തിരുവനന്തപുരം: മരടിലെ 5 കെട്ടിട സമുച്ചയങ്ങൾ 20നകം പൊളിച്ചുമാറ്റി റിപ്പോർട്ട് ചെയ്യണമെന്ന സുപ്രീംകോടതി വിധി ചർച്ച ചെയ്യാൻ സർവകക്ഷി യോഗം വിളിക്കണമെന്നാവശ്യപ്പെട്ട് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്കുകയും ഫോണിൽ സംസാരിക്കുകയും ചെയ്തു.
മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അഖിലകക്ഷി നിവേദക സംഘം ഉടൻ ഡൽഹിക്ക് പോകണം.
അവിടെ താമസിക്കുന്ന 357 കുടുംബങ്ങളാണ് പ്രതിസന്ധിയുടെ രക്തസാക്ഷികൾ. ഒരു തെറ്റും ചെയ്യാത്തവർ ശിക്ഷിക്കപ്പെടുകയും കെട്ടിടം നിർമ്മിച്ച് ലാഭമുണ്ടാക്കിയവർ രക്ഷപ്പെടുകയും ചെയ്യുന്ന സ്ഥിതിയാണ് സുപ്രീംകോടതി വിധി മൂലം ഉണ്ടായിരിക്കുന്നത്.
കെട്ടിട സമുച്ചയങ്ങൾ പൊളിച്ചു മാറ്റുമ്പോൾ ഉണ്ടാകുന്ന പാരിസ്ഥിതികപ്രശ്നങ്ങൾ ഗുരുതരമെന്ന് സർക്കാർ കോടതിയെ ബോദ്ധ്യപ്പെടുത്തണം.
പത്ത് വർഷമായി താമസിക്കുന്ന കുടുംബങ്ങളുടെ വാദം കൂടി കേൾക്കേണ്ടതിന്റെ ആവശ്യകത സംസ്ഥാനസർക്കാർ സുപ്രീംകോടതിയുടെ ശ്രദ്ധയിൽ കൊണ്ടുവരണം.
ഫെബ്രുവരി 28ന്റെ തീരദേശവിജ്ഞാപനത്തിലെ വ്യവസ്ഥകളനുസരിച്ച് പൊളിച്ചു മാറ്റാൻ നോട്ടീസ് നല്കിയ കെട്ടിട സമുച്ചയങ്ങൾ പൊളിച്ചുകളഞ്ഞ അതേ സ്ഥലത്ത് പുതുതായി പണിയാം. ഇതിന് തീരദേശ നിയന്ത്രണ മേഖല കാറ്റഗറി 3ൽ നിന്നും 2 ആക്കി മാറ്റിയാൽ മതി. ഈ വിജ്ഞാപനത്തിന് മുൻകാല പ്രാബല്യം നല്കിയാൽ ഇപ്പോഴത്തെ പ്രതിസന്ധി ഒഴിവാക്കാനാവും. ഈ സാഹചര്യത്തിൽ ആവശ്യമായ നിയമ സാധുതയില്ലാതെ പണിത കെട്ടിട സമുച്ചയങ്ങൾക്ക് പിഴയീടാക്കി, ഇവയെ നിയമാനുസൃതമാക്കാൻ കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തണമെന്നും ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു.