ദക്ഷിണാഫ്രിക്ക എ 164 & 125/5
ഇന്ത്യ എ 303
തിരുവനന്തപുരം : പകരക്കാരനായി ടീമിലേക്കെത്തിയ കേരളത്തിന്റെ മറുനാടൻ രഞ്ജി താരം ജലജ് സക്സേന ലഭിച്ച അവസരം പ്രയോജനപ്പെടുത്തിയപ്പോൾ കാര്യവട്ടം സ്പോർട്സ് ഹബിൽ ദക്ഷിണാഫ്രിക്ക എ ടീമിനെതിരായ അനൗദ്യോഗിക ടെസ്റ്റിൽ ഇന്ത്യ എ ടീമിന് മേൽക്കൈ.
മത്സരത്തിന്റെ ആദ്യം ദിനം ദക്ഷിണാഫ്രിക്കയെ 164 റൺസിൽ ആൾ ഔട്ടാക്കിയ ഇന്ത്യ രണ്ടാം ദിവസമായ ഇന്നലെ 303 റൺസിൽ ആദ്യ ഇന്നിംഗ്സിൽ ആൾ ഔട്ടായി. തുടർന്ന് ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക എ രണ്ടാം ദിനം കളി നിറുത്തുമ്പോൾ 125/5 എന്ന നിലയിലാണ്. ഇന്നിംഗ്സ് തോൽവി ഒഴിവാക്കാൻ സന്ദർശകർക്ക് ഇനി 14 റൺസ് കൂടി നേടണം.
129/2 എന്ന നിലയിൽ ഇന്നലെ ഒന്നാം ഇന്നിംഗ്സ് പുനരാരംഭിക്കാനെത്തിയ ഇന്ത്യയ്ക്ക് നായകൻ ശുഭ്മാൻ ഗില്ലിനെ(90) സെഞ്ച്വറിക്ക് അടുത്തുവച്ച് നഷ്ടമായി. തുടർന്ന് കെ.എസ്. ഭരത് (33), ജലജ് സക്സേന (61 നോട്ടൗട്ട്), ശാർദ്ദൂൽ താക്കൂർ (34) എന്നിവരുടെ പോരാട്ടമാണ് 303 ലെത്തിച്ചത്. ഇന്നലെ രാവിലെ തന്നെ അങ്കിത് ബാബ്നെയെ (6) നഷ്ടമായിരുന്നു. തുടർന്ന് ഗില്ലും ഭരതും ചതർന്ന് ടീമിനെ മുന്നോട്ടു നയിച്ചു ടീം സ്കോർ 177ൽ വച്ച് ഗിൽ പീറ്റിന്റെ പന്തിൽ ക്ളീൻ ബൗൾഡായി. 153 പന്തുകൾ നേരിട്ട ഗിൽ 13 ബൗണ്ടറികളും ഒരു സിക്സും പായിച്ചിരുന്നു.
തുടർന്ന് ശിവം ദുബെ (8), ഭരത്, കൃഷ്ണപ്പ ഗൗതം (0) എന്നിവർ പെട്ടെന്ന് മടങ്ങിയതോടെ ഇന്ത്യ 199/7 എന്ന നിലയിലായി.
തുടർന്ന് ക്രീസിൽ ഒരുമിച്ച ജലജും ശാർദ്ദൂൽ താക്കൂറും ചേർന്നാണ് ഇന്ത്യയ്ക്ക് ലീഡ് ഉയർത്തിയത്. ഇരുവരും ചേർക്ക് എട്ടാം വിക്കറ്റിൽ കൂട്ടിചേർത്തത് 100 റൺസാണ്. 96 പന്തുകൾ നേരിട്ട ജലജ് 11 ബൗണ്ടറികൾ പായിച്ചു. ശാർദ്ദൂലിന് പിന്നാലെ നദീമും (0) സിറാജും (0) പുറത്തായതോടെ ഇന്ത്യൻ ഇന്നിംഗ്സിന്റെ കർട്ടൻ വീണു.
തുടർന്ന് ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയെ രണ്ടാം ഇന്നിംഗ്സിലും ഇന്ത്യൻ ബൗളർമാർ വരിഞ്ഞു മുറുക്കി. ക്യാപ്ടൻ മാർക്രം (4), പീറ്റർ മലാൽ (4), സുബൈർ ഹംസ (44), സോണ്ടോ (10), മുത്തു സ്വാമി (4) എന്നിവരെയാണ് ദക്ഷിണാഫ്രിക്കയ്ക്ക് ഇതുവരെ നഷ്ടമായത്. ക്ളാസനും (35 നോട്ടൗട്ട്), മുൾഡറുമാണ് (12) ക്രീസിൽ.
സെലക്ടർമാർ
കാണണം ജലജിനെ
ആഭ്യന്തര ക്രിക്കറ്റിൽ ഗംഭീര പ്രകടനം കാഴ്ചവച്ചിട്ടും ജലജ് സക്സേനയെ ഇനിയും ദേശീയ സെലക്ടർമാർ വേണ്ട രീതിയിൽ പരിഗണിച്ചിട്ടില്ല. കൃഷ്ണപ്പ ഗോതമിന് കളിക്കാൻ കഴിയുന്ന കാര്യത്തിൽ ആശങ്കയുണ്ടായപ്പോൾ അടിയന്തരമായി ടീമിലേക്ക് വിളിപ്പിച്ചതാണ് ജലജിനെ.
കഴിഞ്ഞ സീസണിൽ കേരളം രഞ്ജി ട്രോഫി ഫൈനലിലെത്തിയതിൽ ജലജിന്റെ ആൾ റൗണ്ട് മികവ് വളരെ വലുതായിരുന്നു. 2005ൽ ഫസ്റ്റ് ക്ളാസ് അരങ്ങേറ്റം കുറിച്ച ഈ മദ്ധ്യ പ്രദേശുകാരൻ 6044 റൺസും 305 വിക്കറ്റുകളും ഇതുവരെ സ്വന്തമാക്കിയിട്ടുണ്ട്. 14 സെഞ്ച്വറികളും 30 അർദ്ധ സെഞ്ച്വറികളും കഴിഞ്ഞ സീസണിൽ ഒരു മത്സരത്തിൽ 16 വിക്കറ്റ് വീഴ്ത്തിയിരുന്നു.