health

തിരുവനന്തപുരം: ഓണം വാരാഘോഷം പുരോഗമിക്കുന്നതിനിടെ നഗരസഭ ഹെൽത്ത് വിഭാഗം നടത്തിയ മിന്നൽ പരിശോധനയിൽ അഴുകിയ പച്ചക്കറികളും നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങളും പിടിച്ചെടുത്തു. ഓണാഘോഷത്തിന്റെ പ്രധാന വേദിയായ കനകക്കുന്നിലും പരിസര പ്രദേശങ്ങളിലുമായാണ് പരിശോധന നടന്നത്. 20 കിലോ പ്ലാസ്റ്റിക് കവറുകളും 75 കിലോ ഡിസ്പോസിബിൾ പാത്രങ്ങളും പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു. വഴിയോരകച്ചവടക്കാരിൽ നിന്ന് അഴുകിയ കാരറ്റ്, വെള്ളരി തുടങ്ങിയ പച്ചക്കറികളും വൃത്തിഹീനമായ സാഹചര്യത്തിൽ വേവിച്ച് ചാക്കിൽ കെട്ടി സൂക്ഷിച്ചിരുന്ന ചോളം, കടല എന്നിവയും പിടിച്ചെടുത്തു. ഓണം വാരാഘോഷത്തിന് ഗ്രീൻ പ്രോട്ടോക്കോൾ എന്ന സർക്കാർ നിർദ്ദേശം പാലിക്കാത്തതിന്റെ അടിസ്ഥാനത്തിലാണ് കച്ചവടക്കാരിൽ നിന്ന് പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പിടിച്ചെടുത്തത്.

ഹെൽത്ത് സൂപ്പർവൈസർ അജിത് കുമാർ, ഇൻസ്‌പെക്ടർമാരായ എസ്.എസ്. മിനു, ജോയി ഫ്രീ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ ഷജി, ഷൈജു, ദീപക്, അനിൽകുമാർ, അജി, ജി.വി. വിജു എന്നിവർ പരിശോധനയിൽ പങ്കെടുത്തു. വാരാഘോഷം സമാപിക്കുന്നതുവരെ പരിശോധന തുടരുമെന്ന് മേയർ അറിയിച്ചു.