തിരുവനന്തപുരം: ദക്ഷിണേന്ത്യയിൽ ഭീകരാക്രമണത്തിന് സാദ്ധ്യതയുണ്ടെന്ന മുന്നറിയിപ്പിനെത്തുടർന്ന് തലസ്ഥാനം അതീവജാഗ്രതയിൽ. ഓണം വാരാഘോഷം നടക്കുന്ന വേദികളിലെല്ലാം സുരക്ഷ ശക്തമാക്കി. വേദികൾക്ക് സമീപം ഡോഗ്, ബോംബ് സ്‌ക്വാഡുകളുടെ പരിശോധനയുണ്ടാകും. നഗരത്തിൽ 25 വേദികളിലാണ് ഓണാഘോഷം നടക്കുന്നത്. പ്രധാനവേദിയായ കനകക്കുന്ന് പൊലീസിന്റെ സി.സി ടി.വി നിരീക്ഷണത്തിലായിരിക്കും. പ്രധാനപാതകളിലും വേദികളിലുമെല്ലാം സി.സി ടിവി കാമറകളുണ്ട്.
ജനങ്ങൾ കൂട്ടമായെത്തുന്നിടങ്ങളിലും ആഘോഷവേദികൾക്ക് സമീപവും കർശന സുരക്ഷ ഏർപ്പെടുത്താൻ ഡി.ജി.പി ലോക്നാഥ് ബെഹ്റ നിർദ്ദേശിച്ചു. ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ, വിമാനത്താവളങ്ങൾ എന്നിവിടങ്ങളിലും സുരക്ഷ ശക്തമാക്കി. സംശയാസ്‌പദമായ സാഹചര്യങ്ങളോ വസ്‌തുക്കളോ ശ്രദ്ധയിൽപ്പെട്ടാൽ 112 എന്ന നമ്പരിലോ പൊലീസ് മേധാവിയുടെ കൺട്രോൾ റൂമിലോ (0471 2722500) അറിയിക്കണമെന്ന് ഡി.ജി.പി അഭ്യർത്ഥിച്ചു. നിരീക്ഷണത്തിനായി തലസ്ഥാനത്ത് 160കാമറകൾ താത്കാലികമായി സ്ഥാപിച്ചു. മ്യൂസിയം പരിസരം, പബ്ലിക് ഓഫീസ് പരിസരം എന്നിവിടങ്ങളിലെല്ലാം കാമറകൾ സ്ഥാപിച്ചു.
നഗരത്തിലെ റോഡുകളിൽ 18 കേന്ദ്രങ്ങളിൽ പരിശോധന തുടങ്ങി. സംശയകരമായിക്കാണുന്ന എല്ലാ വാഹനങ്ങളും പരിശോധിക്കും. വാരാഘോഷം അവസാനിക്കുന്നതുവരെ ഇത് തുടരും. 1040 പൊലീസുകാരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുള്ളത്. ആറ് അസി. കമ്മിഷണർമാർ, 22 സി.ഐ.മാർ, ആറ് വനിതാ എസ്.ഐമാർ എന്നിവരുണ്ടാകും. നാല് പിങ്ക് പട്രോളിംഗ് വാഹനങ്ങളും കൺട്രോൾ റൂം വാഹനങ്ങളും നഗരത്തിൽ റോന്തുചുറ്റും.
ആളുകളെ ബുദ്ധിമുട്ടിക്കുന്ന പരിശോധനകളുണ്ടാവില്ലെന്നും പരിഭ്രാന്തി വേണ്ടെന്നും ഡി.ജി.പി ലോക്നാഥ് ബെഹ്റ പറഞ്ഞു.