rail

തിരുവനന്തപുരം: തിരുവനന്തപുരത്തെ നാലുമണിക്കൂറിൽ കാസർകോട്ടുമായി ബന്ധിപ്പിക്കുന്ന സെമി-ഹൈസ്‌പീഡ് റെയിൽവേ പദ്ധതിക്കൊപ്പം 10 ജില്ലകളിൽ ഉപഗ്രഹനഗരങ്ങൾ (സാറ്റലൈറ്റ് സിറ്റികൾ) ഉയരും. പുതിയസ്റ്റേഷനുകൾ നിർമ്മിക്കുന്ന കൊച്ചുവേളി, കൊല്ലം, ചെങ്ങന്നൂർ, കോട്ടയം, കാക്കനാട്, തൃശൂർ, തിരൂർ, കോഴിക്കോട്,കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിലാണ് ഉപഗ്രഹനഗരങ്ങൾ വരുന്നത്. ലോകനിലവാരമുള്ള പുതിയ സ്റ്റേഷനുകളോട് ചേർന്ന് ഷോപ്പിംഗ് മാളുകൾ, ഹോട്ടലുകൾ, പാർപ്പിട സമുച്ചയങ്ങൾ, പാർക്കിംഗ് കേന്ദ്രങ്ങൾ, ഐ.ടി പാർക്കുകൾ എന്നിവ സ്ഥാപിക്കാനാണ് സർക്കാർ തീരുമാനം. ഇതിനായുള്ള കൺസൾട്ടൻസിയെ കണ്ടെത്താൻ കേരള റെയിൽവേ വികസന കോർപറേഷൻ (കെ.ആർ.ഡി.സി.എൽ) ടെൻഡർ വിളിച്ചു.

65,000 കോടി രൂപ ചെലവുള്ള സെമി-ഹൈസ്‌പീഡ് റെയിൽവേ പദ്ധതി ലാഭകരമാക്കാനാണ് സ്റ്റേഷനുകൾക്കടുത്ത് ഉപഗ്രഹനഗരങ്ങൾ സ്ഥാപിക്കുന്നത്. 8656 കോടി ചെലവിൽ സംസ്ഥാനസർക്കാർ ഏറ്റെടുക്കുന്ന 1226.45 ഹെക്ടർ ഭൂമിയിലാവും പുതുനഗരങ്ങൾ ഉയരുക. ഇതിനായി സ്വകാര്യപങ്കാളിത്തത്തോടെ കമ്പനിയുണ്ടാക്കും. പരമാവധി സ്വകാര്യനിക്ഷേപം പ്രോത്സാഹിപ്പിക്കും. നിക്ഷേപകർക്ക് വായ്പയെടുക്കാനും സൗകര്യമൊരുക്കും. ഉപഗ്രഹനഗരങ്ങളോടനുബന്ധിച്ച് വൈദ്യുതി വാഹനങ്ങളുടെ പൊതുഗതാഗത ശൃംഖലയുണ്ടാവും. വൈദ്യുതി വാഹനങ്ങൾ ചാർജ് ചെയ്യാനുള്ള സംവിധാനവുമുണ്ടാവും. കൊച്ചുവേളിയിൽ ഒരുസമയം ആയിരം കാറുകൾക്ക് പാർക്കിംഗിന് സൗകര്യമൊരുങ്ങും. നിലവിലെ സ്റ്റേഷന്റെ വലതുഭാഗത്തായാണ് അതിവേഗ റെയിൽവേയുടെ സ്റ്റേഷൻ വരുന്നത്. കൊച്ചുവേളിയിൽ നിന്ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് 4.35 കിലോമീറ്ററിൽ എക്‌സ്റ്റൻഷൻ ലൈൻ സ്ഥാപിക്കും. കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളിൽ ഫീഡർ സ്റ്റേഷനുകളുമുണ്ടാവും.

സെമി-ഹൈസ്‌പീഡ് റെയിൽവേ പദ്ധതിയിൽ, മുടക്കുമുതലിന്റെ 8.1 ശതമാനം പ്രതിവർഷം തിരിച്ചുകിട്ടും. നഗരവികസനം കൂടിയാവുമ്പോൾ ഇത് 16 ശതമാനമാവും. യാത്രക്കാരിൽ നിന്നുള്ള വരുമാനത്തിനു പുറമെ, ചരക്കുലോറികൾ ട്രെയിനിൽ കയറ്റി ലക്ഷ്യസ്ഥാനത്തെത്തിക്കുന്ന റോ–റോ (റോൾ ഓൺ റോൾ ഓഫ്) സർവീസുമുണ്ടാവും.

തുടക്കത്തിൽ 9 ബോഗികൾ.

പിന്നീട് 12 ആക്കും

പദ്ധതി പൂർത്തിയാവുന്നത്

2024ൽ


അതിവേഗയാത്ര ഇങ്ങനെ

തിരുവനന്തപുരം- കാസർകോട് 531കിലോമീറ്ററിൽ പുതിയ 2 പാതകൾ, വേഗം മണിക്കൂറിൽ 180-200 കിലോമീറ്റർ

1.03 മണിക്കൂറിൽ കോട്ടയം, 1.26 മണിക്കൂറിൽ കൊച്ചി, 2.37 മണിക്കൂറിൽ കോഴിക്കോട്, 3.16 മണിക്കൂറിൽ കണ്ണൂർ

 അതിവേഗ ട്രെയിനുകളിൽ കിലോമീറ്ററിന് അഞ്ചുരൂപ യാത്രാനിരക്കുണ്ട്. സെമി - ഹൈസ്പീഡിൽ 2.75 രൂപ

കേരളത്തിലെ ഏത് രാജ്യാന്തര വിമാനത്താവളത്തിലും രണ്ടു മണിക്കൂറിനകം എത്തിച്ചേരാനാവും

നാലുവരി റോഡിനു വേണ്ട സ്ഥലത്തിന്റെ പകുതി മാത്രമേ ഏറ്റെടുക്കൂ

100 ശതമാനം പരിസ്ഥിതി സൗഹൃദം

''ഭൂമി നൽകുന്നവർക്ക് ആകർഷകമായ നഷ്‌ടപരിഹാരം നൽകും. പദ്ധതി പൂർത്തിയാകുമ്പോൾ 11,000 പേർക്ക് പ്രത്യക്ഷമായും പരോക്ഷമായും തൊഴിൽ ലഭിക്കും. നിർമ്മാണസമയത്ത് പ്രതിവർഷം അരലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും. റെയിൽപാതയ്ക്കൊപ്പം സർവീസ് റോഡുകളുമുള്ളതിനാൽ ഭൂമിവില വർദ്ധിക്കും''


വി. അജിത്കുമാർ

മാനേജിംഗ് ഡയറക്ടർ

റെയിൽ വികസന കോർപറേഷൻ