sreenivasan

ബിയർ കുപ്പി പൊട്ടിച്ചു കുത്തിയ പ്രതി കലേഷ് അറസ്റ്റിൽ

തിരുവനന്തപുരം: മദ്യപാനത്തിനിടെ സുഹൃത്തുക്കൾ തമ്മിലുണ്ടായ വാക്കുതർക്കത്തെ തുടർന്ന് ഒരാൾ ബിയർ കുപ്പി പൊട്ടിച്ച് യുവാവിനെ കുത്തിക്കൊന്നു. ടൂറിസ്റ്റ് ടാക്‌സി ഡ്രൈവറായ പൂജപ്പുര ചാടിയറ പാതിരപ്പള്ളി ലെയിൻ പി.ആർ.എ 103ൽ ശ്രീനിവാസൻ നായരാണ് (39) മരിച്ചത്. സംഭവത്തിൽ പാപ്പനംകോട് വെസ്റ്റ് കൈത്തലയ്ക്കൽ പുത്തൻവീട്ടിൽ കലേഷിനെ (39) തമ്പാനൂർ പൊലീസ് അറസ്റ്റ് ചെയ്തു. സുഹൃത്‌സംഘത്തിൽ ഒരാളുടെ പരിചയക്കാരനാണ് മദ്യപിക്കാൻ ഒപ്പംകൂടിയ കലേഷ്.

ഇന്നലെ വൈകിട്ട് 4 മണിയോടെ തമ്പാനൂർ എസ്.എസ് കോവിൽ റോഡിലെ ഹോട്ടൽ ബോബൻ റസിഡൻസിയിലായിരുന്നു സംഭവം. രാവിലെ ഏഴരയോടെയാണ് ശ്രീനിവാസനും സുഹൃത്തുക്കളായ സന്തോഷ്, ഗിരീഷ്, കലേഷ്,​ ജോസഫ് എന്നിവരും ചേർന്നു ഹോട്ടലിൽ മുറിയെടുത്തത്. ടാക്‌സി ഡ്രൈവർമാരായ ശ്രീനിവാസനും സന്തോഷും ഗിരീഷും നേരത്തേ സുഹൃത്തുക്കളാണ്. ഗിരീഷിന്റെ പരിചയക്കാരാണ് കലേഷും ജോസഫും. മദ്യലഹരിയിൽ സന്തോഷും കലേഷും തമ്മിൽ വാക്കുതർക്കമുണ്ടാവുകയും ബിയർ കുപ്പി അടിച്ചുപൊട്ടിച്ച് കലേഷ് സന്തോഷിനെ ആക്രമിക്കുകയും ചെയ്തു. ശ്രീനിവാസൻ ഇതു തടയാൻ ശ്രമിച്ചപ്പോൾ, കലേഷ് ശ്രീനിവാസന്റെ കഴുത്തിൽ കുപ്പികൊണ്ട് കുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. നിലവിളികേട്ട്‌ മുറിയിലെത്തിയ ഹോട്ടൽ ജീവനക്കാരാണ് പൊലീസിൽ വിവരം അറിയിച്ചത്. സംഭവശേഷം കലേഷും ജോസഫും സ്ഥലത്തുനിന്നു രക്ഷപ്പെട്ടു. പൊലീസ് കസ്റ്റഡിയിലെടുത്ത ഗിരീഷും സന്തോഷും നൽകിയ വിവരത്തെ തുടർന്ന് പാപ്പനംകോട്ട് നിന്നാണ് കലേഷിനെ കസ്റ്റഡിയിലെടുത്തത്. ജോസഫിനായുള്ള അന്വേഷണം തുടരുന്നു. മറ്റുള്ളവർ കസ്റ്റഡിയിലാണ്.

പോസ്റ്റുമോർട്ടത്തിനായി മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. ഫോറൻസിക് വിദഗ്ദ്ധർ സ്ഥലത്തെത്തി പരിശോധന നടത്തി. വിവിധ ട്രാവൽസുകളിലായി ജോലിനോക്കുന്ന ശ്രീനിവാസൻ ജോലിക്കായി രണ്ട് ദിവസം മുമ്പാണ് വീട്ടിൽനിന്ന്‌ ഇറങ്ങിയത്. പരേതനായ നാഗപ്പൻ നായരുടെയും ശാന്തകുമാരിയുടെയും മകനാണ് അവിവാഹിതനായ ശ്രീനിവാസൻ. സഹോദരങ്ങൾ അനിൽകുമാർ, മായമോഹൻ.