jobs

തിരുവനന്തപുരം : പി.എസ്.സി പരീക്ഷകൾ മലയാളത്തിൽ നടത്തണമെന്നാവശ്യപ്പെട്ട് പി.എസ്.സി ആസ്ഥാനത്തിന് മുന്നിൽ സംയുക്ത സമരസമിതി നടത്തുന്ന നിരാഹാര സമരം പതിമ്മൂന്ന് ദിവസം പിന്നിട്ടു. സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തിരുവോണദിവസമായ ഇന്ന് കവയിത്രി സുഗതകുമാരി ഉപവസിക്കും. സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ, പ്രൊഫ.വി.മധുസൂദനൻ നായർ എന്നിവരും തിരുവോണദിനത്തിൽ സമരപ്പന്തലിലെത്തും .

ഇന്നലെ സമരപ്പന്തൽ കവികളുടെ സംഗമവേദിയായി. കവി വീരാൻകുട്ടി ഉപവാസ സമരത്തിനു തുടക്കം കുറിച്ചു. അൻവർ അലി, കെ.ആർ. ടോണി, പി. രാമൻ, പി.എൻ. ഗോപീകൃഷ്ണൻ, മനോജ് കുറൂർ,വിനു എബ്രഹാം,എം.ആർ. അനിൽകുമാർ, അസീം താന്നിമൂട്, ഗിരീഷ് പുലിയൂർ, ഡോ. മനോജ് വെള്ളനാട്, അമൽ, വി. ഷിനിലാൽ, വിനോദ് വൈശാഖി, അമ്മു ദീപ, എസ്. രാഹുൽ, സാജോ പനയംകോട്, ഡി. അനിൽകുമാർ, അരുൺ സമുദ്ര, ആദിൽ മഠത്തിൽ, കാർത്തിക് .കെ, ജഗദീഷ് കോവളം തുടങ്ങിയവർ ഉപവാസത്തിൽ പങ്കെടുത്തു സംസാരിച്ചു. എഴുത്തുകാരുടെയും സാംസ്‌കാരിക പ്രവർത്തകരുടെയും ഉപവാസം തിരുവോണ ദിനത്തിലും തുടരും. പി.എസ്.സി പരീക്ഷയുടെ ചോദ്യങ്ങൾ മലയാളത്തിലും വേണമെന്ന ആവശ്യമുന്നയിച്ചു നടക്കുന്ന സമരത്തോട് പി.എസ്.സി അധികൃതർ നിഷേധാത്മക നിലപാടാണ് സ്വീകരിച്ചു കാണുന്നത്. ചോദ്യങ്ങൾ മലയാളത്തിലാക്കിയാൽ ചോരുമെന്ന പരിഹാസ്യമായ തടസവാദം ഉന്നയിക്കുകയും ചെയ്യുന്നു. സ്വന്തം നാട്ടിൽ സർക്കാർ തസ്തികയിലേക്കു നടക്കുന്ന പി.എസ്.സി പരീക്ഷയിൽ മാതൃഭാഷയിൽ കൂടി ചോദ്യങ്ങൾ വേണമെന്ന ആവശ്യമുന്നയിച്ച് ഇങ്ങനെയൊരു പ്രക്ഷോഭം നടത്തേണ്ടിവരുന്നു എന്നതുതന്നെ നാടിന് അപമാനകരമാണെന്ന് എഴുത്തുകാർ പറഞ്ഞു. ആർക്കിടെക്ട് ജി.ശങ്കർ സമരത്തെ അഭിവാദ്യം ചെയ്യാനെത്തിയിരുന്നു.

ചോദ്യപേപ്പറുകൾ മലയാളത്തിലാക്കുന്നത് സംബന്ധിച്ച് പി.എസ് .സി യുമായി ചർച്ച നടത്തുമെന്ന മുഖ്യമന്ത്രിയുടെ വാക്കുകളിൽ സമരസമിതി പ്രതീക്ഷയിലാണ്. ആവശ്യം അംഗീകരിച്ചുകിട്ടുന്നതുവരെ സമര രംഗത്തു തുടരാനാണ്‌ സമരസമിതിയുടെ തീരുമാനം.

പി.എസ്.സി യുമായി 16ന് മുഖ്യമന്ത്രി ചർച്ച നടത്തും

പി എസ് സി പരീക്ഷയുടെ ചോദ്യക്കടലാസുകൾ ഇംഗ്ലീഷിനൊപ്പം മലയാളത്തിലും വേണമെന്ന ആവശ്യം സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ 16 ന് തിങ്കളാഴ്ച പി.എസ്.സി യുമായി ചർച്ചനടത്തും. ഈ പ്രശ്നം സംബന്ധിച്ച് പി.എസ്.സി അധികാരികളുമായി സംസാരിക്കുമെന്ന് 7 ന്‌ചേർന്ന ഔദ്യോഗിക ഭാഷാ ഉന്നതതല യോഗത്തിൽ മുഖ്യമന്ത്രി അറിയിച്ചിരുന്നു. തുടർച്ചയായി അവധി വന്നതുകൊണ്ടാണ് ചർച്ച 16ലേക്ക് നീണ്ടത്.