പാറശാല: ഊരമ്പിന് സമീപം കരിമരത്ത് ജസ്റ്റിൻദാസിന്റെ കോഴിക്കൂടിന് തീ പിടിച്ച് അറുന്നൂറിലധികം കോഴിക്കുഞ്ഞുങ്ങൾ വെന്ത് ചത്തു.
3500 അടി വിസ്തീർണ്ണമുള്ള കോഴിപ്പുരയ്ക്കാണ് ഇന്നലെ വെളുപ്പിന് തീ പിടിച്ചത്.കേരള പൗൾട്രി ഡെവലപ്മെന്റ് കോർപ്പറേഷന്റെ കോഴിക്കുഞ്ഞുങ്ങളെ വളർത്തി തിരികെ ഏൽപ്പിക്കുന്ന പദ്ധതിയിലൂടെ ലഭിച്ച ബി.വി.പി 80 ഇനത്തിൽപെട്ട 15 ദിവസത്തോളം പ്രായമുള്ള കോഴികുഞ്ഞുങ്ങളാണ് ചത്തത്.
കുഞ്ഞുങ്ങളെ 45 ദിവസം വളർത്തി തിരികെ ഏൽപ്പിക്കുമ്പോൾ കുഞ്ഞ് ഒന്നിന് 7 രൂപ നിരക്കിൽ കൂലി ലഭിക്കും.ഇതിലേക്കായി 15 ലക്ഷത്തോളം രൂപ വായ്പ എടുത്തിരുന്നതായി പറയുന്നു.കോഴി വളർത്തുകേന്ദ്രത്തിലെ ഷോർട്ട് സർക്യൂട്ട് ആണ് തീപിടിത്തത്തിന് കാരണം. കൂടിന്റെ ഒരുഭാഗത്ത് തീ പടർന്നതോടെ നാട്ടുകാരും അയൽവാസികളും എത്തി തീ അണച്ചത് കാരണം 2000 കുഞ്ഞുങ്ങൾ രക്ഷപ്പെട്ടു.കെപ്കോ അധികൃതരും പൊഴിയൂർ പൊലീസും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.