ന്യൂഡൽഹി : ഇന്ത്യൻക്രിക്കറ്റ് ടീം നായകൻ വിരാട് കൊഹ്ലിയും ഉപനായകൻ രോഹിത് ശർമ്മയും തമ്മിൽ രൂക്ഷമായ പ്രശ്നങ്ങളുണ്ടെന്ന വാർത്തകളോട് ആദ്യമായി പ്രതികരിച്ച് പരിശീലകൻ രവിശാസ്ത്രി. പുറത്ത് പ്രചരിക്കുന്നതുപോലെയുള്ള പ്രശ്നങ്ങൾ ഒന്നും ഇരുവരും തമ്മിലില്ലെന്നും സ്വാഭാവികമായ അഭിപ്രായ വ്യത്യാസങ്ങൾ മാത്രമാണുള്ളതെന്നും രവി ശാസ്ത്രി കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിൽ പറഞ്ഞു.
ലോകകപ്പിന് ശേഷമാണ് വിരാടും രോഹിതും തമ്മിൽ കടുത്ത ശത്രുതയിലാണെന്ന രീതിയിൽ വാർത്തകൾ പുറത്തുവന്നത്. പ്ളേയിംഗ് ഇലവൻ തിരഞ്ഞെടുക്കുന്നിതിൽ രവിശാസ്ത്രിയും കൊഹ്ലിയും ചേർന്ന് തങ്ങൾക്ക് ഇഷ്ടമുള്ളവർക്ക് കൂടുതൽ അവസരങ്ങൾ നൽകുന്നതിൽ പ്രതിഷേധമുള്ള താരങ്ങൾ രോഹിതിന്റെ നേതൃത്വത്തിൽ ടീം മീറ്റിംഗിൽ ഉടുക്കുണ്ടാക്കി എന്നൊക്കെ ലോകകപ്പിന് ശേഷം വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ കൊഹ്ലി അപ്പോൾ തന്നെ അത്തരം വാർത്തകൾ നിഷേധിച്ചിരുന്നു. രോഹിത് മികച്ച കളിക്കാരനാണെന്ന് പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
ഒരു വിദേശ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് രവി ശാസ്ത്രി ഇതേക്കുറിച്ച് തന്റെ നയം വ്യക്തമാക്കിയത്. ടീമിലെ എല്ലാവർക്കും വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടാകാമെന്നും അതിൽ വലിയ കാര്യമില്ലെന്നും ശാസ്ത്രി പറഞ്ഞു. കഴിഞ്ഞ അഞ്ചുവർഷമായി താൻ ഇന്ത്യൻ ടീമിനൊപ്പമുണ്ടെന്നും ടീമംഗങ്ങളെ നന്നായി അറിയാമെന്നും ശാസ്ത്രി പറഞ്ഞു.
15 അംഗ ടീമിൽ ഓരോരുത്തർക്കും വ്യത്യസ്ത അഭിപ്രായങ്ങളുണ്ടാകും. അത് അറിയാനാണ് ടീം മീറ്റിംഗ് നടത്തുന്നത്. എല്ലാവരും ഒരേ അഭിപ്രായം പറയണമെന്ന് ഞാൻ നിർബന്ധിക്കാറില്ല. പുതിയ ആശയങ്ങൾ ചർച്ചകളലൂടെയേ പുറത്തു വരൂ. അതിന് അഭിപ്രായ പ്രകടനം അത്യാവശ്യമാണ്. അഭിപ്രായ വ്യത്യാസങ്ങളുമുണ്ടാകാം. അതൊക്കെ തമ്മിലടിയായി ചിത്രീകരിക്കുന്നത് ശരിയല്ല.
രവി ശാസ്ത്രി
രാഹുലിന് പകരം രോഹിതിനെ
ടെസ്റ്റ് ഓപ്പണറാക്കുമെന്ന് പ്രസാദ്
ന്യൂഡൽഹി :വെസ്്റ്റ് ഇൻഡീസ് പര്യടനത്തിൽ കെ.എൽ. രാഹുലിന് ഫോം കണ്ടെത്താൻ കഴിയാത്തതിനാൽ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ പരമ്പരയിൽ രോഹിത് ശർമ്മയെ ടെസ്റ്റ് ഓപ്പണറായി നിയോഗിക്കുന്ന കാര്യം പരിഗണിക്കുമെന്ന് ഇന്ത്യൻ ചീഫ് സെലക്ടർ എം.എസ്.കെ. പ്രസാദ്.
ഏകദിനത്തിലും ട്വന്റി -20 യിലും മികച്ച ഫോം കാഴ്ച വയ്ക്കുന്ന ഉപനായകൻ കൂടിയായ രോഹിതിന് ടെസ്റ്റ് ടീമിൽ ഇനിയും സ്ഥിരം സ്ഥാനം കണ്ടെത്താനായിട്ടില്ല. വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ട് മത്സരങ്ങളിലും രോഹിതിന് പുറത്തിരിക്കാനായിരുന്നു വിധി. രാഹുൽ ഓപ്പണറായി ഇറങ്ങിയപ്പൾ മദ്ധ്യനിരയിൽ രോഹിതിന് പകരം അജിങ്ക്യ രഹാനെയെയാണ് ഇന്ത്യ വിൻഡീസിനെതിരെ കളിപ്പിച്ചത്.