swami

തിരുവനന്തപുരം: മുഞ്ചിറമഠത്തിന്റെ ഉടമസ്ഥതയിലുള്ള വസ്തു സേവാഭാരതി കൈയേറിയെന്നാരോപിച്ച് മുഞ്ചിറ മഠാധിപതി പുഷ്പാഞ്ജലി സ്വാമിയുടെ നിരാഹാരം അഞ്ചാം ദിവസത്തിലേക്ക്. കഴിഞ്ഞ എട്ടിനാണ് സ്വാമി കോട്ടയ്ക്കകം മിത്രാനന്ദപുരത്തെ ബാലസദനത്തിന് മുന്നിൽ നിരാഹാരം ആരംഭിച്ചത്. നാല് ദിവസം പിന്നിട്ടെങ്കിലും സേവാഭാരതി പ്രവർത്തകരോ അധികൃതരോ തന്റെ ആവശ്യം കണ്ടതായി നടിക്കുന്നില്ലെന്ന് സ്വാമി പറയുന്നു. ക്ഷീണവും ശരീരത്തിന് മരവിപ്പുമുണ്ടെങ്കിലും നിരാഹാരം തുടരാനാണ് 78കാരനായ സ്വാമിയുടെ തീരുമാനം.

സേവാഭാരതിയുടെ ബാലസദനം പ്രവർത്തിക്കുന്നത് മഠത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണെന്നും ചാതുർമാസ വ്രതാനുഷ്ഠാനത്തിനായി സ്ഥലം വിട്ടുകിട്ടാൻ നടപടി വേണമെന്നും ആവശ്യപ്പെട്ട് സമരത്തിന് ഒരാഴ്ച മുൻപ് മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിരുന്നെങ്കിലും നാളിതുവരെ നടപടികളൊന്നുമായില്ല. നിരാഹാരം ആരംഭിക്കുന്നതായി തഹസിൽദാർ,​ റവന്യൂ അധികൃതർ,​ പൊലീസ് തുടങ്ങിയവരെയെല്ലാം അറിയിച്ചിരുന്നു. വിവരാവകാശ നിയമപ്രകാരം ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ടി.സി നമ്പരിൽ കൃത്രിമത്വം കാണിച്ചും ലൈസൻസ് ഇല്ലാതെയുമാണ് ബാലസദനം പ്രവർത്തിക്കുന്നതെന്ന് വ്യക്തമാക്കുന്ന രേഖകളും അധികൃതർക്ക് മുന്നിൽ സ്വാമി ഹാജരാക്കിയിട്ടുണ്ട്.

ജൂലായ് 16നാണ് രണ്ടുമാസം നീണ്ടുനിൽക്കുന്ന ചാതുർമാസ വ്രതത്തിനായി സ്വാമി മിത്രാനന്ദപുരം ക്ഷേത്രക്കുളത്തിന് സമീപത്തെ മഠത്തിലെത്തിയത്. ഇത് സേവാഭാരതി പ്രവർത്തകർ എതിർത്തിരുന്നു. സാമൂഹ്യവിരുദ്ധരുടെ കേന്ദ്രമായിരുന്ന സ്ഥലം ബാലസദനത്തിനായി രാജകുടുംബം കൈമാറിയതാണെന്നാണ് സേവാഭാരതിയുടെ വാദം. സ്വാമിയുടെ സുരക്ഷയ്ക്കായി രണ്ടു പൊലീസുകാരെ ഇവിടെ നിയോഗിച്ചിട്ടുണ്ട്. നാളെയാണ്​ ചാതുർമാസ വ്രതം അവസാനിക്കുന്നത്.