നേമം: പണിതിട്ടും പണിതിട്ടും പണി തീരാത്ത കരമന - തളിയൽ റോഡിന്റെ ശോചനീയാവസ്ഥയ്ക്കെതിരെ ജനരോഷം ശക്തമാകുന്നു. റോഡ് വീതി കൂട്ടി ഇരുവശത്തും ഒാട നിർമ്മാണം പൂർത്തിയാക്കി ടാർ ചെയ്യാനുള്ള പദ്ധതി ഇഴയുകയാണ്. ഇപ്പോൾ കാലം തെറ്റി പെയ്യുന്ന മഴ അറ്റകുറ്റപണികൾക്ക് തടസമാകുന്നുണ്ടെങ്കിലും വർഷങ്ങൾ നീണ്ട അറ്റകുറ്റപണികൾ നടത്തിയിട്ടും ഈ റോഡിന്റെ ശാേചനീയാവസ്ഥയ്ക്ക് അറുതി വരുത്താൻ ബന്ധപ്പെട്ട അധികൃതർക്ക് കഴിഞ്ഞിട്ടില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
റോഡിന്റെ ഒരു ഭാഗം തൈക്കാട് വില്ലേജും മറുഭാഗം മണക്കാടു വില്ലേജുമാണ്. റോഡ് വീതി കൂട്ടലിന്റെ ഭാഗമായി തൈക്കാട് വില്ലേജിൽ ഉൾപ്പെട്ട 42 ഓളം കുടുംബങ്ങൾക്ക് നഷ്ട പരിഹാരം നൽകി കുടിയൊഴിപ്പിച്ചുകഴിഞ്ഞു. പക്ഷേ 37 കുടുംബങ്ങൾ താമസിക്കുന്ന മണക്കാട് വില്ലേജ് പരിധിയിൽ ഉൾപ്പെട്ട ഭാഗത്ത് യാതൊരു പ്രവർത്തനവും നടന്നിട്ടില്ല എന്നാണ് നാട്ടുകാരുടെ പരാതി. കരമന -തളിയൽ റോഡിന്റെ ടാറിംഗ്, ഓട നിർമ്മാണം, കണക്ഷൻ റോഡുകളുടെ അറ്റകുറ്റപണി എന്നിവയ്ക്കായി 2 കോടി രൂപയാണ് പി.ഡബ്ല്യു.ഡി ഫണ്ട് അനുവദിച്ചത്. കരമന - തളിയൽ റോഡിന്റെ കരാറുകാരൻ പണി താത്കാലികമായി നിറുത്തി വച്ചിരിക്കുകയാണ്. റോഡിന്റെ ഇരുവശങ്ങളിലൂടെയുളള ഓടകളുടെ നിർമ്മാണം 150 മീറ്ററോളം എത്തിയപ്പോഴാണ് പണി നിലച്ചത്. റോഡിന് കുറുകെയുളള ഓട നിർമ്മാണം പൂർത്തിയായാൽ മാത്രമേ വെളളക്കെട്ട് മാറുകയുള്ളൂ. മാറി മാറി വന്ന സർക്കാരുകളുടെ കടുത്ത അവഗണനയാണ് റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് ഇടയാക്കിയതെന്നും നാട്ടുകാർക്കിടയിൽ പരാതിയുണ്ട്. റോഡിന്റെ ശോചനീയാവസ്ഥയിൽ കാൽനട - ഇരുചക്ര വാഹന യാത്രികരാണ് ഏറെ ബുദ്ധിമുട്ടുന്നത്. കരമന, തളിയൽ, ആറ്റുകാൽ, കിഴക്കേകോട്ട ഭാഗങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു റിംഗ് റോഡാണ് ഈ പാത. 28 ന് നവരാത്രി ആഘോഷങ്ങൾ നടക്കാനിരിക്കെ ചടങ്ങുകൾക്ക് പ്രാധ്യാനം നൽകുന്ന കരമനയിലെ ജനങ്ങൾ ശക്തമായ പ്രക്ഷോഭത്തിന് തയാറെടുക്കുകയാണ്.