ടെസ്റ്റ് കരിയറിനോട്
വിടചൊല്ലി നബി
ചിറ്റോർഗ്രാം : ബംഗ്ളാദേശിനെതിരായ ചരിത്ര വിജയത്തോടെ അഫ്ഗാനിസ്ഥാനി ആൾ റൗണ്ടർ മുഹമ്മദ് നബി ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. അഫ്ഗാന്റെ ഇതുവരെയുള്ള മൂന്ന് ടെസ്റ്റുകളിലും 325 കാരനായ നബി കളിച്ചിരുന്നു. ഇതിൽ രണ്ടെണ്ണത്തിൽ അഫ്ഗാന് വിജയിക്കാൻ കഴിഞ്ഞു. കഴിഞ്ഞ ദിവസം അഫ്ഗാൻ 224 റൺസിന് ബംഗ്ളാദേശിനെ അട്ടിമറിച്ചപ്പോൾ നബി നാല് വിക്കറ്റുകൾ വീഴ്ത്തിയിരുന്നു.
സ്മിത്ത് തന്നെ മുന്നിൽ
ദുബായ് : ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ ബാറ്റിംഗ് റാങ്കിംഗിൽ സ്റ്റീവൻ സ്മിത്ത് ഒന്നാംസ്ഥാനത്ത് തുടരുന്നു. കഴിഞ്ഞയാഴ്ചയാണ് സ്മിത്ത് കൊഹ്ലിയെ മറികടന്ന് ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചത്. അതിന് പിന്നാലെ ആഷസിൽ ഇരട്ട സെഞ്ച്വറി നേടിയതോടെ റാങ്കിംഗ് പോയിന്റിൽ ലീഡുയർന്നു. രണ്ടാം സ്ഥാനത്തുള്ള വിരാട് കൊഹ്ലിയേക്കാൾ 34 പോയിന്റ് മുന്നിലാണ് സ്മിത്ത് ഇപ്പോൾ.
പ്രണോയ്ക്ക് ഡെങ്കിപ്പനി
ന്യൂഡൽഹി : ഡെങ്കിപ്പനി സ്ഥിരീകരിച്ചതിനെത്തുടർന്ന് മലയാളി ഇന്റർനാഷണൽ ബാഡ്മിന്റൺ താരം എച്ച്.എസ്. പ്രണോയ് ഈ മാസം നടക്കുന്ന ചൈന ഓപ്പൺ, കൊറിയ ഓപ്പൺ ടൂർണമെന്റുകളിൽ നിന്ന് പിൻമാറി. ഇക്കഴിഞ്ഞ ലോകകപ്പിൽ പ്രണോയ് മുൻ ലോക ചാമ്പ്യൻ ലിൻഡാനിനെ അട്ടിമറിച്ചിരുന്നു.
പാരാലിമ്പിക് കമ്മിറ്റിയുടെ
അംഗീകാരം പോയി
ന്യൂഡൽഹി : ദേശീയ കായിക നിയമം ലംഘിച്ചതിന്റെ പേരിൽ പാരാ ലിമ്പിക് കമ്മിറ്റി ഒഫ് ഇന്ത്യയുടെ അംഗീകാരം കേന്ദ്ര കായിക മന്ത്രാലയം റദ്ദാക്കി. കമ്മിറ്റി പ്രസിഡന്റായിരുന്ന റാവു ഇന്ദ്രജിത്ത് സിംഗിനെ ഏകപക്ഷീയമായി പുറത്താക്കിയതോടെയാണ് അംഗീകാരം നഷ്ടമായത്. തന്നെ പുറത്താക്കിയതിനെതിരെ റാവു കായിക മന്ത്രാലയത്തിന് പരാതി നൽകിയിരുന്നു.
പൊള്ളാഡ് വൺഡേ ,
ട്വന്റി - 20 ക്യാപ്ടൻ
ഗയാന : വെസ്റ്റ് ഇൻഡീസ് ഏകദിന, ട്വന്റി - 20 ക്രിക്കറ്റ് ടീമുകളുടെ നായകനായി കെയ്റോൺ പൊള്ളാഡിനെ നിയമിച്ചു. ഏകദിനത്തിൽ ജാസൺ ഹോൾഡറെയും ട്വന്റി 20 യിൽ കാർലോസ് ബ്രാത്ത് വെയ്റ്റിനെയും മാറ്റിയാണ് പൊള്ളാഡിനെ നായകനാക്കിയത്. 32 കാരനായ പൊള്ളാഡ് 2016 ന് ശേഷം ഏകദിനത്തിൽ കളിച്ചിട്ടില്ല. 2019 ലോകകപ്പ് റിസർവ് ടീമിൽ അംഗമായിരുന്നു.