തിരുവനന്തപുരം: അനന്തപുരിക്ക് ഇനി ഓണാഘോഷത്തിന്റെ ഉറക്കമില്ലാത്ത ഏഴു നാളുകൾ. കഴിഞ്ഞ വർഷം ഓണാഘോഷം ഉപേക്ഷിക്കേണ്ടി വന്നതിന്റെ ക്ഷീണം തീർക്കുന്ന തരത്തിലുള്ള കലാപരിപാടികളാണ് കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ അരങ്ങേറിയത്. വൈകിട്ട് 5 മണിയോടെ ആരംഭിച്ച കലാമണ്ഡലം ശിവദാസിന്റെ നേതൃത്വത്തിലുള്ള ചെണ്ടമേളത്തിന് പിന്നാലെ കേരളത്തിന്റെ തനത് നൃത്തകലകൾ സമന്വയിപ്പിച്ച നൃത്തവിരുന്നും നടന്നു. 6.45ന് മുഖ്യമന്ത്രി പിണറായി വിജയൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. തുടർന്ന് മലയാളത്തിന്റെ വാനമ്പാടി കെ.എസ്.ചിത്രയുടെ ശ്രുതിമധുര സംഗീതത്തിന് വഴിമാറിയതോടെ നിശാന്ധിയിൽ തിങ്ങിനിറ‍ഞ്ഞ സദസ് സംഗീതനിർവൃതിയലലിഞ്ഞു.

ചലച്ചിത്ര താരങ്ങളും കലാകാരന്മാരും തിങ്ങിനിറഞ്ഞ വേദിയിൽ മുഖ്യാതിഥികളായെത്തിയ നടൻ ടൊവിനോ തോമസും പ്രളയദുരിതാശ്വസ പ്രവർത്തനത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച തലസ്ഥാനത്തിന്റെ സ്വന്തം മേയർ വി.കെ. പ്രശാന്തുമാണ് ഏറെ കൈയടി നേടിയത്. ഭീകരമായി പ്രസംഗിച്ച് ശീലമില്ലെന്നും അതിന് അറിയുകയുമില്ലെന്നു പറഞ്ഞ് സംസാരിച്ചു തുടങ്ങിയ ടൊവിനോ,​ തിരുവനന്തപുരം നഗരത്തിലെ തന്റെ മുൻകാല ജീവിതം ഓർത്തെടുത്തു. ഐ.ടി കമ്പനിയുടെ അഭിമുഖത്തിനായെത്തി ആദ്യറൗണ്ടിൽ തന്നെ പുറത്തായ താൻ,​ സിനിമയാണ് തന്റെ മേഖലയെന്ന് തിരിച്ചറിഞ്ഞത് അനന്തപുരയിൽ വച്ചാണെന്ന് വെളിപ്പെടുത്തി. ആദ്യ സിനിമയുടെ സ്വിച്ച്ഓൺ കർമ്മവും ഇവിടെവച്ചായിരുന്നു. തന്റെ ജീവിതത്തിലെ പല കാലങ്ങളെ അടയാളപ്പെടുത്തിയതും ഈ നഗരമാണ്. സാധാരണ സന്തോഷത്തിന്റെ ആഘോഷമാണ് ഓണം. എന്നാൽ രണ്ട് വർഷമായി അത് ദുരന്തങ്ങളുടേതാണ്. എന്നാൽ,​ ഇത്തവണത്തെ ഓണം അതിജീവനത്തിന്റെയും സാഹോദര്യത്തിന്റേതുമാണ്. വരും വർ‌ഷങ്ങളിൽ ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കട്ടെയെന്നും എല്ലാവർക്കും എന്നും ഓണമായിരിക്കട്ടെ എന്നും ടൊവിനോ ആശംസിച്ചു. തുടർന്ന് സംസാരിച്ച കീർത്തി സുരേഷ് 'മാവേലി നാടുവാണീടുംകാലം' എന്ന പാട്ടിലൂടെ സദസിനെ കൈയിലെടുത്തു. സ്കൂളിൽ പഠിക്കുന്ന കാലത്ത് ഓണാഘോഷം കാണാൻ വന്നിരുന്ന താൻ ഇന്ന് മുഖ്യാതിഥിയായി ഈ വേദിയിലിരിക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്നും കീർത്തി പറഞ്ഞു.

മന്ത്രി കടകംപള്ളി സുരേന്ദ്രൻ അദ്ധ്യക്ഷനായി. സ്‌പീക്കർ പി.ശ്രീരാമകൃഷ്ണൻ, മന്ത്രി രാമചന്ദ്രൻ കടന്നപള്ളി,​ വി.എസ്.ശിവകുമാർ എം.എൽ.എ,​ കെ.ടി.ഡി.സി ചെയർമാൻ എം.വിജയകുമാർ,​ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു,​ കൗൺസില‌ർ പാളയം രാജൻ,​ ടൂറിസം ഡയറക്ടർ ബാലകിരൺ,​ സെക്രട്ടറി റാണി ജോർജ് തുടങ്ങിയവർ പങ്കെടുത്തു. 29 വേദികളിലായി 16 വരെ നടക്കുന്ന പരിപാടികളിൽ അയ്യായിരത്തിലേറെ കലാകാരന്മാർ അണിനിരക്കും.