വെഞ്ഞാറമൂട്: കെ.എസ്.ആർ.ടി.സി. എന്നു കേൾക്കുമ്പോഴേ നഷ്ടത്തിന്റെയും പരാതീനതകളുടെയും കഥകളാണ് വെഞ്ഞാറമൂട് കെ.എസ്.ആർ.ടി.സി ഡിപ്പോക്കും, ഗ്യാരേജിനും പറയാനുള്ളത്. തിരുവനന്തപുരം ജില്ലയിൽ ഏറ്റവും കൂടുതൽ വരുമാനം കിട്ടുന്ന കെ.എസ്.ആർ.ടി.സി ഡിപ്പോകളിൽ ഒന്നാണ് സംസ്ഥാന പാതയോട് ചേർന്നുള്ള വെഞ്ഞാറമൂട് ഡിപ്പോ. അധികൃതരുടെ ഭാഗത്ത് നിന്നും ഏറ്റവും കൂടുതൽ അവഗണനയും ഈ ഡിപ്പോയ്ക്ക് തന്നെ. ഈ ഡിപ്പോക്ക് 300 മീറ്റർ മാറി പൊതു മാർക്കറ്റിന് സമീപമായിട്ടാണ് ഗ്യാരേജ് സ്ഥിതി ചെയ്യുന്നത്. 2000ത്തിൽ ഉദ്ഘാടനം ചെയ്ത് 50 സെന്റിൽ സ്ഥിതി ചെയ്യുന്ന ഈ ഗ്യാരേജ് കുണ്ടും കുഴിയും ആയിട്ട് ഒന്നര പതിറ്റാണ്ട് കഴിയുന്നു. ഗ്യാരേജ് നിർമിച്ചിട്ട് ഒരു റാമ്പ് നിർമ്മിച്ചതല്ലാതെ ഒരു വികസനവും നാളിതുവരെ കെ. എസ്.ആർ.ടിസിയുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. 60 ബസുകളും, മൂന്ന് വനിതാ ജീവനക്കാർ ഉൾപ്പെടെ അൻപത് ജീവനക്കാരും ഉള്ള ഈ ഗ്യാരേജിന്റെ അവസ്ഥ ദുരിതവും ദുർഘടവും ആണ്. കുണ്ടും കുഴിയും നിറഞ്ഞ ഇവിടെ വാഹനങ്ങൾ തള്ളിക്കൊണ്ട് പോലും പോവാൻ പറ്റാത്ത അവസ്ഥയാണുള്ളത്. മേൽക്കൂര തകർന്ന ഗ്യാരേജിലും, സമീപത്തെ ബാത്ത് റൂമുകളിലും മഴക്കാലങ്ങളിൽ കുട നിവർത്തി നടക്കേണ്ട ഗതികേടിലാണ് ജീവനക്കാർ. വനിതകൾക്ക് പ്രത്യേക സൗകര്യങ്ങളും ഇല്ല. ജീവനക്കാർക്ക് ആഹാരം കഴിക്കാൻ പോലും ഇടമില്ലാത്ത ഒരു ഗ്യാരേജ് കെ.എസ്.ആർ.ടിസിക്ക് വെഞ്ഞാറമൂട് മാത്രമേ ഉണ്ടാകൂ എന്ന് ജീവനക്കാർ പറയുന്നത്. വെഞ്ഞാറമൂട്ടിൽ കെ.എസ്.ആർ.ടി.സിക്ക് ഡീസൽ പമ്പ് സ്ഥാപിക്കുമെന്ന് പണ്ടെങ്ങോ ഒരു വാഗ്ദാനവും ലഭിച്ചിരുന്നു എന്നാൽ നാളിതുവരെ അതും സ്ഥാപിച്ചിട്ടില്ല. നിലവിൽ ഇവിടുള്ള വാഹനങ്ങൾ ആറ്റിങ്ങൽ, കിളിമാനൂർ, നെടുമങ്ങാട് ,വികാസ് ഭവൻ എന്നിവിടങ്ങളിൽ നിന്നാണ് ഡീസൽ അടിക്കുന്നത്. ഇനിയെങ്കിലും വെഞ്ഞാറമൂടോടുള്ള അവഗണന അവസാനിപ്പിക്കണം എന്നാണ് യാത്രക്കാരുടെയും ജീവനക്കാരുടെയും ആവശ്യം.