
തിരുവനന്തപുരം: കേന്ദ്ര ഗതാഗത നിയമ പ്രകാരം സാധാരണ മനുഷ്യന് താങ്ങാനാവാത്തവിധം കൂട്ടിയ ട്രാഫിക് പിഴ നിരക്കുകൾ കുറച്ചു കൊണ്ട് കേരളം പുതിയ വിജ്ഞാപനം പുറപ്പെടുവിക്കും. കേന്ദ്രനിയമത്തിലുള്ളതുപോലെ കൊള്ളപ്പിഴ ഈടാക്കുന്നതിന് അനുവാദം നൽകി ആഗസ്റ്റ് 31ന് സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച വിജ്ഞാപനം റദ്ദാക്കാൻ ഗതാഗത വകുപ്പ് തീരുമാനിച്ചു. കൂട്ടിയ പിഴ നിരക്ക് ജനത്തിന് താങ്ങാനാവാത്തതാണെന്നും 5 സംസ്ഥാനങ്ങൾ ഇത് നടപ്പാക്കാതെ മാറിനിൽക്കുകയാണെന്നും കാണിച്ച് ആദ്യമായി വാർത്ത നൽകിയത് കേരളകൗമുദി ആയിരുന്നു.
സംസ്ഥാനങ്ങൾക്കുള്ള പ്രത്യേക അധികാരം ഉപയോഗിച്ച് ഒരിക്കൽ പുറപ്പെടുവിച്ച വിജ്ഞാപനം റദ്ദാക്കാമെന്ന നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ തീരുമാനമെടുക്കാൻ 16ന് മന്ത്രി എ.കെ. ശശീന്ദ്രന്റെ അദ്ധ്യക്ഷതയിൽ ഉന്നതതല യോഗം ചേരും.
ഗതാഗത നിയമലംഘനത്തിന് പത്തിരട്ടി വരെ പിഴ വർദ്ധിപ്പിച്ച കേന്ദ്രനിയമത്തിനെതിരെ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പോലും പ്രതിഷേധം വ്യാപകമാണ്. മഹാരാഷ്ട്ര, ബീഹാർ, ഗോവ സംസ്ഥാനങ്ങൾ പിഴസംഖ്യ വെട്ടിക്കുറയ്ക്കണമന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഗുജറാത്ത് സർക്കാർ എല്ലാ നിയമ ലംഘനത്തിനും നിയമത്തിൽ പറയുന്ന ഏറ്റവും കുറഞ്ഞ തുക ഈടാക്കാൻ തീരുമാനിച്ചിട്ടുണ്ട്. അതേ മാതൃക പിന്തുടരുമെന്ന് കർണാടകയും അറിയിച്ചു. പ്രതിഷേധം ഏറുന്നതിനിടെ ഗതാഗത നിയമ ലംഘനത്തിന് പിഴത്തുക അതത് സംസ്ഥാന സർക്കാരിന് നിശ്ചയിക്കാമെന്ന് പറയാൻ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി നിർബന്ധിതനായി. ഇതു സംബന്ധിച്ച് ഒരു ഉത്തരവ് കേന്ദ്രസർക്കാർ പുറപ്പെടുവിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിയമ വകുപ്പിന്റെ നിലപാടനുസരിച്ചാകും പിഴത്തുക എത്രത്തോളം കുറയ്ക്കണമെന്ന് തീരുമാനിക്കുക. ഇതു സംബന്ധിച്ച ഗതാഗത വകുപ്പിന്റെ തീരുമാനം യോഗത്തിൽ അവതരിപ്പിക്കും
# പിഴത്തുക 50 ശതമാനത്തിലേറെ കുറഞ്ഞേക്കും
സീറ്റ് ബെൽറ്റ്, ഹെൽമറ്റ്: 1000ന് പകരം 400 അല്ലെങ്കിൽ 500
ലൈസൻസില്ലെകിൽ: 5000 നു പകരം 2000-3000
ഇൻഷ്വറൻസില്ലെങ്കിൽ: 2000നു പകരം 1000
സിഗ്നൽ മറികടക്കുക, മൊബൈൽ : 5000 നു പകരം 2000
മദ്യപിച്ച് വാഹനം ഓടിച്ചാൽ : 10000 രൂപ