rekha

തിരുവനന്തപുരം: തലസ്ഥാന നഗരമാകെ ഉത്സവലഹരിയിൽ. ഓണം വാരാഘോഷം മൂന്നാം ദിവസം പിന്നിടുമ്പോൾ രാപ്പകൽ ഭേദമെന്യേ ആയിരങ്ങളാണ് നഗരത്തിലേക്ക് ഒഴുകിയെത്തുന്നത്.

തിരുവോണവും അവിട്ടവുമൊക്കെ ആസ്വദിക്കാൻ വൻ ജനപ്രവാഹമാണ് കനകക്കുന്നിലെത്തിയത്. കാഴ്ചക്കാർക്കായി വൈവിദ്ധ്യമാർന്ന കലാപരിപാടികളാണ് ടൂറിസം വകുപ്പ് ജില്ലയിലെ 29 വേദികളിലായി ഒരുക്കിയിട്ടുള്ളത്. രാത്രിയിൽ ദീപാലംകൃതമാകുന്ന നഗരവീഥികൾ നയനാനന്ദകരമായ കാഴ്ചയാണ്.

ഇന്നലെ വൈകിട്ട് കനകക്കുന്നിൽ അരങ്ങേറിയ നാദം കലാസമിതിയും മൈലേന്തിക്കാവും നയിച്ച ചെണ്ടമേളം ആസ്വദിക്കാൻ വൻ ജനസാഗരമെത്തി.

പ്രധാന വേദിയായ നിശാഗന്ധിയിൽ കാവ്യ ഗണേഷിന്റെ മോഹിനിയാട്ടമായിരുന്നു പ്രധാന പരിപാടി. തുടർന്ന് രാജലക്ഷ്മി,​ നിഷാദ്,​ പ്രകാശ് ബാബു,​ അശ്വതി എന്നിവർ അവതരിപ്പിച്ച സുവർണഗീതങ്ങളും പ്രേക്ഷകപ്രീതി നേടി. സാംസ്‌കാരികപ്പെരുമ വിളിച്ചോതി കനകക്കുന്നിലെ വിവിധ വേദികളിൽ ഭദ്റകാളിപ്പാട്ട്, ഗരുഡൻ പറവ,​ തോൽപാവക്കൂത്ത്,​ പൂരക്കളി,​ പുള്ളുവൻപാട്ടും തിരിയുഴിച്ചിലും,​ ഗന്ധർവൻ പാട്ട്,​ തെയ്യം,​ ശാസ്ത്രീയ സംഗീതം തുടങ്ങിയ പരിപാടികൾ നടന്നു.

പ്രസ്ക്ലബിന്റെ ആഭിമുഖ്യത്തിൽ കനകക്കുന്ന് പാലസ് ഹാളിലൊരുക്കിയ ഫോട്ടോ എക്സിബിഷൻ കാണാൻ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും എത്തിയിരുന്നു.

 ഇന്ന്

ഓണാം വാരാഘോഷത്തിന്റെ മൂന്നാം ദിവസമായ ഇന്ന് പ്രധാന വേദിയായ നിശാഗന്ധി ഓഡി​റ്റോറിയത്തിൽ വൈകിട്ട് 6ന് ഷബ്‌നം റിയാസിന്റെ സൂഫി സംഗീതവും 7 മുതൽ രവിശങ്കർ, രാജലക്ഷ്മി, അരവിന്ദ് വേണുഗോപാൽ, അഖില, സംഗീത് എന്നിവർ നയിക്കുന്ന ജോൺസൺ ഗാനാഞ്ജലിയും നടക്കും

 കവികളെത്തിയത് കറുത്ത ബാഡ്ജ് ധരിച്ച്

തിരുവോണനാളിൽ അയ്യങ്കാളി ഹാളിൽ നടന്ന കവിയരങ്ങിൽ പി.എസ്.സി പരീക്ഷകൾ മലയാളത്തിലാക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്യുന്നവർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് കവികൾ കറുത്ത ബാഡ്ജ് ധരിച്ചാണെത്തിയത്.

ഗതാഗത നിയന്ത്രണം ഭാഗികം

കലാപരിപാടികൾ നടക്കുന്നതിനാലും ജനത്തിരക്ക് പരിഗണിച്ചും രാത്രി 6 മുതൽ 9 വരെ നഗരസഭ ഓഫീസ് മുതൽ വെള്ളയമ്പലം ജംഗ്ഷൻ വരെ വാഹനം കടത്തിവിടില്ലെന്ന് പൊലീസ് അറിയിച്ചിരുന്നെങ്കിലും ജനങ്ങളുടെ സൗകര്യാർത്ഥം വാഹനങ്ങൾ കടത്തി വിട്ടു. ഓണം വാരാഘോഷത്തോടനുബന്ധിച്ച് 15 വരെയാണ് നഗരത്തിലെ ഗതാഗത നിയന്ത്രണം.