ആർഷ ഭാരത സംസ്കാരത്തിന്റെ അടിസ്ഥാനത്തിൽ ജനനമരണങ്ങൾ സംഭവിക്കുന്നത് രണ്ട് വിധത്തിലാണ്. ആദ്യത്തേത് സ്വന്തം ഇച്ഛപ്രകാരം ജനനം എടുക്കുന്നു. രണ്ടാമത്തേത് കർമ്മത്തിനധീനമായി കർമ്മനിയമങ്ങൾക്കനുസൃതമായി ഉണ്ടാകുന്ന ജന്മം. ഇപ്രകാരം ജന്മമെടുക്കുന്നവരാണ് 99.9 ശതമാനം ആളുകളും. ഓരോ ജന്മത്തിലും ചെയ്യുന്ന നല്ലതും ചീത്തയും ആയ കർമ്മത്തിന്റെ ഫലങ്ങൾക്കനുസരിച്ച് അതുമായി ബന്ധപ്പെട്ട അച്ഛന്റേയും അമ്മയുടേയും മകനോ, മകളോ ആയി ആ ജീവൻ പിറവിയെടുക്കുന്നു. ഓരോ ജന്മത്തിലും ഓരോ അച്ഛനും, അമ്മയും ആയിരിക്കും. പക്ഷേ ഗർഭാവസ്ഥയിൽ വളരുന്ന കുഞ്ഞിന് തന്റെ എല്ലാ ജന്മങ്ങളേയും കുറിച്ച് വ്യക്തമായ ഓർമ്മ ഉണ്ടായിരിക്കുമെന്ന് ഋഷിമാർ നമ്മെ ഓർമ്മിപ്പിക്കുന്നു.
ഈ ലോകത്ത് വന്നാലുണ്ടാകുന്ന ദുഃഖങ്ങളെക്കുറിച്ചും മറ്റും വ്യക്തമായ അറിവ് അന്നേരം ഉണ്ട്. പക്ഷേ എന്ത് ചെയ്യാം ഈ കുഞ്ഞ് പുറത്തുവരുന്ന ആ നിമിഷം മായ ആ കുഞ്ഞിനെ ആവരണം ചെയ്യുന്നു. അന്നേരത്ത് എല്ലാം കൈവിട്ടുപോയല്ലോ എന്ന ചിന്തയാണ് ജനനസമയത്ത് കുഞ്ഞുങ്ങൾ കരയാൻ കാരണം എന്ന് ഋഷിവാണി.
ഈ സന്ദർഭത്തിലാണ് ലോക ഗുരുവായ ശ്രീനാരായണഗുരുദേവന്റെ 165-ാമത് തിരുജയന്തി ലോകമെങ്ങും ആഘോഷിക്കുമ്പോൾ, ഗുരുവിന്റെ ജനനസമയത്ത് ആ കുഞ്ഞ് കരഞ്ഞില്ല എന്നത് എന്തുകൊണ്ടെന്ന് നാം അറിഞ്ഞിരിക്കേണ്ടത്. ബ്രഹ്മണേമൂർത്തിമതേ എന്ന് ഗുരുവിന്റെ ശിഷ്യൻ
ഗുരുവിനെ അറിഞ്ഞ് വാഴ്ത്തി പാടിയത് ഇത്തരുണത്തിൽ ചേർത്ത് പഠിച്ച് മനനം ചെയ്യേണ്ടിയിരിക്കുന്നു.
ഈ സന്ദർഭത്തിൽ ഓരോ ഗുരുദേവ വിശ്വാസിയും ഭക്തരും അനുയായികളും ചെയ്യേണ്ടത് പരിപൂർണനായ ഗുരുവിനെ പൂർണതയോടെ മനസ്സിലാക്കുവാനും അതിലൂടെ അവനവനെത്തന്നെ തിരിച്ചറിയുവാനും ഉള്ള ശ്രമം നടത്തുക എന്നുള്ളതാണ്. തിരു ജയന്തി ആഘോഷിക്കുമ്പോൾ നമ്മൾ മഹാഗുരുവിനോട് എത്രമാത്രം കടപ്പെട്ടിരിക്കുന്നു എന്ന് തിരിച്ചറിഞ്ഞുകൊണ്ടുള്ള ആഘോഷം ആയിരിക്കണം. ഭാരതത്തിന് സ്വാതന്ത്ര്യം ലഭിക്കുന്നതിനും എത്രയോ വർഷങ്ങൾക്ക് മുൻപ് ഗുരു നമ്മൾക്ക് സ്വാതന്ത്ര്യം നൽകി എന്ന് തിരിച്ചറിയുമ്പോഴാണ് അതിന്റെ അപൂർവത. ഗുരു മനുഷ്യരാശിക്ക് നൽകിയത് സമഗ്രമായ സ്വാതന്ത്ര്യമായിരുന്നു. മാനസികമായ അടിമത്തമായിരുന്നു അന്നത്തെ പ്രശ്നമെങ്കിൽ ഇന്നും അതിൽനിന്നും മനുഷ്യരാശി ഉണർന്നിട്ടില്ല എന്ന് നാം തിരിച്ചറിയുന്നുവോ ? ഈ മാനസിക അടിമത്വം മാറ്റുവാനാണ് വിദ്യ കൊണ്ട് സ്വതന്ത്രരാകാൻ ഗുരു ഉദ്ഘോഷിച്ചത്. അതുപോലെ വ്യക്തികൾക്ക് തപോബലം കുറവുള്ളതുകൊണ്ട് സംഘടിച്ച് ശക്തരാകാൻ ഗുരു ലോകത്തോട് പറഞ്ഞു.
അതോടൊപ്പം ഭക്തിയിലൂടെയും കർമ്മത്തിലൂടെയും ജ്ഞാനത്തിലൂടെയും മനുഷ്യന്റെ യഥാർത്ഥ സ്വരൂപത്തെ മറച്ചിരിക്കുന്ന മായയിൽനിന്നും മോചിതരായി ഭാരതത്തിന്റെ മാത്രം സമ്പത്തായ അമൃതസ്യപുത്രാഃ എന്ന ഋഷി വാണിയിലേക്ക് നമ്മെ ഓരോരുത്തരേയും വളരെ ശാസ്ത്രീയമായി കൈപിടിച്ചുയർത്താനാണ് അറുപത്തിനാലോളം വരുന്ന സംസ്കൃതം, മലയാളം, തമിഴ് കൃതികളും ശ്രീനാരായണ ധർമ്മവും ഗുരു മാനവരാശിക്ക് നൽകിയത്. ഇതെല്ലാം നാം പഠിക്കുകയും സ്വാംശീകരിക്കുകയും ചെയ്യുമ്പോഴാണ് നമ്മിലെ കാമക്രോധലോഭ മോഹമദമാത്സര്യങ്ങൾ ഒന്നൊന്നായി തൊട്ടെണ്ണി പൊരുളൊടുക്കി സോദരത്വേന വാഴുന്ന ഒരു മാതൃകാ സ്ഥാനമാക്കി ഈ ധരിത്രിയെ നമുക്ക് മാറ്റുവാൻ സാധിക്കുന്നത്. ഇങ്ങനെയുള്ള ഒരു സുന്ദര മനുഷ്യർ അധിവസിക്കുന്ന ഒരു നീല ഗോളത്തെയാണ് ആ മഹാഗുരു സ്വപ്നം കണ്ടിരുന്നത്. ഇങ്ങനെ ഒരു മഹാഗുരു ഈ സുന്ദര കേരളത്തിൽ പിറവിയെടുത്തിട്ട് 165 വർഷങ്ങൾ പിന്നിടുകയാണ്. ഇതിൽ നാം എവിടെയാണ് നിൽക്കുന്നത് ? നമ്മുടെ ഓരോരുത്തരുടെയും സ്ഥാനം എവിടെയാണ്? സ്നേഹം ഇല്ലാത്ത ഊഷരമായ ഈ ലോകത്ത് അധികാരം പിടിച്ചെടുക്കാൻ ജാതിയേയും മതത്തേയും ഉപയോഗിച്ച് വോട്ട് പിടിക്കുന്ന രാഷ്ട്രീയ കോമരങ്ങളെ തിരിച്ചറിയാതെ പോകുന്നത് ഈ മഹാഗുരുവിന്റെ വാണികളെ സമൂഹത്തിൽ പഠിപ്പിക്കാത്തത് കൊണ്ടാണ്. ഈ സമത്വ സുന്ദരമായ ഒരു ദർശനം പഠിപ്പിച്ചാൽ ജനങ്ങൾക്ക് ബോധമുണ്ടായാൽ പിന്നെ രാഷ്ട്രീയക്കാർക്കും ജാതികൊണ്ടും, മതംകൊണ്ടും ഉപജീവനം നടത്തുന്നവർക്കും ജീവിക്കാൻ വേറെ ജോലി നോക്കേണ്ടി വരും എന്ന് അവർക്കറിയാവുന്നതുകൊണ്ടാണ് ഇതൊക്കെ മൂടിവച്ചുകൊണ്ട് സമൂഹത്തിൽ അവ്യക്തത മാത്രം സമ്മാനിച്ചു കൊണ്ട് പ്രവർത്തിക്കുന്നത്. പ്രത്യേകിച്ച് ഗുരുവിനെ ഒരു സാമൂഹിക പരിഷ്കർത്താവ് എന്നും നവോത്ഥാന നായകനെന്നും സമുദായ നേതാവെന്നും പലരും പല വിധത്തിൽ കാണുവാനും അത് മറ്റുള്ളവരിലേക്ക് അടിച്ചേൽപ്പിക്കുവാനും ശ്രമിക്കുന്ന ഈ കാലഘട്ടത്തിൽ ഗുരുവിന്റെ തന്നെ ഭാഷയിൽ പറഞ്ഞാൽ നാല് അന്ധന്മാർ കൂടി ഒരാനയെ കാണാൻ പോയപ്പോൾ അവർക്കുണ്ടായ അനുഭവം വളരെ ഭംഗിയായി ഗുരു വരച്ചിടുന്നത് നാം ശ്രദ്ധിക്കണം. ഈ അന്ധത ഗുരുവിനെ കാണുവാൻ ശ്രമിക്കുന്ന ആളുകൾക്കും ഉണ്ട്.കാരണം കാലദേശാതിവർത്തിയായ പരംപൊരുളിനെ എങ്ങനെ കാണുവാനും മനസ്സിലാക്കുവാനും സാധിക്കും. ആ പരം പൊരുൾ അഥവാ പരബ്രഹ്മം നരരൂപമെടുത്ത് അവതരിച്ചതാണ് സാക്ഷാൽ ശ്രീനാരായണ ഗുരുദേവൻ എന്ന് മുൻവിധികളില്ലാതെ സൂക്ഷ്മമായി അന്വേഷിച്ചാൽ മനസ്സിലാകും.
അങ്ങനെയുള്ള പരബ്രഹ്മ മൂർത്തിയുടെ പരിപൂർണ നിയന്ത്രണത്തിലാണ് ഈ പ്രപഞ്ചം. ഈ പ്രപഞ്ചത്തിൽ അഥവാ ഈ ഭൂമിയിൽ അധിവസിക്കുന്ന മനുഷ്യരിൽ ഉച്ഛനീചത്വഭാവം വളർന്ന് കലുഷിതമായി തീർന്നപ്പോൾ അതിനെ ഇല്ലായ്മ ചെയ്യാൻ സ്വന്തം ഇച്ഛപ്രകാരം അവതരിച്ച സാക്ഷാൽ പരബ്രഹ്മ സ്വരൂപനെ എങ്ങനെ മായ പിടിക്കും, സാദ്ധ്യമല്ല. അതുകൊണ്ടാണ് ആ കരുണാമൂർത്തി ഇവിടെ ജനിച്ചപ്പോൾ കരയാതിരുന്നത്. എല്ലാത്തിനേയും നിയന്ത്രിക്കുന്ന ആ ജ്യോതി സ്വരൂപം തന്റെ അവതാരകൃത്യത്തെക്കുറിച്ച് വ്യക്തമായ അവബോധത്തോടെയാണ് വർത്തിച്ചത്.
തിരിച്ചറിവ് വളരെ വലിയ ഒന്നാണ്. ശ്രീനാരായണ ഗുരുദേവൻ മനുഷ്യന് തിരിച്ചറിവ് ഉണ്ടാക്കുവാനാണ് ശ്രമിച്ചത്. പ്രത്യേകിച്ച് യുവജനങ്ങളാണ് തിരിച്ചറിവ് നേടി അവരുടെ ഭാവി സുരക്ഷിതമാക്കേണ്ടത്. 'നാം ശരീരമല്ല അറിവാകുന്നു. ശരീരം ഉണ്ടാകുന്നതിന് മുൻപിലും അറിവായ നാം ഉണ്ടായിരുന്നു. ഇനി ഇതൊക്കെയും ഇല്ലാതെ പോയാലും നാം ഇപ്രകാരം പ്രകാശിച്ചുകൊണ്ട് തന്നെയിരിക്കും' എന്ന ഗുരുവാണീ പ്രത്യേകിച്ച് വിചാരം ചെയ്യേതുണ്ട്. മുൻപ് സൂചിപ്പിച്ച പോലെ ആ പരബ്രഹ്മ സ്വരൂപൻ സ്വന്തം ഇച്ഛപ്രകാരം നമ്മളെയൊക്കെ രക്ഷപ്പെടുത്തുവാൻ ഈ സംസാരദുഃഖത്തെ എന്നന്നേയ്ക്കുമായി ഇല്ലാതാക്കുവാൻ അവതരിച്ച സുദിനം നാം ആഘോഷിക്കുമ്പോൾ അന്തഃസത്ത ചോർന്ന് പോകാതെ നമ്മുടെ ഉള്ളിലെ അണയാത്ത ചൈതന്യത്തെ തിരിച്ചറിയുവാനുള്ള ഒരവസരമായിട്ട് കൂടി പ്രയോജനപ്പെടുത്തുവാൻ സാധിക്കുമ്പോൾ മഹാഗുരുവിന്റെ ജയന്തി സാർത്ഥകമാകും. അതിന് മഹാഗുരുവിന്റെ അനുഗ്രഹത്തിനായി നമ്മുടെ ഹൃദയത്തെ നമുക്ക് തുറന്നുവയ്ക്കാം....
(ശിവഗിരി ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറിയാണ് ലേഖകൻ)