കിളിമാനൂർ:ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. പള്ളിക്കൽ മൂതലകുളങ്ങര ഹൗസിൽ അബ്ദുൾ കലാം, ആബിദാ ബീവി ദമ്പതിമാരുടെ മകൻ സിദ്ധിഖ് (26) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി എട്ടുമണിയോടെ പള്ളിക്കൽ മൂതലയിൽ ആയിരുന്നു അപകടം. അബുദാബി അൽ ഗസൽ കമ്പനിയിൽ ജോലിയുണ്ടായിരുന്ന സിദ്ദിഖ് അവധിക്ക് നാട്ടിലെത്തിയതായിരുന്നു. ചൊവ്വാഴ്ച അബുദാബിയിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു. സുഹൃത്തുക്കളിൽ ചിലരെ കണ്ട് യാത്രപറയാനായി തിങ്കളാഴ്ച രാത്രി വീട്ടിൽ നിന്ന് ബൈക്കുമായി ഇറങ്ങിയതായിരുന്നു . എന്നാൽ സിദ്ധിഖ് സഞ്ചരിച്ചതിന് എതിർ ദിശയിൽ അമിതവേഗതയിൽ നിയന്ത്രണം വിട്ട് പാഞ്ഞെത്തിയ ബൈക്ക് സിദ്ധിഖിനെ ഇടിച്ചിടുകയായിരുന്നു. ഗുരുതരപരിക്കേറ്റ സിദ്ദിഖ് ഏറെ നേരം ചോരവാർന്ന് റോഡിൽ കിടന്നു. ഒടുവിൽ സിദ്ദിഖിന്റെ സുഹൃത്തുക്കൾ എത്തി ആശുപത്രിയിലാക്കാൻ ശ്രമിച്ചെങ്കിലും മരിച്ചു. സിദ്ധിഖിനെ ഇടിച്ചിട്ട ബൈക്കിലുണ്ടായിരുന്ന യുവാക്കൾക്കും പരിക്കേറ്റു. ഇവർ മദ്യലഹരിയിലായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. സീനത്ത്, റാഹത്ത് എന്നിവർ സഹോദരിമാരാണ് .