ന്യൂഡൽഹി : ഇൗമാസം 27 മുതൽ ദോഹയിൽ നടക്കുന്ന ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ വനിതകളുടെ 100മീറ്ററിൽ ഇന്ത്യൻ താരം ദ്യുതിചന്ദ് മത്സരിക്കും. ലോക യൂണിവേഴ്സിറ്റി ഗെയിംസിലെ 100 മീറ്റർ ജേതാവായ ദ്യുതിക്ക് ലോക മീറ്റിനുള്ള യോഗ്യതാ മാർക്കായ 11.24 സെക്കൻഡ് കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇതേതുടർന്ന് ലോക മീറ്റിലെ പങ്കാളിത്തം ആശങ്കയിലായിരുന്നു. ഇന്റർനാഷണൽ അത്ലറ്റിക് ഫെഡറേഷന്റെ ക്ഷണപ്രകാരമാണ് ദ്യുതിക്ക് അവസരം ലഭിച്ചിരിക്കുന്നത്.
അർജന്റീനയ്ക്ക് ജയം
ബ്രസീലിന് തോൽവി
ബ്യൂണസ് അയേഴ്സ് : കഴിഞ്ഞദിവസം നടന്ന അന്താരാഷ്ട്ര സൗഹൃദ മത്സരത്തിൽ അർജന്റീന 4-0 ത്തിന് മെക്സിക്കോയെ കീഴടക്കി. ലൗതാരോ മാർട്ടിനസ് ഹാട്രിക് നേടി. ലിയാൻഡ്രോ പരേഡേസ് ഒരു ഗോളടിച്ചു. മറ്റൊരു മത്സരത്തിൽ പെറു 1-0ത്തിന് ബ്രസീലിനെ തോൽപ്പിച്ചു. കോപ്പ അമേരിക്ക ഫൈനലിലെ തോൽവിക്ക് പെറുവിന്റെ തിരിച്ചടിയായിരുന്നു ഇത്.
നെയ്മർ ബാഴ്സയിലേക്ക്
വരണമെന്ന് മെസി
മാഡ്രിഡ് : രണ്ടുവർഷം മുമ്പ് ഫ്രഞ്ച് ക്ളബ് പാരീസ് എസ്.ജിയിലേക്ക് കൂറുമാറിപ്പോയിരുന്ന ബ്രസീലിയൻ സ്ട്രൈക്കർ നെയ്മർ ബാഴ്സലോണയിലേക്ക് തിരിച്ചെത്തണമെന്നാണ് തന്റെ ആഗ്രഹമെന്ന് ലയണൽ മെസി. നെയ്മർക്കൊപ്പം ബാഴ്സയിൽ കളിക്കാൻ തനിക്ക് അതിയായ ആഗ്രഹമുണ്ടെന്നും മെസി പറഞ്ഞു. കുറച്ചുനാളായി പാരീസ് വിടാൻ നെയ്മർ ശ്രമിക്കുന്നെങ്കിലും പ്രതിഫലത്തുകയിൽ തീരുമാനമാകാതെയിരിക്കുകയാണ്.
ആഷസിൽ ഇംഗ്ളീഷ് ബാറ്റിംഗ്
ഒാവൽ : ആഷസ് പരമ്പരയിലെ അവസാന ടെസ്റ്റിൽ ടോസ് നഷ്ടപ്പെട്ട ആതിഥേയരായ ഇംഗ്ളണ്ട് ബാറ്റിംഗിനിറങ്ങി. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഇംഗ്ളണ്ട് ഒന്നാം ഇന്നിംഗ്സിൽ 186/5 എന്ന നിലയിലാണ്.
ഒാപ്പണർ ഡെൻലിയെയാണ് (14) ഇംഗ്ളണ്ടിന് ആദ്യം നഷ്ടമായത്. കമ്മിൻസിന്റെ പന്തിൽ സ്മിത്തിനായിരുന്നു ക്യാച്ച്. തുടർന്ന് ജോറൂട്ടും (57) ബേൺസും (47) ചേർന്ന് 100 കടത്തി. ലഞ്ചിനുശേഷം ഇംഗ്ളണ്ടിന് ബേൺസിനെയും ബെൻ സ്റ്റോക്സിനെയും(20) ബെയർ സ്റ്റോ (22)യെയും നഷ്ടമായി.