ബാലരാമപുരം: മദ്യപാനം ചോദ്യം ചെയ്‌തതിനെ തുടർന്ന് അയൽക്കാർ തമ്മിലുണ്ടായ സംഘർഷത്തിനിടെ കല്ലേറിൽ പരിക്കേറ്റ കൈത്തറിത്തൊഴിലാളിക്ക് ദാരുണാന്ത്യം. തേമ്പാമുട്ടം തുമ്പോട്ടുകോണത്തിന് സമീപം പാറയ്ക്കോണത്തു വീട്ടിൽ കരുണാകരനാണ് (71) മരിച്ചത്. സംഭവത്തിൽ അയൽവാസികളായ സന്തോഷ് (40), പ്രവീൺ (21) എന്നിവരെ ബാലരാമപുരം പൊലീസ് അറസ്റ്റ് ചെയ്‌തു. ഞായറാഴ്‌ച വൈകിട്ടായിരുന്നു സംഭവം.
മദ്യപിച്ചെത്തിയ കരുണാകരനോട് അസഭ്യം പറയരുതെന്ന് നാട്ടുകാരിൽ ചിലർ വിലക്കിയിരുന്നു. ഇത് അയൽവാസികളായ പ്രവീണും സന്തോഷും ഏറ്റെടുത്തതോടെ പ്രശ്‌നം വഷളായി. തുടർന്നാണ് പ്രവീണും സന്തോഷും കരുണാകരനെ കല്ലെറിഞ്ഞത്. തുടർന്ന് കരുണാകരൻ വീട്ടിലേക്ക് കയറിയെങ്കിലും അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് വീട്ടുകാർ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
ഗുരുതരമായി പരിക്കേറ്റ കരുണാകരനെ ജനറൽ ആശുപത്രിയിൽ നിന്ന് മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും ഇന്നലെ പുലർച്ചെ മരിച്ചു. മൃതദേഹം പോസ്റ്റ് മോർട്ടത്തിനു ശേഷം വീട്ടുകാർക്ക് വിട്ടുകൊടുത്തു. ഭാര്യ: ലില്ലി. മക്കൾ: ബീന, ബിന്ദു, ബിനു (ഗൾഫ്). മുമ്പ് തുമ്പോട്ടുകോണത്ത് താമസിച്ചിരുന്ന സന്തോഷ് സാധനങ്ങൾ വാങ്ങാനായി ഭാര്യാ മാതാവിന്റെ വീട്ടിലെത്തിയതായിരുന്നു.