rinu

പാറശാല: വീട് കയറി ആക്രമിച്ചതിനെതിരെ പൊലീസിൽ പരാതിപ്പെട്ട പരശുവയ്ക്കൽ ആലമ്പാറ കുന്നുവിള പുത്തൻവീട്ടിൽ ബാബു, വത്സല ദമ്പതികളുടെ മക്കളെ ഗുണ്ടകൾ ക്രൂരമായി മർദ്ദിച്ചവശരാക്കിയതായി പരാതി.കഴിഞ്ഞ ഞായറാഴ്ച രാത്രിയിൽ 12 ഓളം പേർ ചേർന്നാണ് ബാബുവിന്റെ വീട് ആക്രമിച്ചത്. മക്കളുടെ കൂട്ടുകാർക്കിടയിൽ ഉണ്ടായ ചില തർക്കങ്ങളാണ് സംഭവത്തിന് പിന്നിൽ. സംഭവത്തിനെതിരെ ബാബുവിന്റെ ഭാര്യ വത്സല പാറശാല പൊലീസിൽ പരാതി നൽകി.ഇതിന് പ്രതികാരമായി ഉത്രാടനാളിൽ രാത്രി 11.30 ന് ഗുണ്ടകൾ സംഘമായി 6 ബൈക്കുകളിലെത്തി ബാബുവിന്റെ ഇളയ മകൻ റിനുവിനെ (ഉണ്ണി, 24) റോഡിൽ വച്ചും പിറ്റേന്ന് രണ്ടാമത്തെ മകൻ ഷൈജുവിനെ (25) വഴിയിൽ വച്ചും മാരകായുധങ്ങൾ കൊണ്ട് മർദ്ദിച്ചുവെന്നാണ് പരാതി.ഉണ്ണിയെ ആദ്യം പാറശാല താലൂക്ക് ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. തലപൊട്ടി അവശനായി റോഡിൽ കിടന്ന ഷൈജുവിനെ പാറശാല ആശുപത്രിയിലും പിന്നീട് കാരക്കോണം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. ഉണ്ണിക്ക് ഇടത് കണ്ണിനും നട്ടെല്ലിനും പരിക്കുണ്ട്. ഷൈജുവിന് തലക്ക് ഗുരുതര ക്ഷതമുണ്ട്.സംഭവം നടന്നിട്ട് പൊലീസ് ഇതുവരെ നടപടിയെടുത്തില്ലെന്നും ആക്ഷേപമുണ്ട്.