എൻ .കൃഷ്ണപിള്ളയുടെ ധന്യസ്മരണയ്ക്ക് 31 വയസ്. 1988 ജൂലായ് 10, മരണമില്ലാത്ത മലയാളത്തിന്റെ മഹാകഥ പറഞ്ഞ ഗുരുനാഥൻ സാംസ്കാരികാചാര്യൻ എൻ. കൃഷ്ണപിള്ള അന്തരിച്ചു. നട്ടുച്ചയ്ക്ക് ഒരസ്തമയം പോലെയായിരുന്നു, എൻ. കൃഷ്ണപിള്ളയുമായി അടുപ്പമുള്ളവർക്കെല്ലാം ആ വിയോഗം. ആ ദുഃഖസ്മരണയെ കർമ്മവീര്യമാക്കിയ ശിഷ്യത്വം സുഹൃത്തുക്കളും കുടുംബാംഗങ്ങളും ചേർന്ന് തിരുവനന്തപുരത്ത് സ്മൃതി മണ്ഡപം പണിതുയർത്തി, പ്രൊഫ. എൻ. കൃഷ്ണപിള്ള, ഫൗണ്ടേഷൻ. എൻ. കൃഷ്ണപിള്ള. (1916-88) അദ്ധ്യാപകൻ, നാടകകൃത്ത്, ഗവേഷകൻ, സാഹിത്യചരിത്രകാരൻ, വിമർശകൻ, ബാല സാഹിത്യകാരൻ, പ്രഭാഷകൻ, ആദർശധീരൻ ഇതിലുപരി മനുഷ്യ സ്നേഹിയുമായിരുന്നു. പഠിച്ച ശിവഗിരി സ്കൂളിലും യൂണിവേഴ്സിറ്റി കോളേജിലും പഠിപ്പിക്കാൻ സൗഭാഗ്യം ലഭിച്ചു അദ്ദേഹത്തിന്. യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് 1972ൽ വിരമിച്ചശേഷം സർവകലാശാലാ മലയാളം വകുപ്പിലും വിദ്യാധിരാജാ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് പോസ്റ്റ് ഗ്രാഡ്വേറ്റ് സ്റ്റഡീസിലും അദ്ധ്യാപകനായിരുന്നു. തന്റെ ജീവിത വിജയത്തിന്റെ നാരായവേര് എന്നാണദ്ദേഹം അദ്ധ്യാപകവൃത്തിയെ വിശേഷിപ്പിച്ചത്. ഗവേഷണ ബിരുദമില്ലാതെ ഗവേഷണത്തിനു മാർഗനിർദ്ദേശം നൽകാൻ കേരള സർവകലാശാലയുടെ അംഗീകാരം ലഭിച്ച ചുരുക്കം ചില അദ്ധ്യാപക ശ്രേഷ്ഠരിൽ ഒരാളാണദ്ദേഹം.
മലയാള നാടകത്തിന്റെ ജാതകം തിരുത്തിയ നാടക കൃത്താണ് എൻ. കൃഷ്ണപിള്ള. പ്രേക്ഷകരെ അല്പനേരം ഇക്കിളിപ്പെടുത്തുകയും ചിരിപ്പിക്കുകയും മാത്രം ചെയ്തുപോന്ന മലയാള നാടകവേദിയെ ഭാവഗൗരവത്തിന്റെ സൂചിമുനയിൽ നിറുത്തിയത് അദ്ദേഹമാണ്. 1942ൽ പ്രസിദ്ധീകരിക്കുകയും അരങ്ങേറുകയും ചെയ്ത 'ഭഗ്ന ഭവന"മാണ് ചിരിച്ചും രസിച്ചും വന്നിരുന്ന പ്രേക്ഷകരെ അക്ഷരാർത്ഥത്തിൽ കരയിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ആദ്യമലയാള നാടകം. എൻ. കൃഷ്ണപിള്ളയുടെ സുഹൃത്തും നാടകപ്രാണനുമായ പി.കെ. വിക്രമൻ നായരുടെയും അസാധാരണമായ കൂട്ടുകെട്ടാണ് ആ പുതിയ ചരിത്രം സൃഷ്ടിച്ചത്.
എൻ. കൃഷ്ണപിള്ളയുടെ വിമർശനത്തിന്റെ പ്രകാശ ഗോപുരമാണ് 'പ്രതിപാത്രം ഭാഷണ ഭേദം"എന്ന ഗ്രന്ഥം. സി.വി. രാമൻപിള്ള എന്ന അതുല്യനായ നോവലിസ്റ്റിന്റെ അദ്ഭുത പ്രതിഭയെ സൗഭാഗ്യ രഹസ്യങ്ങൾ, അദ്ദേഹത്തിന്റെ ശൈലീ വല്ലഭത്വത്തിന്റെ വെളിച്ചത്തിൽ തിരയുന്ന ഈ കൃതി, ഒരേ സമയം എൻ. കൃഷ്ണപിള്ളയുടെ മാഗ്നം ഓപ്പസും മലയാള നിരൂപണത്തിന്റെ ഗിരിശൃംഗവുമായിരിക്കുന്നു. കൈരളിയുടെ കഥ എന്ന സാഹിത്യ ചരിത്രഗ്രന്ഥം 'നിരൂപണത്തിന്റെ കൂട്ടത്താക്കോൽ"എന്ന് വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്.
മലയാള സാഹിത്യത്തെ സമഗായി ദർശിക്കുന്ന ആദ്യത്തെ മലയാള സാഹിത്യ ചരിത്രഗ്രന്ഥമാണ് എൻ. കൃഷ്ണപിള്ളയുടെ കൈരളിയുടെ കഥ. 'സരള മനോഹരമായ ശൈലി, കഥാഖ്യാനത്തിന് കാന്തി പ്രകർഷമണയ്ക്കുന്ന ഭാവാത്മകത, സന്തുലിതമായ അംഗോപാംഗ ഘടന, സുഭപ്രമായ മൂല്യ വിവേചന പാടവം, ശ്രോതാവിനെ പിടിച്ചിരുത്തുന്ന ആഖ്യാനം കഥയിൽ ആഖ്യാതാവിനുള്ള ആത്മലയം മുതലായ എല്ലാ ഉത്കർഷങ്ങളും തികഞ്ഞ ഒരു സാഹിത്യ ചരിതി സംക്ഷേപം എന്നാണ് ഡോ. എം. ലീലാവതി 'കൈരളിയുടെ കഥ'യെ വിശേഷിപ്പിക്കുന്നത്.
'കൈരളിയുടെ കഥ"യും ബാലസാഹിത്യമായിട്ടാണ് ആദ്യം പുറത്തുവന്നത്. ഇതിനു പുറമേ നമ്മുടെ ആഘോഷങ്ങൾ, ബിന്ദുക്കൾ, ഭാവദർപ്പണം, സീതാപരിത്യാഗം, മൗലികാവകാശങ്ങൾ, സമ്പൂർണ ജീവിതം, ഇരുളും വെളിച്ചവും എന്നിങ്ങനെ ഏഴു ബാലസാഹിത്യകൃതികൾ എൻ. കൃഷ്ണപിള്ള രചിച്ചു. ഉത്തമബാല സാഹിത്യം എന്നാൽ ബാലന്മാരെ ഉത്തമരാക്കാൻ പറ്റുന്ന സാഹിത്യം എന്നാണ് കൃഷ്ണപിള്ള അർത്ഥമാക്കുന്നത്. തിരുവനന്തപുരം നഗരത്തിൽ തിരക്കു പിടിച്ച ജീവിതം നയിക്കുമ്പോഴും ജന്മദേശമായ മുത്താന ഗ്രാമം ഹൃദയത്തിൽ സൂക്ഷിച്ച സാധാരണ മനുഷ്യനായിരുന്നു അദ്ദേഹം. വിജ്ഞാനത്തിന്റെ അഗാധതയ്ക്കൊപ്പം അതു പകരുന്നതിനുള്ള മഹാ മനസ്കതയും അദ്ദേഹത്തിനുണ്ടായിരുന്നു. സത്യധർമ്മാധിഷ്ഠിതമായ ആ ജീവിതം ഒരു പ്രാർത്ഥനാഗീതം പോലെ മധുരവും മനോഹരവും ഭക്തിസാന്ദ്രവുമായിരുന്നു.
(എൻ. കൃഷ്ണപിള്ളയുടെ ശിഷ്യനും പ്രൊഫ. എൻ. കൃഷ്ണപിള്ള ഫൗണ്ടേഷന്റെ സെക്രട്ടറിയുമാണ് ലേഖകൻ)