gurudeva-jayanthi

തിരുവനന്തപുരം: ഏകലോക ദർശനത്തിന്റെ മഹാപ്രവാചകനായ വിശ്വഗുരു ശ്രീനാരായണ ഗുരുദേവന്റെ 165-ാമത് ജയന്തി ഇന്ന് ലോകമെമ്പാടുമുള്ള ഗുരുഭക്തരും ശ്രീനാരായണ പ്രസ്ഥാനങ്ങളും ഭക്തിനിർഭരമായ ചടങ്ങുകളോടെ ആഘോഷിക്കും.

ഗുരുദേവ മന്ദിരങ്ങളിലും ഗുരുദേവ ക്ഷേത്രങ്ങളിലും വിശേഷാൽ പൂജകളും പ്രാർത്ഥനകളും സമ്മേളനങ്ങളും ഘോഷയാത്രകളും അന്നദാനവും നടക്കും. എസ്.എൻ.ഡി.പി യോഗം യൂണിയൻ, ശാഖാ തലങ്ങളിലും ആഘോഷ പരിപാടികൾ നടത്തും. ഗുരുവിന്റെ ജന്മഗൃഹമായ ചെമ്പഴന്തി ഗുരുകുലത്തിൽ ഇന്ന് രാവിലെ മുതൽ വിശേഷാൽ പൂജയും പ്രാർത്ഥനയും നടക്കും. ഗുരുകുലം സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ ചടങ്ങുകൾക്ക് നേതൃത്വം നൽകും. രാവിലെ 10ന് ശ്രീനാരായണ ദാർശനിക സമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ജയന്തി ഘോഷയാത്ര ഗുരുകുലത്തിൽ നിന്ന് വൈകിട്ട് 5ന് ആരംഭിച്ച് ഉദയഗിരി, ചെല്ലമംഗലം, കരിയം, ചെക്കാലമുക്ക്, വെഞ്ചാവോട് വഴി ചെമ്പഴന്തി പോസ്റ്റ് ഓഫീസ് ജംഗ്ഷൻ വരെ പോയി തിരികെ ഗുരുകുലത്തിൽ സമാപിക്കും. തുടർന്ന് നടക്കുന്ന മഹാസമ്മേളനം മന്ത്രി സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. മന്ത്രി കടകംപള്ളി സുരേന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. സ്വാമി സൂക്ഷ്മാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തും.

ഗുരുദേവന്റെ മഹാസമാധി സ്ഥാനമായ വർക്കല ശിവഗിരി മഠത്തിന്റെ ആഭിമുഖ്യത്തിലും വിപുലമായ ജയന്തി ആഘോഷ പരിപാടികൾ നടക്കും. രാവിലെ 7.15ന് ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ പതാക ഉയർത്തും. 9.30ന് ജയന്തി സമ്മേളനം കേന്ദ്രമന്ത്റി വി. മുരളീധരൻ ഉദ്ഘാടനം ചെയ്യും. സ്വാമി വിശുദ്ധാനന്ദ അദ്ധ്യക്ഷത വഹിക്കും. അടൂർ പ്രകാശ് എം.പി മുഖ്യപ്രഭാഷണം നടത്തും. ധർമ്മസംഘം ട്രസ്റ്ര് ട്രഷറർ സ്വാമി ശാരദാനന്ദ ജപയജ്ഞം ഉദ്ഘാടനം ചെയ്യും. ധർമ്മസംഘം ട്രസ്റ്ര് ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ സ്വാഗതം പറയും. വൈകിട്ട് 4.30ന് ശിവഗിരി മഹാസമാധിയിൽ നിന്ന് വർണാഭമായ ഘോഷയാത്ര പുറപ്പെടും.

അരുവിപ്പുറം ശിവക്ഷേത്രത്തിൽ പതിവ് പൂജകൾക്ക് പുറമെ വൈകിട്ട് 6.30ന് സത്‌സംഗം നടക്കും. ശിവഗിരി ധർമ്മസംഘം ട്രസ്റ്ര് ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ നേതൃത്വം നൽകും.