
വെള്ളറട: ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിൽ 1981 ൽ നടന്ന വിഗ്രഹക്കവർച്ച കണ്ടെത്താൻ സഹായിച്ച രമണിക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് ശരണാശ്രയം പദ്ധതിയിലൂടെ നിർമ്മിച്ച വീടിന്റെ താക്കോൽദാനം മന്ത്രി കടകംപള്ളി സുരേന്ദ്രനും വീട് നിർമ്മാണത്തിന് സഹായിച്ച ഉണ്ണികൃഷ്ണൻ പോറ്റിയും രമേഷ് റാവുവും ചേർന്ന് കിളിയൂരിൽ നടന്ന യോഗത്തിൽ വച്ച് രമണിക്ക് കൈമാറി. കവർച്ച കണ്ടെത്താൻ സഹായിച്ച രമണിക്ക് ജോലി ഉൾപ്പെടെയുള്ള സഹായങ്ങൾ ദേവസ്വം ബോർഡ് അന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ഒന്നും നടന്നില്ല. 2019 ഫെബ്രുവരി 21 നാണ് രമണിക്ക് വീടുവെയ്ക്കുന്നതിനുള്ള തറക്കല്ലിട്ടത്. 163 സ്ക്വയിർ ഫീറ്റിൽ രണ്ട് ബെഡ്റൂമും ഒരു ഹാളും ബാത്ത് റൂം അടുക്കള എന്നിവ ഉൾപ്പെടെയാണ് വീട് നിർമ്മിച്ചിരിക്കുന്നത്. രമണിയുടെ നോട്ടുബുക്കിലെ അഡ്രസാണ് ഏറെ കോളിളക്കമുണ്ടാക്കിയ വിഗ്രഹ കവർച്ച കണ്ടെത്താൻ അന്ന് സഹായിച്ചത്. യോഗത്തിൽ സി.കെ. ഹരീന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ദേവസ്വം ബോർഡ് മെമ്പർമാരായ കെ.പി. ശങ്കരദാസ്, അഡ്വ: എൻ. വിജയകുമാർ, ദേവസ്വം സെക്രട്ടറി ജയശ്രീ, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. സുജാതകുമാരി, സി. ജ്ഞാനദാസ്, ദേവസ്വം കമ്മിഷണർ എം. ഹർഷൻ തുടങ്ങിയവർ സംസാരിച്ചു. ദേവസ്വം എക്സിക്യുട്ടീവ് എൻജിനിയർ രഞ്ജിത് കെ. ശേഖർ വിഷയാവതരണം നടത്തി.