ആറ്റിങ്ങൽ: അവനവഞ്ചേരി ഗവൺമെന്റ് ഹൈസ്‌കൂൾ കായികാദ്ധ്യാപകനും ഖോ-ഖോ ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ഏഴംഗ റഫറീസ് ബോർഡ് അംഗവുമായ കെ.മണികണ്ഠൻ നായരെ ഇൻറർനാഷണൽ ഖോ- ഖോ റഫറീസ് പാനലിലേക്ക് തിരഞ്ഞെടുത്തു. 1985 മുതൽ സംസ്ഥാന റഫറിയായും 1997 മുതൽ ദേശീയ റഫറിയായും യോഗ്യത നേടിയ മണികണ്ഠൻ നായർ 22 വർഷമായി 60 ലേറെ ദേശീയ ചാമ്പ്യൻഷിപ്പുകളിലും, നാഷണൽ ഗെയിംസ്, സാഫ് ഗെയിംസ്, ഖേലോ ഇന്ത്യ മത്സരങ്ങളിലും റഫറിയായി പ്രവർത്തിച്ചിട്ടുണ്ട്.കായിക വിദ്യാഭ്യാസത്തിൽ ഡിസ്റ്റിംങ്ഷനോടുകൂടി ഒന്നാം റാങ്കും പബ്ളിക് സർവീസ് കമ്മീഷൻ നടത്തിയ രണ്ട് പരീക്ഷകളിൽ രണ്ടിലും ഒന്നാം റാങ്കും കരസ്ഥമാക്കി. തോന്നയ്ക്കൽ നാഷണൽ സ്പോർട്സ് സെൻററിലൂടെ കായിക രംഗത്ത് എത്തിയ ഇദ്ദേഹം സംസ്ഥാന ഖോ-ഖോ അസോസിയേഷൻ റഫറീസ് ബോർഡ് അംഗം, ടെക്നിക്കൽ കമ്മിറ്റി കൺവീനർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.