നേമം: വെള്ളായണി കായലിൽ നടന്ന 45-ാമത് മഹാത്മാ അയ്യങ്കാളി ജലോത്സവത്തിൽ സി. അനിൽകുമാർ നേതൃത്വം നൽകിയ കാക്കാമൂല നടുഭാഗം ചുണ്ടൻ ജേതാക്കളായി. എസ്. സുരാജ് നേതൃത്വം നൽകിയ കാക്കാമൂല ബ്രദേഴ്സ് ചുണ്ടനാണ് രണ്ടാം സ്ഥാനം.
രണ്ടാം തരം വള്ളങ്ങളുടെ മത്സരത്തിൽ അനിൽദാസ് നേതൃത്വം നൽകിയ 'കാക്കാമൂല ബ്രദേഴ്സ് ചുണ്ടൻ' ഒന്നാം സ്ഥാനവും ജിത്തുമോൻ നേതൃത്വം നൽകിയ 'കാക്കാമൂല ചുണ്ടൻ' രണ്ടാം സ്ഥാനവും നേടി.
മൂന്നാം തരം വള്ളങ്ങളുടെ മത്സരത്തിൽ കെ. ഷൈജു നേതൃത്വം നൽകിയ 'പടക്കുതിര' ഒന്നാമതെത്തിയപ്പോൾ രതീഷ്‌കുമാർ നേതൃത്വം നൽകിയ 'കോളിയൂർ ചരുവിള ചുണ്ടൻ' രണ്ടാമനായി.
പുഞ്ചക്കരി മുതൽ 1500 മീറ്റർ പിന്നിട്ട് തൃക്കുളങ്ങര കായൽ തീരം വരെയായിരുന്നു മത്സരം. മഴയൊഴിഞ്ഞ അന്തരീക്ഷത്തിൽ കായൽ തീരത്ത് തടിച്ചുകൂടിയ കാണികൾ ആവേശമായി.
മന്ത്രി കടകംപള്ളി സുരേന്ദ്രൻ ജലോത്സവം ഉദ്ഘാടനം ചെയ്തു. എം. വിൻസെന്റ് എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തി. കെ.ടി.ഡി.സി ചെയർമാൻ എം. വിജയകുമാർ, കില ചെയർമാൻ വി. ശിവൻകുട്ടി, ഫിനാൻസ് കമ്മിറ്റി ചെയർമാൻ സി.എസ്. രാധാകൃഷ്ണൻ, നേമം ബ്ലോക്ക് പ്രസിഡന്റ് ശകുന്തളകുമാരി, കല്ലിയൂർ പഞ്ചായത്ത് പ്രസിഡന്റ് ആർ. ജയലക്ഷ്മി തുടങ്ങിയവർ പങ്കെടുത്തു.