ബാലരാമപുരം: ദേശീയപാതയിൽ കൊടിനട ജംഗ്ഷനിലൂടെ ഡ്രെയിനേജ് മാലിന്യം ഒഴുകുന്നതിന് താത്കാലിക പരിഹാരം കാണണമെന്ന ആവശ്യം ശക്തമായി. സ്വകാര്യ വ്യക്തികൾ ഡ്രെയിനേജ് മാലിന്യം ഓട വഴി ഒഴുക്കിവിടുന്നതിനെതിരെയും കച്ചവടക്കാരുടെയും നാട്ടുകാരുടെയും പരാതിയേറുകയാണ്. പ്രദേശത്ത് ദുർഗന്ധം രൂക്ഷമായതോടെ പകർച്ചവ്യാധി പിടിപെടുമോയെന്ന ആശങ്കയിലാണ് നാട്ടുകാർ. കൊടിനട ജംഗ്ഷനിലെ കച്ചവടക്കാരും ഓട്ടോ തൊഴിലാളികളും ബാലരാമപുരം, പള്ളിച്ചൽ പഞ്ചായത്തുകളിലും ആരോഗ്യ - പൊതുമരാമത്ത് അധികൃതർക്കും പരാതി നൽകിയെങ്കിലും മാലിന്യ പ്രതിസന്ധിക്ക് ഇതേവരെ പരിഹാരമായിട്ടില്ല. ഓട വഴി ഡ്രെയിനേജ് മാലിന്യം ഒഴുക്കിവിടുന്നവരെ പിടികൂടാൻ പഞ്ചായത്തിന്റെയും പൊലീസിന്റെയും നേതൃത്വത്തിൽ ഹെൽത്ത് സ്ക്വാഡിന് രൂപം നൽകിയെങ്കിലും അതും വിജയിച്ചില്ല. വാഹനങ്ങൾ കടന്നുപോകുമ്പോൾ റോഡിലെ കുഴികളിൽ കെട്ടിനിൽക്കുന്ന ഡ്രെയിനേജ് വെള്ളം യാത്രക്കാരുടെ ദേഹത്ത് പതിക്കുന്നത് ത്വക്ക് രോഗങ്ങൾക്ക് കാരണമാവുകയാണ്. ദേശീയപാത വികസനത്തിന്റെ രണ്ടാംഘട്ടമായ പ്രാവച്ചമ്പലം മുതൽ കൊടിനട വരെയുള്ള നിർമ്മാണപ്രവർത്തനങ്ങൾ നടക്കുന്നതിനാലാണ് ഓട നവീകരിക്കാൻ വൈകുന്നതെന്നാണ് മരാമത്ത് അധികൃതർ പറയുന്നത്. സർക്കാർ സ്ഥലം റോഡ് വികസനത്തിനായി സ്വകാര്യ കമ്പനിക്ക് നൽകിയിരിക്കുന്നതിനാൽ അറ്റകുറ്റപ്പണികൾ ചെയ്യാൻ കഴിയില്ലെന്നാണ് അധികൃതരുടെ വിശദീകരണം.
പുതിയ സ്ലാബുകൾ സ്ഥാപിക്കണം
കൊടിനട ജംഗ്ഷനിൽ ഓടയുടെ പൊട്ടിപ്പൊളിഞ്ഞ സ്ലാബുകൾ മാറ്റി പുതിയത് സ്ഥാപിച്ച് മാലിന്യപ്രതിസന്ധിക്ക് താത്കാലിക പരിഹാരം കാണണമെന്ന് കച്ചവടക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിൽ കൊടിനട ജംഗ്ഷനിൽ ഓടയിലെ മുഴുവൻ സ്ലാബുകളും പൊളിഞ്ഞ് ഡ്രെയിനേജ് വെള്ളം കെട്ടിനിൽക്കുകയാണ്. കഴിഞ്ഞ ഒന്നര വർഷമായി കക്കൂസ് മാലിന്യം കൊടിനട ഓടവഴി ദേശീയപാതയിലൂടെ ഒഴുകുകയാണ്. നാട്ടുകാർ നിരവധി പരാതികൾ ബന്ധപ്പെട്ട അധികാരികൾക്ക് നൽകിയിട്ടും വകുപ്പുകളുടെ ഏകോപനമില്ലായ്മ കാരണം സർക്കാർ സംവിധാനം പാടെ പരാജയപ്പെട്ടെന്നാണ് ആക്ഷേപമുയർന്നിരിക്കുന്നത്. കൊടിനട ജംഗ്ഷനിലെ മാലിന്യപ്രശ്നത്തിന് യുദ്ധകാലാടിസ്ഥാനത്തിൽ പരിഹാരം കാണണമെന്നാണ് കച്ചവടക്കാർ ആവശ്യപ്പെടുന്നത്.