1

നേമം: കാരയ്ക്കാമണ്ഡപം നടുവത്ത് വിജയാ ഭവനിൽ സുലൈമാന്റെ മകൻ അമലിനെ (21) മർദ്ദിച്ച് അവശനാക്കിയ ശേഷം മൊബൈൽ ഫോണും പണവും തട്ടിയെടുത്ത കേസിൽ പ്രതികൾ അറസ്റ്റിൽ. നേമം പൊന്നുമംഗലം കീഴേ തെറ്റിമുട്ടത്ത് വീട്ടിൽ ഭാസ്കരന്റെ മകൻ ശ്രീജിത്ത് (29), നേമം പൊന്നുമംഗലം മേലാങ്കോട് പുത്തൻവീട്ടിൽ ഗംഗാധരന്റെ മകൻ വിപിൻ (29) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

മർദ്ദനമേറ്റ അമൽ നേമം ശാന്തിവിള താലൂക്ക് ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സ തേടിയിരുന്നു. സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടാൻ കഴിഞ്ഞത്. ശ്രീജിത്തും വിപിനും പൊന്നുമംഗലം സ്വദേശിയായ രഞ്ചുവിന്റെ വീട്ടിൽ മാരകായുധങ്ങളുമായി അതിക്രമിച്ച് കയറി വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ ജാമ്യത്തിലാണ്. ഇവർ രണ്ടാളും കഞ്ചാവ് കേസ് ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു.

ഫോർട്ട് എ.സി പ്രതാപൻ നായർ, എസ്.ഐമാരായ സനോജ്, സുധീഷ്‌കുമാർ, എസ്.സി.പി.ഒ ഷിബു , സി.പി.ഒമാരായ ബിമൽ മിത്ര, ഗിരി, ബിജു, ഹരീഷ്‌കുമാർ, രാകേഷ് റോഷൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.