തിരുവനന്തപുരം: 'ഇത്രമേൽ സന്തോഷം നൽകിയ ഒരു ഓണാനുഭവം 45 വർഷത്തിനിടെ എനിക്കുണ്ടായിട്ടില്ല' മലയാള സിനിമയിലെ തിരക്കേറിയ കലാസംവിധായകനായിരുന്ന രാധാകൃഷ്ണന്റെ വാക്കുകൾ ഇടറി. തലസ്ഥാന നഗരത്തിലെ ഒരു ലോഡ്ജിന്റെ മൂലയിൽ ഒറ്റപ്പെട്ട് ജീവിതം തള്ളിനീക്കുന്ന രാധാകൃഷ്ണന് ഓണക്കോടിയുമായി സംവിധായകൻ എം.എ. നിഷാദ് എത്തിയപ്പോൾ അദ്ദേഹത്തിന്റെ കണ്ണുകൾ നിറഞ്ഞു. 'ഞാനിവിടെയുണ്ടെന്ന് താനെങ്ങനെ കണ്ടുപിടിച്ചു?. ആരോരുമില്ലാത്ത എനിക്കെന്ത് ഓണം?' സന്തോഷവും സങ്കടവും ഒക്കെ ചേർന്ന ചോദ്യങ്ങൾ.
കമലഹാസൻ, സുകുമാരൻ, ലക്ഷ്മി എന്നിവർ മുഖ്യവേഷങ്ങളിൽ അഭിനയിച്ച് 1982ൽ പുത്തിറങ്ങിയ അന്തിവെയിലിലെ പൊന്ന് എന്ന ഹിറ്റ് സിനിമയുടെ സംവിധായകനാണ് ഈ രാധാകൃഷ്ണൻ. ന്യൂ തിയേറ്ററിന് പിറകിലെ ഒറ്റമുറിയിലാണ് കുറേക്കാലമായി രാധാകൃഷ്ണന്റെ ജീവിതം.
സിനിമാ ജീവിതത്തെക്കുറിച്ച് താനെഴുതുന്ന പുസ്തകത്തിന്റെ ഭാഗമായി നടത്തിയ അന്വേഷണത്തിലാണ് രാധാകൃഷ്ണന്റെ താമസസ്ഥലം കണ്ടെത്തിയതെന്ന് അന്തിവെയിലിലെ പൊന്ന് എന്ന സിനിമയിലെ ബാലതാരം കൂടിയായിരുന്ന എം.എ. നിഷാദ് പറഞ്ഞു. കെ.പി.എ.സി ലളിതയുടെ മകനായാണ് ആ ചിത്രത്തിൽ നിഷാദ് അഭിനയിച്ചത്.
കലാസംവിധായകനായി തിളങ്ങിനിന്ന കാലത്താണ് അന്തിവെയിലിലെ പൊന്ന് സംവിധാനം ചെയ്യുന്നതിനെക്കുറിച്ച് രാധാകൃഷ്ണൻ ആലോചിച്ചത്. അന്ന് മലയാളത്തിലും തമിഴിലും കമലഹാസൻ താരമായി വളരുകയാണ്. ആ സിനിമയിലെ വേഷം കമലഹാസൻ ചോദിച്ചുവാങ്ങിയെങ്കിലും അദ്ദേഹം അഭിനയിക്കാനെത്തുമോയെന്ന് ആശങ്ക പലർക്കും ഉണ്ടായിരുന്നു. എന്നാൽ, എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് ഒരു ഹിന്ദി സിനിമയുടെ സെറ്റിൽ നിന്ന് മേക്കപ്പോടെ കമലഹാസൻ വിമാനത്തിൽ കയറി തന്റെ സിനിമയുടെ ചെന്നൈയിലെ ലൊക്കേഷനിലെത്തുകയായിരുന്നുവെന്ന് രാധാകൃഷ്ണൻ പറഞ്ഞു. ആ പടത്തിനുശേഷം വീണ്ടും ഒരു പടത്തിനുകൂടി കാൾഷീറ്റ് നൽകിയാണ് കമലഹാസൻ മടങ്ങിയത്. ചില സാങ്കേതിക കാരണങ്ങളാൽ ആ ചിത്രം പൂർത്തിയായില്ല. പിന്നീട് മലയാള സിനിമ പതുക്കെ രാധാകൃഷ്ണനെ മറന്നു. അവിവാഹിതനായ രാധാകൃഷ്ണൻ ആരോടും പരിഭവം പറയാതെ ജീവിതം തന്നിലേക്ക് മാത്രം ഒതുക്കി.
അടുത്തകാലത്ത് ദിലീപ് നായകനായി അഭിനയിക്കുന്ന പ്രൊഫ. ഡിങ്കൻ എന്ന ത്രീഡി സിനിമയിലേക്ക് കലാസംവിധായകന്റെ അസിസ്റ്റന്റായി വിളിവന്നു. ജീവിത പ്രാരാബ്ധം മറികടക്കാൻ അതേറ്റെടുത്തു. ആ സിനിമയും ഇതുവരെ പൂർത്തിയായിട്ടില്ല. നടൻ മോഹൻലാൽ സംവിധാനം ചെയ്യുന്ന ബറോസ്സ് എന്ന ചിത്രത്തിൽ നായകവേഷത്തിന്റെ രൂപകല്പന വരച്ചുണ്ടാക്കിയതാണ് രാധാകൃഷ്ണന്റെ ഏറ്റവുമൊടുവിലത്തെ സിനിമാ പ്രവർത്തനം.