1

തിരുവനന്തപുരം: ആട്ടോ റിക്ഷയിൽ എത്തിയ സംഘം യുവാവിനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി കൊടിമരത്തിൽ കെട്ടിയിട്ട് മർദ്ദിച്ചു. 8 പേർ അറസ്റ്റിലായി. പ്രതികളിൽ നിന്ന് വാളും കത്തിയും കണ്ടെടുത്തുവെന്ന് പൊലീസ് പറഞ്ഞു. വിഴിഞ്ഞം ടൗൺഷിപ്പ് കോളനിയിൽ ഫൈസൽ (23)നെയാണ് വീട്ടിൽ നിന്നു വിളിച്ചിറക്കി കൊണ്ടുപോയി വിഴിഞ്ഞം തിയേറ്റർ ജംഗ്ഷനിലെ ഡിവൈ.എഫ്.ഐ യുടെ കൊടിമരത്തിൽ കെട്ടിയിട്ട് നാട്ടുകാരുടെ മുന്നിൽവച്ച് മർദ്ദിച്ചത്. ഇന്നലെ രാവിലെ 11 മണിയോടെ നടന്ന സംഭവത്തിൽ വിഴിഞ്ഞം സ്വദേശികളായ ഷാഫി (26), കണ്ണൻ (23), ഇസ്മയിൽ (21), ഹാഷിം (29), ആഷിക് (29), അജ്മൽ (24), സജിൽ (22),ഫിറോസ് (22) എന്നിവരെ വിഴിഞ്ഞം പൊലീസ് അറസ്റ്റു ചെയ്തു. കൊടിമരത്തിൽ കെട്ടിയിട്ട് മർദ്ദിച്ച സംഭവത്തെ തുടർന്ന് ഡിവൈ.എഫ്.ഐ എൽ.സി സെക്രട്ടറി കബീർ വിഴിഞ്ഞം പൊലീസിൽ മറ്റൊരു പരാതിയും നൽകിയിട്ടുണ്ട്. എട്ടംഗ സംഘത്തിലെ ഒരാളെ ഫൈസൽ മുൻപ് ആക്രമിച്ചിരുന്നു അതിന് വിഴിഞ്ഞം പൊലീസ് കേസെടുത്തിരുന്നു. ഈ സംഭവത്തിന്റെ തുടർച്ചയായാണ് ഇന്നലത്തെ സംഭവമെന്ന് പൊലീസ് പറഞ്ഞു. യുവാവിനെ കൊടിമരത്തിൽ കെട്ടിയിട്ട് മർദ്ദിക്കുന്നതായി നാട്ടുകാർ വിളിച്ചറിയിച്ചതിനെ തുടർന്ന് വിഴിഞ്ഞം പൊലീസ് ഇൻസ്പെക്ടർ എസ്.ബി. പ്രവീണിന്റെ നേതൃത്വത്തിൽ

സ്ഥലത്തെത്തിയ വിഴിഞ്ഞം എസ്.ഐ.എസ്.എസ്. സജി, സിവിൽ പൊലീസുകാരായ അജികുമാർ, കൃഷ്ണകുമാർ, ജോസ്, ഗോപു കൃഷ്ണൻ എന്നിവരാണ് പ്രതിയെ പിടികൂടിയത്. പ്രതികളെ കോടതി റിമാന്റ് ചെയ്തു.