തിരുവനന്തപുരം: പതിവുപോലെ ഓണസദ്യ കഴിച്ചും ഓണക്കോടിയുടുത്തും ആർ.സി.സിയിലെ കാൻസർ രോഗികളുടെ ഓണാഘോഷം മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വീട്ടിൽ പൊടിപൊടിച്ചു.
തിരുവോണദിനത്തിൽ എല്ലാവർക്കും ഓണസദ്യയും ഓണക്കോടിയും ചികിത്സാ സഹായവും കൈമാറി ഉമ്മൻചാണ്ടിയും കുടുംബവും ആഘോഷത്തിന് മാറ്റേകി.
തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസിൽ കഴിഞ്ഞ നാല് വർഷമായി ഉമ്മൻചാണ്ടിയും കുടുംബവും ആർ.സി.സി രോഗികൾക്കൊപ്പമാണ് ഓണം ആഘോഷിക്കുന്നത്. ഇന്ദിരാഗാന്ധി വീക്ഷണം ഫോറം അബുദാബിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. നിർദ്ധന യുവതികൾക്കുള്ള 25,000 രൂപയുടെ വിവാഹ ധനസഹായ വിതരണവും ചടങ്ങിൽ നടന്നു. ഉമ്മൻചാണ്ടി, ഭാര്യ മറിയാമ്മ ഉമ്മൻ, മകൻ ചാണ്ടി ഉമ്മൻ, മകൾ മറിയ, കെ.പി.സി.സി മെമ്പർ എം.എ. ലത്തീഫ്, ഇന്ദിരാഗാന്ധി വീക്ഷണം ഫോറം അബുദാബി പ്രസിഡന്റ് മുഹമ്മദ് അലി, ഇളമ്പ ഉണ്ണിക്കൃഷ്ണൻ, ശരത് എന്നിവർ പങ്കെടുത്തു.