ആദ്യ ടെസ്റ്റിൽ ഇന്ത്യ എയ്ക്ക് വിജയം
കാര്യവട്ടത്തെ മത്സരങ്ങൾ അവസാനിച്ചു
തിരുവനന്തപുരം : ആദ്യടെസ്റ്റിൽ ഏഴ് വിക്കറ്റിന് ദക്ഷിണാഫ്രിക്ക എയെ തോൽപ്പിച്ച് ഇന്ത്യ എ ടീം കാര്യവട്ടം സ്പോർട്സ് ഹബിനോട് യാത്ര പറഞ്ഞു. നേരത്തെ ഇവിടെനടന്ന അഞ്ച് ഏകദിനങ്ങളുടെ പരമ്പര ഇന്ത്യ 4-1ന് സ്വന്തമാക്കിയിരുന്നു. രണ്ടാം ടെസ്റ്റ് മൈസൂറിലാണ് നടക്കുന്നത്.
തിരുവോണദിവസം മഴ കാരണം മത്സരം തടസപ്പെട്ടിരുന്നതിനാൽ ഇന്നലെ ഇന്ത്യ വിജയം പൂർത്തിയാക്കുകയായിരുന്നു. ആദ്യ ഇന്നിംഗ്സിൽ ദക്ഷിണാഫ്രിക്കയെ 164 റൺസിൽ ആൾ ഒൗട്ടാക്കിയ ശേഷം ഇന്ത്യ 303 റൺസ് നേടിയിരുന്നു. തുടർന്ന് രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ദക്ഷിണാഫ്രിക്ക 186 റൺസിൽ ആൾ ഒൗട്ടായി. ഇതോടെ 48 റൺസ് വിജയലക്ഷ്യമായി നിശ്ചയിക്കപ്പെട്ട ഇന്ത്യ എ ഇന്നലെ 9.4 ഒാവർ ബാറ്റ് ചെയ്ത് മൂന്ന് വിക്കറ്റുകൾ നഷ്ടപ്പെടുത്തി വിജയം കാണുകയായിരുന്നു.
തിരുവോണദിവസം 125/5ൽ രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ദക്ഷിണാഫ്രിക്ക 179/9 ലെത്തിയപ്പോഴേക്കും മഴ കാരണം കളി തുടരാനാകാതെവന്നു. ഇന്നലെ വീണ്ടുമിറങ്ങിയ ദക്ഷിണാഫ്രിക്ക ഏഴ് റൺസ് കൂടി കൂട്ടിച്ചേർത്ത് ആൾ ഒൗട്ടായി. തുടർന്ന് മറുപടിക്കിറങ്ങിയ ഇന്ത്യയ്ക്ക് ക്യാപ്ടൻ ശുഭ്‌മാൻ ഗിൽ (5), അങ്കിത് ബാവ്‌നെ (6),
കെ.എസ്. ഭരത് (5) എന്നിവരെയാണ് നഷ്ടമായത്. റിക്കി ഭുയി 20 റൺസുമായി പുറത്താകാതെ നിന്നു.
ആദ്യ ഇന്നിംഗ്സിൽ 96 പന്തുകളിൽ നിന്ന് 11 ബൗണ്ടറികളടക്കം 61 റൺസ് നേടുകയും ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിംഗ്സിൽ രണ്ട് വിക്കറ്റുകൾ വീഴ്ത്തുകയും ചെയ്ത കേരളത്തിനായി രഞ്ജി കളിക്കുന്ന മദ്ധ്യപ്രദേശുകാരൻ ജലജ് സക്‌സേനയാണ് മാൻ ഒഫ് ദ മാച്ച്. പകരക്കാരനായാണ് ജലജിനെ മത്സരത്തിലേക്ക് വിളിച്ചിരുന്നത്.
രണ്ടാം ടെസ്റ്റ് ചാെവ്വാഴ്ച മൈസൂരിൽ തുടങ്ങും.