എറണാകുളത്ത് മരടിലുള്ള നാല് ഫ്ളാറ്റ് സമുച്ചയങ്ങൾ ഈ മാസം 21-നകം പൊളിച്ചുനീക്കണമെന്ന സുപ്രീംകോടതി ഉത്തരവ് ഇതിനകം വ്യാപകമായ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിതുറന്നിട്ടുണ്ട്. തീരദേശ നിയന്ത്രണ നിയമം ലംഘിച്ചതിന്റെ പേരിലാണ് പരമോന്നത കോടതി ഫ്ളാറ്റുകൾ പൊളിക്കാൻ ഉത്തരവ് പുറപ്പെടുവിച്ചത്.
നിയമം സംരക്ഷിക്കേണ്ടത് അതിപ്രധാനം തന്നെ. അതേസമയം തന്നെ നിയമം നടപ്പാക്കുമ്പോൾ നീതിയും സംരക്ഷിക്കപ്പെടേണ്ടതുണ്ട്. മരടിലെ ഫ്ളാറ്റ് പ്രശ്നത്തിൽ നിയമം ജയിക്കുമ്പോൾ ചവിട്ടി അരയ്ക്കപ്പെടുന്നത് കേവല നീതിയാണ്. ഈ ഫ്ളാറ്റ് സമുച്ചയങ്ങളിൽ പാർക്കുന്ന മുന്നൂറ്റി അൻപതോളം വീട്ടുകാർ അഞ്ചുദിവസത്തിനകം ഫ്ളാറ്റുകൾ ഒഴിയണമെന്നു കാണിച്ച് നഗരസഭ നോട്ടീസ് നൽകിയിരിക്കുന്നു. ഫ്ളാറ്റ് ഒഴിയുന്നതിനൊപ്പം അതിനകത്തുള്ള സകല വസ്തുക്കളും കൂടെ കൊണ്ടുപൊയ്ക്കൊള്ളണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. കൈയിലുള്ള സമ്പാദ്യവും പോരാതെ വന്നപ്പോൾ കടമെടുത്തും വൻ സംഖ്യ മുൻകൂർ നൽകി ഫ്ളാറ്റുകൾ സ്വന്തമാക്കിയവരാണ് നിയമത്തിന്റെ കാർക്കശ്യത്തിൽ പരിഭ്രാന്തിയോടെ പേടിച്ചരണ്ടു കഴിയുന്നത്. അവരിൽ ഏറെപ്പേർക്കും ഫ്ളാറ്റ് ഉപേക്ഷിക്കേണ്ടിവന്നാൽ പെരുവഴി തന്നെയാണ് അഭയം. ഫ്ളാറ്റിനുവേണ്ടി കരാർ ഒപ്പിടുമ്പോഴോ നിർമ്മാണം പൂർത്തിയാക്കിയപ്പോൾ അതിൽ താമസം തുടങ്ങിയപ്പോഴോ നിയമലംഘന പ്രശ്നമൊന്നും അവരുടെ മുന്നിലില്ലായിരുന്നു. ആവശ്യമായ അനുമതികളെല്ലാം നേടിയാണ് ഫ്ളാറ്റുകൾ നിർമ്മിച്ചതെന്ന വിശ്വാസത്തിലാണ് അവരൊക്കെ പണം മുടക്കിയത്. കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട വിവിധ അധികാര സ്ഥാപനങ്ങളിൽ നിന്ന് ആവശ്യമായ അനുമതിപത്രങ്ങൾ ഫ്ളാറ്റ് നിർമ്മാണ കമ്പനികൾ വാങ്ങിയിരുന്നു എന്നാണ് നേരത്തെ പുറത്തുവന്ന വിവരം. നിയമ ലംഘന പ്രശ്നങ്ങളെല്ലാം ഉയർന്നുവന്നത് ഫ്ളാറ്റ് നിർമ്മാണം പൂർത്തീകരിച്ചശേഷമാണ്. അപ്പോഴും നഗരസഭാ കാര്യാലയം മുറയ്ക്ക് ഓക്കുപ്പൻസി സർട്ടിഫിക്കറ്റ് ഉൾപ്പെടെ എല്ലാം നൽകിയിരുന്നു. നിയമലംഘനം തുടക്കത്തിൽത്തന്നെ കണ്ടെത്തി നിർമ്മാണം തടയേണ്ടിയിരുന്ന നഗരസഭ അവിഹിത സ്വാധീനങ്ങൾക്കു വഴങ്ങി നിയമത്തിനു നേരെ കണ്ണടച്ചതാണ് ഇപ്പോഴത്തെ പൊല്ലാപ്പുകൾക്കെല്ലാം കാരണം. ഈ പ്രശ്നത്തിൽ യഥാർത്ഥ പ്രതികളുടെ സ്ഥാനത്തു വരുന്നതും നഗരസഭയും ഇതിനെല്ലാം മൂകസാക്ഷിയായി മാറിയ തദ്ദേശ വകുപ്പുമാണ്. അതുകൊണ്ടുതന്നെ ഫ്ളാറ്റ് ഉടമകൾ നേരിടുന്ന അസാധാരണ സാഹചര്യങ്ങൾക്ക് പരിഹാരം കണ്ടുപിടിക്കേണ്ട ചുമതല ഇവർക്കുണ്ട്. ഫ്ളാറ്റുടമകളെ രക്ഷിക്കാൻ സർക്കാർ ഇടപെടണമെന്ന് നഗരസഭ പ്രമേയത്തിലൂടെ സർക്കാരിനോട് അഭ്യർത്ഥിച്ചിട്ടുണ്ട്. സർക്കാരാകട്ടെ, സെപ്തംബർ 21-നകം ഫ്ളാറ്റുകൾ പൊളിച്ചില്ലെങ്കിൽ കോടതി അലക്ഷ്യ നടപടികൾ നേരിടേണ്ടിവരുമെന്ന പരമോന്നത കോടതിയുടെ ശാസനയ്ക്കു മുന്നിൽ പകച്ചുനിൽക്കുന്നു. ഫ്ളാറ്റുകൾ പൊളിക്കാൻ വേണ്ടി നഗരസഭ ടെൻഡറും ക്ഷണിച്ചുകഴിഞ്ഞു. ഫ്ളാറ്റിലെ താമസക്കാരാകട്ടെ കൊന്നുതള്ളിയാലും തങ്ങൾ ഒഴിയുകയില്ലെന്ന ദൃഢനിശ്ചയത്തിലാണ്. എന്നാൽ ഇവർക്ക് എത്ര ദിവസം ഇത്തരത്തിൽ പിടിച്ചുനിൽക്കാനാകുമെന്ന് കണ്ടുതന്നെ അറിയണം. കാരണം സായുധ പൊലീസിന്റെ അകമ്പടിയുമായെത്തി അധികൃതർക്ക് നിഷ്പ്രയാസം അവരെ ഇറക്കിവിട്ട് ഫ്ളാറ്റുകൾ കൈവശപ്പെടുത്താൻ ഒരു പ്രയാസവുമുണ്ടാകില്ല. നാല് ഫ്ളാറ്റ് സമുച്ചയങ്ങളിലായി 288 ഫ്ളാറ്റുകളാണ് കോടതി ഉത്തരവ് പ്രകാരം നീക്കം ചെയ്യേണ്ടത്.
ഫ്ളാറ്റിലെ താമസക്കാരിൽ ഒരുവിഭാഗം അവസാന ശ്രമമെന്ന നിലയിൽ കഴിഞ്ഞ ദിവസം സുപ്രീംകോടതിയിൽ സമർപ്പിച്ച തിരുത്തൽ ഹർജി ഫയലിൽ സ്വീകരിച്ചതു മാത്രമാണ് ഈ പ്രശ്നത്തിൽ ആകെയുള്ള വിദൂരമായ ഒരു പ്രതീക്ഷ. ഇതുമായി മുമ്പ് സമർപ്പിക്കപ്പെട്ട ഹർജികളിൽ വാദം നടക്കവെ സുപ്രധാന നിയമ വശങ്ങൾ പലതും വേണ്ടപോലെ അവതരിപ്പിക്കാൻ കഴിഞ്ഞിരുന്നില്ല എന്ന് ഇപ്പോൾ ആക്ഷേപമുയരുന്നുണ്ട്. കോടതി വിധിയിൽ എന്തെങ്കിലും ഇളവിനു സാദ്ധ്യത തേടി സംസ്ഥാന സർക്കാർ സോളിസിറ്റർ ജനറലിന്റെ ഉപദേശം തേടിയിട്ടുണ്ട്. തിരുത്തൽ ഹർജി സെപ്തംബർ 23-ന് പരിഗണനയ്ക്കെടുക്കുമ്പോൾ കേരള സർക്കാരിനുവേണ്ടി സോളിസിറ്റർ ജനറൽ ഹാജരാകുമെന്ന സൂചനയുമുണ്ട്. ഇതൊക്കെ പക്ഷേ ഫ്ളാറ്റ് ഒഴിയാൻ വിധിക്കപ്പെട്ടവരുടെ നെഞ്ചിടിപ്പു കുറയ്ക്കാൻ ഉതകുന്ന കാര്യങ്ങളല്ല. അവർ നീതിയാണ് ആവശ്യപ്പെടുന്നത്. ഏതു കണ്ണുപൊട്ടനും അറിയാം അവർ ചെന്നുപെട്ടിട്ടുള്ള ദുർവിധി. നിയമം ലംഘിച്ചിട്ടുള്ളത് ഫ്ളാറ്റ് ഉടമകളല്ല. നിയമാനുസരണം വില പൂർണമായും അടച്ചാണ് അവർ ഫ്ളാറ്റുകൾ വാങ്ങിയത്. സർക്കാരിന് അതിനുള്ള ഭീമമായ രജിസ്ട്രേഷൻ ഫീസും അടച്ചിട്ടുണ്ട്. എല്ലാ വകുപ്പുകൾക്കും നൽകേണ്ട ഫീസും കരവുമൊക്കെ അടച്ചുതീർത്ത് താമസം തുടങ്ങിയ അവരെ ഒരു സുപ്രഭാതത്തിൽ ഇറക്കിവിടുന്നത് നിയമലംഘനം മാത്രമല്ല, കടുത്ത നീതിനിഷേധവുമാണ്. ഫ്ളാറ്റ് സമുച്ചയം പൊളിച്ചുമാറ്റാൻ 30 കോടി രൂപയെങ്കിലും ചെലവു വരുമെന്നാണ് കണക്കാക്കിയിട്ടുള്ളത്. പൊളിക്കാൻ ഇത്രയും വലിയ തുക നഗരസഭയാണ് വഹിക്കേണ്ടിവരിക. അപ്പോൾ ഫ്ളാറ്റിലെ താമസക്കാർക്കുണ്ടാകുന്ന അതിഭീമമായ നഷ്ടത്തിന്റെ ഉത്തരവാദിത്വം ആര് ഏൽക്കും? നഗരസഭയും സർക്കാരും ചേർന്നു വേണം അതു ചെയ്യാൻ. ഒരു തരത്തിലും ഒഴിഞ്ഞുമാറാനാകാത്ത ബാദ്ധ്യതയാണത്.