തിരുവവന്തപുരം : കിഴക്കേകോട്ട സെൻട്രൽ തിയേറ്ററിലെ സെക്യൂരിറ്റി ജീവനക്കാരനെ വെട്ടുകത്തി കൊണ്ട് തലയ്ക്ക് വെട്ടി പണം തട്ടിയ പ്രതി പിടിയിൽ. കിള്ളിപ്പാലം കീഴാറന്നൂർ പുതുവൽ പുത്തൻ വീട്ടിൽ കാർത്തികേയനാണ് അറസ്റ്റിലായത്. ചൊവ്വാഴ്ച രാത്രി 10ഓടെ തിയേറ്ററിന് പുറത്തേക്കിറങ്ങിയ സെക്യൂരിറ്റി ജീവനക്കാരൻ ലാലിനെ ഇരുട്ടിൽ പതിയിരുന്ന പ്രതി ആക്രമിക്കുകയും പോക്കറ്റിൽ നിന്നും 750രൂപ തട്ടിയെടുത്ത് കടക്കുകയുമായിരുന്നു. ഓണാഘോഷത്തോടനുബന്ധിച്ച് പഴവങ്ങാടിയിലും പരിസരത്തും സ്ഥാപിച്ചിരുന്ന കാമറ പരിശോധിച്ചാണ് പ്രതിയെ പിടികൂടിയത്. ഫോർട്ട് സി.ഐ എ.കെ.ഷെറി, സബ് ഇൻസ്‌പെക്ടർ വിമൽ, സിവിൽ പൊലീസ് ഓഫീസർമാരായ ശ്രീകുമാർ, ശരത്ത്, ശ്രീജിത്ത്, പ്രശാന്ത്, സനൽ, ജവാദ്, മഹേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.