എസ് എൻ.ഡി.പി യോഗത്തോടൊപ്പം ജനിച്ച് യോഗത്തോടൊപ്പം വളർന്ന്, യോഗത്തിന്റെ കനകജൂബിലി വർഷത്തിൽ നടന്ന യോഗവാർഷികത്തിൽ യോഗം പ്രസിഡന്റായിത്തീർന്ന പത്മഭൂഷൺ കെ. സുകുമാരന്റെ 38-ാം ചരമവാർഷികമാണ് നാളെ.
ഇന്നും നിലനിൽക്കുന്നതും വിവാദപരവുമായ സംവരണ പ്രശ്നത്തെപ്പറ്റി ആലോചിച്ച് ഇരുകൂട്ടർക്കും സ്വീകാര്യമായ തീരുമാനത്തിലെത്തുകയെന്നത് പത്രാധിപർ കെ. സുകുമാരന്റെ ചിരകാലാഭിലാഷമായിരുന്നു. എൻ.എസ്.എസിന്റെ വജ്രജൂബിലിയോടനുബന്ധിച്ച് ചങ്ങനാശേരിയിൽ നടന്ന, സമുദായാചാര്യൻ മന്നത്തു പത്മനാഭന്റെ 98-ാം ജന്മജയന്തി മഹാസമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് പത്രാധിപർ നടത്തിയ പ്രസംഗത്തിലാണ് ആദ്യമായി ഈ ആശയം രൂപം കൊണ്ടത്. പത്രാധിപരുടെ നിർദ്ദേശം സമ്മേളനത്തിൽ പങ്കെടുത്ത ബഹുഭൂരിപക്ഷവും വലിയ ഹർഷാരവത്തോടെയാണ് സ്വീകരിച്ചത്. സമ്മേളനത്തിന് നന്ദി പ്രകാശിപ്പിച്ച എൻ.എസ്.എസ് ജനറൽ സെക്രട്ടറി കിടങ്ങൂർ ഗോപാലകൃഷ്ണപിള്ള നിർദ്ദേശത്തെ സ്വാഗതം ചെയ്തുകൊണ്ട് ഇതു നടപ്പിലാക്കുന്നതിന് പത്രാധിപർ മുൻകൈയെടുക്കണമെന്നും അഭ്യർത്ഥിച്ചിരുന്നു.
അന്നത്തെ യോഗം പ്രസിഡന്റ് പത്രാധിപരുടെ അടുത്ത സുഹൃത്ത് കൂടിയായ എൻ. ശ്രീനിവാസനും ജനറൽ സെക്രട്ടറി പ്രൊഫ. പി.എസ്. വേലായുധനുമായിരുന്നു. ഇരുവരും നിർദ്ദേശത്തെ സ്വാഗതം ചെയ്തു. എൻ.എസ്.എസിന്റെയും എസ്.എൻ.ഡി.പി യോഗത്തിന്റെയും അണികളിൽ നിന്ന് ആവേശകരമായ നീക്കങ്ങളുണ്ടായി. ഇക്കാര്യത്തിൽ യോഗനേതൃത്വവും എൻ.എസ്.എസ് നേതൃത്വവും കൂടി സന്ധിക്കാനുള്ള ഒരു യോഗം വിളിച്ചുകൂട്ടുന്നതിന് മുൻകൈയെടുക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് എൻ.എസ്.എസ് പ്രസിഡന്റ് കളത്തിൽ വേലായുധൻ നായർ യോഗം പ്രസിഡന്റിന് കത്തുമെഴുതി. ഈ നിർദ്ദേശത്തെ യോഗം കൗൺസിൽ സ്വാഗതം ചെയ്യുകയും വിവരം എൻ.എസ്.എസ് നേതൃത്വത്തെ അറിയിക്കുകയും ചെയ്തു. അതിന്റെ അടിസ്ഥാനത്തിലാണ് 1976 ജനുവരി 10, 11 തീയതികളിൽ കേശവദാസപുരത്തുള്ള എൻ.എസ്.എസ് മന്ദിരത്തിൽ നായരീഴവ നേതൃസമ്മേളനം നടക്കുന്നത്. യോഗത്തെ പ്രതിനിധീകരിച്ച് പ്രസിഡന്റ് ശ്രീനിവാസൻ, സെക്രട്ടറി പി.എസ്. വേലായുധൻ, എസ്.എൻ. ട്രസ്റ്റ് സെക്രട്ടറി പി.എസ്. കാർത്തികേയൻ, റിട്ട. ഹൈക്കോടതി ജഡ്ജി കെ. സദാശിവൻ, മുൻ പി.എസ്.സി ചെയർമാനും യോഗം ജനറൽ സെക്രട്ടറി - പ്രസിഡന്റ് സ്ഥാനങ്ങൾ വഹിച്ചിരുന്ന വി.കെ. വേലായുധൻ, പി. ഗംഗാധരൻ എക്സ് എം.എൽ.എ, അഡ്വ. എൻ.കെ. കുട്ടിരാമൻ എന്നിവരും എൻ.എസ്.എസിനെ പ്രതിനിധീകരിച്ച് പ്രസിഡന്റ് കളത്തിൽ, സെക്രട്ടറി കിടങ്ങൂർ, റിട്ട. ഹൈക്കോടതി ജഡ്ജി എം. മാധവൻനായർ, റിട്ട. ജില്ലാ കളക്ടർ കെ. ഭാസ്കരൻനായർ, അഡ്വ. പനമ്പള്ളി രാഘവമേനോൻ, അഡ്വ. കെ.എൻ. നാരായണൻനായർ, പി.ബി. കുറുപ്പ് എന്നിവരുമാണ് യോഗത്തിൽ പങ്കെടുത്തത്. പത്രാധിപർ കെ. സുകുമാരന്റെയും എൻ. സുന്ദരേശ്വരൻ മുതലാളിയുടെയും മഹനീയ സാന്നിദ്ധ്യത്തിലാണ് യോഗ നടപടികളാരംഭിച്ചത്.
യോഗത്തിന് തുടർന്നുണ്ടായ നേതൃത്വം എം.കെ. രാഘവൻ - കെ. ഗോപിനാഥൻ ടീമായിരുന്നു. അവരും ഐക്യശ്രമത്തെ പ്രോത്സാഹിപ്പിച്ചിരുന്നു. അതിനൊരു ഉദാഹരണം പറയാം. എൺപതുകളുടെ ആദ്യപകുതിയിൽ ഗുരുവായൂർ ദേവസ്വം ബോർഡിലേക്ക് എൻ.എസ്.എസിന്റെയും എസ്.എൻ.ഡി.പിയുടെയും ജനറൽ സെക്രട്ടറിമാർ നിയോഗിക്കപ്പെട്ടു. ബോർഡിന്റെ ആദ്യ യോഗത്തിൽ ചെയർമാൻ സ്ഥാനത്തേക്ക് മത്സരം വന്നു. പി.ടി. മോഹനകൃഷ്ണ മേനോനെതിരെ പി.കെ. നാരായണപ്പണിക്കരുടെ പേര് തങ്കപ്പമേനോൻ എന്ന അംഗം നിർദ്ദേശിച്ചു. എൻ.എസ്.എസ് ജനറൽ സെക്രട്ടറിയുടെ പേരിനെ പിന്താങ്ങാൻ മറ്റാരുമില്ലാതിരുന്നപ്പോൾ, മുൻ ധാരണയൊന്നുമില്ലാതിരുന്നിട്ടും, യോഗം ജനറൽ സെക്രട്ടറി ഗോപിനാഥൻ എൻ.എസ്.എസ് ജനറൽ സെക്രട്ടറിയെ പിന്താങ്ങുകയുണ്ടായി. അവിടെ നായരീഴവ ഐക്യത്തിന്റെ കാഹളമല്ലേ മുഴങ്ങിയത്. തുടർന്നുവന്ന ഇരു നേതൃത്വങ്ങളും ആദ്യമൊക്കെ മെയ്യോടുമെയ് ചേർന്നു പ്രവർത്തിക്കാൻ ആവതു ശ്രമിച്ചു. അഭിപ്രായവ്യത്യാസങ്ങളോ, തെറ്റിദ്ധാരണകളോ കാരണം ഇപ്പോൾ അകലുകയാണോയെന്ന സംശയം ബലപ്പെടുന്നു. എന്നാൽ അഭിപ്രായ വൈരുദ്ധ്യങ്ങളും താത്പര്യങ്ങളുമൊന്നും നായരീഴവ ഐക്യത്തിന് തടസമാവരുതെന്നു സമർത്ഥിക്കാൻ പത്രാധിപരുടെ ബാല്യകാല സ്മരണയിലേക്കു പോകാം. അദ്ദേഹത്തെ ഏറെ ദുഃഖിപ്പിച്ചിരുന്ന രണ്ട് സംഭവങ്ങളുണ്ട്. ആദ്യത്തേത് അദ്ദേഹത്തിന്റെ കനിഷ്ഠ സഹോദരി അരുന്ധതിയുടെ അകാല മരണമാണ്. മറ്റൊന്ന് ജാതി വിവേചനവുമായി ബന്ധപ്പെട്ടതുമാണ്.
കെ. സുകുമാരൻ കൊല്ലം ഹൈസ്കൂളിൽ ഫോർത്ത് ഫാറത്തിൽ പഠിക്കുന്ന കാലം. ആലപ്പുഴയ്ക്ക് വടക്കുള്ള കാട്ടൂർ എന്ന സ്ഥലത്തു നടക്കുന്ന ഒരു ഈഴവ സമ്മേളനത്തിൽ ആദ്ധ്യക്ഷം വഹിക്കുന്നത് സാഹിത്യനായകനും സമുദായ നേതാവുമായ പിതാവ് സി.വി. കുഞ്ഞുരാമനാണ്. വെക്കേഷൻ കാലമായതിനാൽ മകൻ സുകുമാരനെയും കൂട്ടിയിരുന്നു. ടി.കെ. മാധവനുൾപ്പെടെയുള്ളവർ പങ്കെടുത്ത യോഗം അവസാനിച്ചപ്പോൾ രാത്രി വൈകിയിരുന്നു. അന്നവിടെ ഒരു വീട്ടിൽ തങ്ങി. രാവിലെ കാപ്പികുടിയും കഴിഞ്ഞ് അച്ഛനും മകനും മയ്യനാട്ടേക്കു മടങ്ങി. 11 മണിയോടെ ആലപ്പുഴയെത്തി. ബോട്ടുവഴി കൊല്ലത്തേക്കു യാത്ര തിരിക്കും മുമ്പേ ക്ളബിൽ കയറി ഊണു കഴിഞ്ഞു പോകാമെന്ന് അച്ഛൻ നിർദ്ദേശിച്ചു. കുറച്ചു നടന്ന് കള്ളുഷാപ്പുകളുടെ പ്രതീതി ജനിപ്പിക്കുന്ന ചാളപ്പുര രൂപത്തിലുള്ള ഓലമേഞ്ഞ ഒരു കെട്ടിടത്തിൽ അവർ ചെന്നുകയറി. മുറ്റത്തുള്ള പൊക്കം കുറഞ്ഞ കണ്ടാൽ തൊഴുത്താണെന്നു തോന്നുന്ന ഒരു ഓലപ്പുരയിൽ രണ്ടുപേരിരുന്ന് ഊണു കഴിക്കുന്നുണ്ട്. മുറ്റത്തിരുന്ന പാട്ടയിൽ കോരി വച്ചിരുന്ന വെള്ളം ഒരു തകരപ്പോണികൊണ്ട് പകർന്ന് കൈ കാൽ, മുഖം ചിതം വരുത്തിയ ശേഷം അച്ഛനും മകനും ക്ളബിനകത്തേക്കു പ്രവേശിച്ചു. മുകളിലത്തെ തിണ്ണയിൽ, മുഷിഞ്ഞ വസ്ത്രം ധരിച്ച ഏഴെട്ടുപേർ ഇരുന്ന് ഊണു കഴിക്കുന്നു. ചാണകം മെഴുകിയ തിണ്ണയിൽ അഴുക്കു പിടിച്ച് കീറിപ്പറിഞ്ഞ ഏതാനും പനം തടുക്കുകൾ നിരത്തിയിട്ടുണ്ട്. രണ്ട് തടുക്കുകളിലായി അച്ഛനും മകനുമിരുന്നു. ഒരാൾ രണ്ട് ഇലയുമായി അവരുടെയടുത്തേക്കു വന്നു. അയാൾ ഇരുവരുടെയും മുഖത്തേക്ക് മാറിമാറി നോക്കി. അല്പം അറച്ചുനിന്ന ശേഷം ഇലയിടാതെ അയാൾ അകത്തേക്കു പോയി. സ്വല്പം കഴിഞ്ഞ് സാമാന്യം നല്ല കുടവയറുള്ള, സ്വർണം കെട്ടിയ രുദ്രാക്ഷമണിഞ്ഞ ഒരു മദ്ധ്യവയസ്കൻ ഇറങ്ങിവന്ന് ഇവരെ നോക്കി. ആ നോട്ടത്തിൽ എന്തോ പന്തികേടുണ്ടെന്ന് സുകുമാരന് തോന്നി.
''മുറ്റത്തെ പുരയിലിരിക്കണം""എന്ന് ആ ഗംഭീരൻ അച്ഛനോടു പറഞ്ഞു. അച്ഛൻ അവിടെ നിന്നും സാവധാനം എഴുന്നേറ്റ് മകനെയും പിടിച്ചുകൊണ്ട് പുറത്തേക്കിറങ്ങി. ചെറ്റപ്പുരയിലേക്കു നടക്കുന്നതിനു പകരം അവർ നേരെ പടിപ്പുരയിലേക്കാണു പോയത്. പുറത്തിറങ്ങിയ പിതാവ് പുത്രനോട് പറഞ്ഞു ''നായർ ഹോട്ടൽ. നമുക്കിവിടെ അകത്തിരുന്നുണ്ണാൻ പാടില്ല." ഈ അഭിമാനക്ഷതം പുത്രൻ മനസിലാക്കാതിരിക്കാൻ ആ വത്സല പിതാവ് ആവുന്നത്ര ശ്രമിക്കുന്നുണ്ടായിരുന്നു. നേരെ ബോട്ടുകടവിലേക്കു ചെന്ന് ഒരു കാപ്പിക്കടയിൽ നിന്നു റൊട്ടിയും പഴവും വാങ്ങി കഴിച്ചുകൊണ്ടാണ് അവർ മയ്യനാട്ടേക്കു മടങ്ങിയത്.
അയിത്തത്തിനും ജാതിക്കുമെതിരായുള്ള ചിന്താഗതി വളരുന്നതിനും അതിനെതിരെ സന്ധിയില്ലാതെ പൊരുതാനും പത്രാധിപർ മുന്നിട്ടിറങ്ങിയത് ഒരുപക്ഷേ ആ ആലപ്പുഴ സംഭവം മൂലമാകാം. അതേസമയം യാതൊരുവിധ ജാതി സ്പർദ്ധയോ വൈരമോ നായർ സമുദായത്തോട് അദ്ദേഹത്തിന് ഒരിക്കലുമുണ്ടായിട്ടില്ല. ഒരു ചെറിയ ഉദാഹരണം. എൻ.എസ്.എസിന്റെ ജൂബിലിയാഘോഷ മഹാമഹം കൊണ്ടാടുന്നു. ജനറൽ സെക്രട്ടറി കിടങ്ങൂർ പേട്ടയിലെത്തി. പത്രാധിപരെക്കണ്ടു. പ്രചാരണത്തിന്റെ കാര്യത്തിൽ പത്രത്തിന്റെ സഹായമഭ്യർത്ഥിച്ചു. ''പരസ്യം അയയ്ക്കുക. ബില്ലയയ്ക്കുകയില്ല." പത്രാധിപരുടെ മറുപടി കിടങ്ങൂരിനെ വിസ്മയിപ്പിക്കുന്നതായിരുന്നു. കിടങ്ങൂർ തന്നെ പത്രാധിപരുടെ മരണശേഷം നടന്ന അനുശോചന യോഗത്തിൽ അനുസ്മരിച്ചതാണിത്. നായരീഴവ ഐക്യം നടപ്പിലാക്കുകയെന്ന പത്രാധിപരുടെ സ്വപ്നം ആകാശ കുസുമമാവാതെ, അത് സാക്ഷാത്കരിക്കാൻ ബന്ധപ്പെട്ടവർ ശ്രമിക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് ആ മഹാത്മാവിന്റെ സ്മരണയ്ക്ക് മുന്നിൽ നമ്രശിരസ്കനാകുന്നു.
( ലേഖകൻ എസ്.എൻ.ഡി.പി യോഗം മുൻ അസി. സെക്രട്ടറിയാണ് )