indian-test-team
indian test team

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

ശുഭ്‌മാൻ ഗിൽ ടീമിൽ , ലോകേഷ് രാഹുൽ പുറത്ത്

രോഹിത് ശർമ്മയെ ഒാപ്പണറായി പരീക്ഷിക്കും,ഉമേഷ് യാദവിനെ ഒഴിവാക്കി

ഇന്ത്യൻടെസ്റ്റ് ടീം

വിരാട് കൊഹ്‌ലി (ക്യാപ്ടൻ), മായാങ്ക് അഗർവാൾ, രോഹിത് ശർമ്മ, ചേതേശ്വർ പുജാര, അജിങ്ക്യ രഹാനെ, ഹനുമവിഹാരി, ഋഷഭ്പന്ത്, വൃദ്ധിമാൻ സാഹ, ആർ. അശ്വിൻ, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, മുഹമ്മദ് ഷമി, ജസ്‌പ്രീത് ബുംറ, ഇശാന്ത് ശർമ്മ, ശുഭ്‌മാൻ ഗിൽ

പരമ്പര ഫിക്‌സ്‌ചർ

മൂന്ന് വീതം ട്വന്റി - 20, ടെസ്റ്റ് പരമ്പരകൾക്കായാണ് ദക്ഷിണാഫ്രിക്ക ഇന്ത്യയിലെത്തിയിരിക്കുന്നത്. ആദ്യം ട്വന്റി -20, തുടർന്ന് ടെസ്റ്റുകൾ എന്ന രീതിയിലാണ് മത്സരങ്ങൾ ഷെഡ്യൂൾ ചെയ്തിരിക്കുന്നത്.

ട്വന്റി 20

1. സെപ്തംബർ 15

ധർമ്മശാല

2.

സെപ്തംബർ 18

മൊഹാലി

സെപ്തംബർ 22

ബംഗളുരു

ടെസ്റ്റ്

1. ഒക്ടോബർ 2-6

വിശാഖപട്ടണം

2. ഒക്ടോബർ 10-14

പൂനെ

3. ഒക്ടോബർ 19-23

റാഞ്ചി

ന്യൂഡൽഹി : ഇന്ത്യൻ എ ടീമിന് വേണ്ടി മികച്ച പ്രകടനം നടത്തിയ യുവ ബാറ്റ്‌സ്മാൻ ശുഭ്‌‌മാൻ ഗില്ലിനെ ഉൾപ്പെടുത്തിയും വെസ്റ്റ് ഇൻഡീസിൽ നിരാശപ്പെടുത്തിയ ഒാപ്പണർ ലോകേഷ് രാഹുലിനെ ഒഴിവാക്കിയും ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ നടക്കുന്ന മൂന്ന് ടെസ്റ്റുകളുടെ പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു.

വിൻഡീസിനെതിരായ രണ്ട് ടെസ്റ്റുകളിലെ നാല് ഇന്നിംഗ്സുകളിൽനിന്ന് വെറും 101 റൺസ് മാത്രം നേടിയിരുന്ന കെ.എൽ. രാഹുലിനെ ഒഴിവാക്കുമെന്ന് നേരത്തെ ചീഫ് സെലക്ടർ എം.എസ്.കെ പ്രസാദ് സൂചന നൽകിയിരുന്നു. രാഹുലിനെ ഒഴിവാക്കിയതുവഴി ഏകദിന വൈസ് ക്യാപ്ടൻ രോഹിത് ശർമ്മയ്ക്ക് ടെസ്റ്റിൽ ഒാപ്പണറായി അവസരം നൽകുകയാണെന്നും പ്രസാദ് പറഞ്ഞു.

വിൻഡീസ് പര്യടനത്തിൽ ടീമിലുണ്ടായിരുന്നുവെങ്കിലും രോഹിതിന് പ്ളേയിംഗ് ഇലവനിലെത്താൻ കഴിഞ്ഞിരുന്നില്ല. മദ്ധ്യനിരയിൽ അജിങ്ക്യ രഹാനെയും ഹനുമ വിഹാരിയും ഉള്ളതിനാൽ അവിടെയും ഒാപ്പണിംഗിൽ മായാങ്ക് അഗർവാളും ലോകേഷ് രാഹുലും ഉള്ളതിനാൽ അവിടെയും ഉൾക്കൊള്ളിക്കാൻ കഴിയാതെ രോഹിതിനെ പുറത്തിരുത്തുകയായിരുന്നു. ദീർഘനാളായി ട്വന്റി 20യിലും ഏകദിനത്തിലും ഒാപ്പണിംഗ് നടത്തുന്ന രോഹിതിന് ടെസ്റ്റിൽ സ്ഥാനമുറപ്പിക്കാൻ ലഭിക്കുന്ന അവസരമാണിത്. 2013 ലാണ് രോഹിത് ടെസ്റ്റിൽ അരങ്ങേറുന്നത്.

വിൻഡീസിൽ പ്ളേയിംഗ് ഇലവനിൽ അവസരം ലഭിക്കാതിരുന്ന ഉമേഷ് യാദവിനെ ഒഴിവാക്കിയതൊഴിച്ചാൽ ഇന്ത്യൻ ടീമിൽ വലിയ മാറ്റങ്ങളില്ല. വിരാടിന്റെ ക്യാപ്ടൻസിയിൽ മായാങ്ക്, പുജാര, രഹാനെ, ഹനുമ വിഹാരി എന്നിവർ സ്പെഷ്യലിസ്റ്റ് ബാറ്റ്സ്മാൻമാരായുണ്ട്. വിക്കറ്റ് കീപ്പർമാരായി ഋഷഭ് പന്തും വൃദ്ധിമാൻ സാഹയും സ്പിന്നർമാരായി അശ്വിനും ജഡേജയും കുൽദീപും. ഷമി, ബുംറ, ഇശാന്ത് എന്നിവർ പേസർമാർ. 15 അംഗടീമിലേക്ക് എത്തിയെങ്കിലും ഗിൽ ഇൗ പരമ്പരയിൽ പ്ളേയിംഗ് ഇലവനിൽ ഉൾപ്പെടാൻ സാദ്ധ്യത കുറവാണ്.

പ്രതീക്ഷയുണർത്തി ഗിൽ

നാലുദിവസംമുമ്പ് തിരുവനന്തപുരത്ത് 20-ാം പിറന്നാൾ ആഘോഷിച്ച ശുഭ്‌മാൻ ഗില്ലിനെ തേടി ടെസ്റ്റ് ടീമിലേക്കുള്ള വിളിയെത്തിയതിൽ അതിശയമില്ല.

2018 ലെ അണ്ടർ 19 ലോകകപ്പ് താരമായിരുന്നു മുൻനിര ബാറ്റ്സ്മാനായ ഗിൽ.

ഫസ്റ്റ് ക്ളാസ് ക്രിക്കറ്റിൽ 14 മത്സരങ്ങളിൽ നാല് സെഞ്ച്വറികളും എട്ട് അർദ്ധ സെഞ്ച്വറികളുമടക്കം 72.15 ശരാശരിയിൽ ഇതുവരെ നേടിയത് 1443 റൺസ്.

ഇൗ വർഷമാദ്യം ന്യൂസിലൻഡിനെതിരെ ഏകദിനത്തിൽ അരങ്ങേറ്റം നടത്തി.

ആഗസ്റ്റിൽ നടന്ന ഇന്ത്യൻ എ ടീമിന്റെ കരീബിയൻ പര്യടനത്തിൽ വിൻഡീസ് എയ്ക്കെതിരെ ഇരട്ട സെഞ്ച്വറി (204) നേടിയിരുന്നു.

കാര്യവട്ടത്ത് ദക്ഷിണാഫ്രിക്ക എ ടീമിനെതിരായ ഏകദിന, ടെസ്റ്റ് മത്സരങ്ങളിൽ മികച്ചപ്രകടനം. ആദ്യ ടെസ്റ്റിൽ 90 റൺസ് സ്വന്തമാക്കി.

ശുഭ്‌മാൻ ഗില്ലിനെ ഒാപ്പണിംഗിലും മദ്ധ്യനിരയിലും ഉപയോഗിക്കാം. ഇൗ സ്ഥാനങ്ങളിൽ ബാക്ക് അപ്പായാണ് ഗില്ലിനെ എടുത്തിരിക്കുന്നത്. രോഹിതിന് ഒാപ്പണിംഗിൽ അവസരം നൽകാൻ സെലക്ഷൻ കമ്മിറ്റി തീരുമാനിക്കുകയായിരുന്നു. ഏകദിനത്തിലും ട്വന്റി 20 യിലും ഒാപ്പൺ ചെയ്യുന്ന രോഹിത് ടെസ്റ്റിലും ആ സ്ഥാനത്ത് വിജയിക്കും.

എം.എസ്.കെ. പ്രസാദ്

ഇന്ത്യൻ ചീഫ് സെലക്ടർ