഹത്തിന്റെ പൂർവ വിദ്യാർത്ഥികൾ ഇത്​ ഗുരുദക്ഷിണയായി സമർപ്പിക്കുന്നു. ഈ മാസം 15 ന് ഗുരുവായൂരപ്പന്റെ സന്നിധിയിലാണ് ആദ്യാവതരണം. ഒന്നര മണിക്കൂറാണ് ദൈർഘ്യം.
മത്സ്യാവതാരം മുതൽ കൽക്കി അവതാരം വരെയുള്ള വിശദമായ വർണനയോടെയുള്ള 'കമലജാസ്യ' രാഗമാലികയിലാണ് (കർണാടക സംഗീതക്കച്ചേരികളിൽ സമുന്നത സ്ഥാനം നേടിയിട്ടുള്ള ഗാനരൂപം) ചിട്ടപ്പെടുത്തിയിരിക്കുന്നത്. നൃത്ത, നൃത്യ, നാട്യ സങ്കല്പവും പരമ്പരാഗത ഭരതനാട്യ സമ്പ്രദായവും സമന്വയിപ്പിച്ചാണ് കമലജാസ്യ ഒരുക്കിയിരിക്കുന്നത്. തൃപ്പൂണിത്തറ ചിദംബരം നൃത്ത വിദ്യാലയമാണ് പരിശീലനക്കളരി.
കാലടി സർവകലാശാലയിലെ 2012 ബാച്ചിലെ എം.എ ഭരതനാട്യം വിദ്യാർത്ഥികളായിരുന്ന കലാമണ്ഡലം നയന ജി. നാഥ്, നേമം സന്തോഷ് കുമാർ, കലാമണ്ഡലം മീനു വിജയ്, കലാമണ്ഡലം ഷംന ശങ്കർ, കലാമണ്ഡലം വിനയ ദിവാകരൻ, സുമ ശരത്ത്, ശ്രീജ രഞ്ജിത്ത്, അമല ചിന്നപ്പൻ, സഹേഷ് സഹദേവൻ, അശ്വനി ഗോപാൽ എന്നിവരാണ് ഗുരുവിനായി വീണ്ടും ഒരുമിക്കുന്നത്. അരങ്ങിൽ 11 പേരും പക്കമേളക്കാർ 6 പേരുമാണ് ഉള്ളത്.


കമലജാസ്യ
സ്വാതി തിരുനാൾ എഴുതി തഞ്ചാവൂർ സഹോദരന്മാർ ചിട്ടപ്പെടുത്തിയ ഏറ്റവും പ്രധാന കൃതി. അനന്തപദ്മനാഭനെ വണങ്ങി ആരംഭിക്കുന്ന കൃതി വിശദമായ ദശാവതാര വർണനയിലൂടെ കടന്നുപോകുന്നു. സ്വാതി കൃതികളിൽ ദൈർഘ്യമേറിയതും പക്കമേളങ്ങളുടെ സാദ്ധ്യത കൂടുതൽ ഉപയോഗിക്കുകയും ചെയ്തിട്ടുള്ള കൃതി.