ഉത്രാടരാത്രിയിൽ ലോകകപ്പ് യോഗ്യതാറൗണ്ട് ഫുട്ബാളിൽ അടുത്ത ലോകകപ്പ് ആതിഥേയരായ ഖത്തറിനെ ഇന്ത്യ ഗോൾരഹിത സമനിലയിൽ തളച്ചതിനെപ്പറ്റി മുൻ സന്തോഷ് ട്രോഫി താരവും കോവളം എഫ്.സി പരിശീലകനുമായ എബിൻ റോസ് എഴുതുന്നു.
ദോഹയിൽ ചെന്ന് ഖത്തറിനെതിരെ ഇന്ത്യ നേടിയ സമനിലയ്ക്ക് ഇന്ത്യൻ ഫുട്ബാൾ ചരിത്രത്തിൽ തന്നെ നിർണായകമായ സ്ഥാനമുണ്ട്. അതിന് കാരണങ്ങൾ പലതാണ്. ലളിതമായി പറഞ്ഞാൽ ഖത്തറിന്റെ വലിപ്പവും ഇന്ത്യയുടെ ചെറുപ്പവും തന്നെ ഇൗ ഗോളില്ലാ സമനിലയെ ഇന്ത്യൻ ഫുട്ബാളിന്റെ വലിയൊരു ഗോളാക്കി മാറ്റുന്നത്.
അടുത്ത ലോകകപ്പിന്റെ ആതിഥേയരാണ് ഖത്തർ. ലോകകപ്പിന് വേണ്ടി തയ്യാറാകുന്ന ടീമാണ് ഖത്തറിന്റേത്. ഇക്കഴിഞ്ഞ ഏഷ്യൻ കപ്പിലെ ചാമ്പ്യന്മാരാണ്. ഇൗ വർഷം ഖത്തറിനോട് കളിച്ച ഏഷ്യയിലെ ഒരു ടീമും തോൽക്കാതിരുന്നിട്ടില്ല. കോപ്പ അമേരിക്ക ടൂർണമെന്റിലും ഖത്തറിന്റെ പ്രകടനം വിസ്മയകരമായിരുന്നു. മറുവശത്ത് ഇന്ത്യയാകട്ടെ മധുവിധുകാലം കഴിഞ്ഞ ഇഗോർ സ്റ്റി മാച്ച് എന്ന പുതിയ പരിശീലകന് കീഴിൽ സ്ഥിരം നായകൻ സുനിൽ ഛെത്രിയുടെ അസാന്നിദ്ധ്യത്തിൽ, തൊട്ടുമുമ്പുള്ള മത്സരത്തിൽ ലീഡ് നേടിയിട്ടും തോൽക്കേണ്ടിവന്ന സങ്കടത്തിൽ.
ഇൗ സന്നിദ്ധ ഘട്ടത്തിലും ഖത്തറിന്റെ മുന്നേറ്റത്തെ ഒന്നരമണിക്കൂറിലേറെ ഗോളടിക്കാൻ അനുവദിക്കാതെ കെട്ടിയിടാൻ കഴിഞ്ഞുവെന്നതാണ് പ്രധാനം. ഒാരോ മത്സരത്തിലും ഒാരോ തരം ലക്ഷ്യത്തോടെയാണ് കളിക്കാൻ ഇറങ്ങേണ്ടത്. ചില മത്സരങ്ങൾ ജയിക്കാൻ വേണ്ടിത്തന്നെ കളിക്കണം. ചിലത് തോൽക്കാതിരിക്കാനും. ഖത്തറിനെതിരായ മത്സരം ഇന്ത്യയ്ക്ക് തോൽക്കാതിരിക്കണമായിരുന്നു. അതിനുള്ള പ്രതിരോധാത്മകമായ തന്ത്രമാണ് കോച്ച് പരീക്ഷിച്ചത്. ആ ടാക്റ്റിക്സ് കൃത്യമായി കളിക്കളത്തിൽ ആവിഷ്കരിക്കാൻ കഴിഞ്ഞു എന്നതാണ് ഇൗ മത്സരം ഭാവിയിലേക്കുള്ള ചവിട്ടുപടിയായി കാണാൻ പ്രേരിപ്പിക്കുന്നത്.
എതിർ ടീമിന്റെ മുന്നേറ്റത്തിന്റെ മുഴുവൻ മുനയൊടിക്കുന്ന ബസ് പാർക്കിംഗ് പോലുള്ള പ്രതിരോധ തന്ത്രങ്ങളെക്കുറിച്ച് ഇന്ത്യൻ ഫുട്ബാളിന് കേട്ടറിവ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആ തന്ത്രങ്ങളൊക്കെ നമുക്കും കളിക്കളത്തിൽ പ്രാവർത്തികമാക്കാമെന്ന് ഖത്തറിനെതിരായ മത്സരം തെളിയിച്ചു. ഗോൾ കീപ്പർ ഗുർപ്രീത് സിംഗിന്റെ മികച്ച സേവുകളും എടുത്തുപറയേണ്ടതുണ്ട്. സഹൽ അബ്ദുൽ സമദും അന്താരാഷ്ട്രതലത്തിൽ കളിക്കാൻ ശേഷിയുള്ള താരമാണെന്ന് തെളിയിച്ചു.
ടീം തന്ത്രങ്ങൾ ആവിഷ്കരിക്കുന്നതിലും അത് നടപ്പിൽ വരുത്താൻ കഴിയുന്ന താരങ്ങളെ തിരഞ്ഞെടുക്കുന്നതിലും ഇഗോർ കാട്ടുന്ന സൂക്ഷ്മതയ്ക്ക് ഇതുവരെയുള്ള മത്സരങ്ങൾതന്നെ തെളിവ്. സ്ഥാനമേറ്റ ശേഷം നിരവധി താരങ്ങളെയാണ് പരീക്ഷിച്ചത്. ഐ ലീഗിലും ഐ.എസ്.എല്ലിലുമൊക്കെ കഴിവ് തെളിയിച്ച ജോബി ജസ്റ്റിനും മൈക്കേൽ സൂസൈരാജിനും ആഷിഖിനും ഒക്കെ അവസരങ്ങൾ നൽകി. അനസ് എടത്തൊടികയെ വിരമിക്കൽ റദ്ദാക്കി തിരിച്ചുവരാൻ ആത്മവിശ്വാസം നൽകി.
ഖത്തറിനെതിരെയുള്ള ഫസ്റ്റ് ഇലവനിലെ പകുതിയിലേറെപ്പേരും പരിശീലന ക്യാമ്പിൽനിന്ന് ഇഗോർ കണ്ടെടുത്തവരാണ്. ക്രൊയേഷ്യൻ ദേശീയ പരിശീലകനായിരുന്ന സ്റ്റിമാച്ച് ഇന്ത്യയുമായുള്ള ബന്ധം തുടങ്ങിയിട്ടേയുളളൂ. ദീർഘമായ സേവനകാലം സ്റ്റിമാച്ചിന് ലഭിക്കുകയാണെങ്കിൽ ഒരിക്കലും ലോക കപ്പ് കളിക്കാൻ കഴിയാത്തവരെന്ന അവഗണനയിൽ നിന്ന് ഏഷ്യയിലെ ഏറ്റവും പ്രധാനമായ ടീമുകളിലൊന്നായി നമുക്ക് മാറാനാകും. യോഗ്യതാറൗണ്ടിൽ പ്രതീക്ഷകൾ നിലനിറുത്തണമെങ്കിൽ ബംഗ്ളാദേശിനും (ഒക്ടോ. 15), അഫ്ഗാനിസ്ഥാനും (നവം. 15 )എതിരായ മത്സരങ്ങൾ വിജയിച്ചേ മതിയാകൂ. ഖത്തറിനെതിരായ സമനില ഇഗോർ വിജയങ്ങളിലേക്കുള്ള ചവിട്ടുപടിയാക്കി മാറ്റട്ടെ.
ഒരിക്കലും മറക്കാനാകാത്ത മത്സരം.
എന്റെ കരിയറിലെ ഏറ്റവും മികച്ചപ്രകടനമെന്ന് പലരും വിശേഷിപ്പിക്കുന്നതിൽ സന്തോഷമുണ്ട്. ടീം ഒറ്റക്കെട്ടായി നന്നായി കളിച്ചു.
ഗുർപ്രീത് സിംഗ് സന്ധു
ഇന്ത്യൻ ഗോളി
ഖത്തറിനെതിരെ ഭയമില്ലാതെ കളിക്കാൻ കഴിഞ്ഞു എന്നതാണ് നമ്മുടെ നേട്ടം. ഒമാനെതിരെ രണ്ടാംപകുതിയിൽ ഞങ്ങൾ കളി മറന്നിരുന്നു. ഖത്തറിനോട് അങ്ങനെ സംഭവിക്കരുതെന്ന് വാശിയുണ്ടായിരുന്നു.
സന്ദേശ് ജിംഗാൻ
ഇന്ത്യൻ ഡിഫൻഡർ
പ്രിയപ്പെട്ട ഇന്ത്യ, ഇതാണെന്റെ ടീം. ഇതാണെന്റെ കുട്ടികൾ. ഇൗ നിമിഷം എത്ര അഭിമാനമുണ്ടെന്ന് പറഞ്ഞറിയിക്കാനാവില്ല. ഇതൊരു വലിയ മത്സര ഫലമായിരിക്കില്ല. പക്ഷേ ഞങ്ങളെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ പോരാട്ടമായിരുന്നു. പരിശീലകർക്കും പിന്തുണച്ചവർക്കും വലിയ നന്ദി. ഞങ്ങളെ ഇനിയും പിന്തുണയ്ക്കൂ ഇതൊരു മികച്ച ടീമാണ്.
സുനിൽ ഛെത്രി
ഇന്ത്യൻ ക്യാപ്ടൻ
ഖത്തറിനെതിരെ മനസിൽ ആഗ്രഹിച്ചതുപോലെയുള്ള പ്രകടനം പുറത്തെടുക്കാൻ ടീമിന് കഴിഞ്ഞു. ഇനിയുള്ള മത്സരങ്ങളിലും ഇൗ വീര്യം ഉണ്ടാകണം.
ഇഗോർ സ്റ്റിമാച്ച്
ഇന്ത്യൻ കോച്ച്.