ഇല ചുരുട്ടിപ്പുഴു, തണ്ടുതുരപ്പൻ മുതലായ കീടങ്ങൾ ഏത് വിധേനയും ആക്രമിക്കാനെത്തുമെന്ന് പാലായിലെങ്കിലും തിരിച്ചറിയാൻ തന്റേതല്ലാത്ത കാരണങ്ങളാൽ ജോമോന് സാധിച്ചില്ല. രണ്ടില വാടിക്കരിഞ്ഞ് പോയത് അക്കാരണത്താലായിരുന്നു. ജോമോന് ജൈവകൃഷി തീർത്തും വശമില്ലാത്തതും കീടത്തെ തിരിച്ചറിയാതെ പോയതിന് ഒരു കാരണമായി ചൂണ്ടിക്കാട്ടുന്നവരുണ്ട്. കീടനാശിനി പ്രയോഗിച്ചേ അദ്ദേഹത്തിന് ശീലമുള്ളൂ. ശത്രുകീടത്തെ തുരത്താൻ മിത്രകീടമാണ് ഉത്തമമെന്ന് പുറപ്പുഴ ഔസേപ്പച്ചൻ നിയമസഭയിൽ സമീപകാലത്ത് പ്രസംഗിച്ചതെങ്കിലും ജോമോൻ ഓർത്തിരുന്നെങ്കിൽ ഇലചുരുട്ടിപ്പുഴുവിനെ ഫലപ്രദമായി പ്രതിരോധിക്കാൻ സാധിച്ചേനെയെന്ന് നിയമസഭയുടെ പരിസ്ഥിതികമ്മിറ്റി അഭിപ്രായപ്പെട്ടതായി റിപ്പോർട്ടുണ്ട്. അഭിപ്രായപ്രകടനം നടത്താൻ ഏത് പരിസ്ഥിതികമ്മിറ്റിക്കും സാധിക്കും. കാര്യത്തോടടുക്കുമ്പോൾ അതല്ലല്ലോ. ഔസേപ്പച്ചന്റെ കൃഷിപാഠം കേൾക്കാൻ ജോമോൻ നിയമസഭയിലില്ലല്ലോ എന്ന ചോദ്യം ന്യായമാണെങ്കിലും അങ്ങനെ ചോദിക്കുന്നവരോട് പറയാനുള്ളത്, ആ റോഷി അഗസ്റ്റിനെങ്കിലും അതൊന്ന് ജോമോന് പറഞ്ഞ് കൊടുക്കാമായിരുന്നില്ലേ എന്നാണ്. (ഇപ്പറയുന്ന ഔസേപ്പച്ചൻ തന്നെ തണ്ടുതുരപ്പന്റെ രൂപത്തിലെത്തിയാലെന്ത് ചെയ്യാനാണ് എന്ന് റോഷി അഗസ്റ്റിനിൽ നിന്ന് അന്നേരം മറുചോദ്യം ഉയർന്നു കൂടാതെയുമില്ല! )
ഔസേപ്പച്ചൻ ആള് ചില്ലറക്കാരനല്ല. 'കുഞ്ഞാടേ, നിന്റെ മനസിൽ/ എള്ളോളം നന്മയിരുന്നാൽ/ നീ വയ്ക്കണ ചോട് പിഴയ്ക്കൂലാ... ' എന്ന് ഇട്ടിമാണി: മെയ്ഡ് ഇൻ ചൈന സിനിമയിലെ പാട്ട് പാടിക്കൊടുത്ത് ജോമോനെ ഉപദേശിക്കാനും വേണ്ടിവന്നാൽ അദ്ദേഹം തയാറാണ്. ജോമോന്റെ മനസിൽ അത് ചില തിരയിളക്കങ്ങൾ സൃഷ്ടിച്ചാൽ അത്രയും നന്നെന്ന് ഔസേപ്പച്ചന്റെ നിഷ്കളങ്ക മനസ് കരുതുന്നു. ഇനി ജോമോൻ കേൾക്കാൻ നിന്ന് കൊടുത്തില്ലെങ്കിലും ഔസേപ്പച്ചൻ പാടും. രാഹുൽഗാന്ധി വയനാട്ടിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വന്നപ്പോൾ രാഹുൽമോനെപ്പറ്റി 'ബീഭത്സ' രസത്തിലുള്ള നിമിഷകവിത അവതരിപ്പിച്ചു കളഞ്ഞ മനുഷ്യനാണ്! തിരഞ്ഞെടുപ്പ് പ്രചാരണയോഗത്തിനെത്തിയവർ പിരിഞ്ഞ് പോയത് ഈയൊരു നിമിഷ കവിതയോടെയാണെന്നും അല്ലെന്നും നിഗമനങ്ങളുണ്ടായിട്ടുണ്ട്, അന്ന്. അത്രയ്ക്ക് ജൈവമാണ്, ജൈവകൃഷി പോലെയുള്ള ആ മനസ്. ആ മനസിനെ കാണാനുള്ള പാകമോ വിവേകമോ ജോമോന് ഉണ്ടാവാതെ പോയി എന്ന കാരണത്താലാണ് പാലായിൽ രണ്ടില തളിർക്കാതിരുന്നത് എന്ന് ജോമോൻ തിരിച്ചറിയുമെന്നാണ് കരുതിയത്.
എന്ത് കാര്യം! തിരിച്ചറിയാൻ പോയിട്ട് ജൈവകൃഷിയോട് തന്നെ പുച്ഛഭാവം പ്രകടിപ്പിച്ച് നിൽക്കാനാണ് ജോമോൻ നിരന്തരം താത്പര്യപ്പെട്ട് കൊണ്ടിരിക്കുന്നത്. പാലായിൽ രണ്ടില വാടിക്കരിഞ്ഞ് പോയാലും പഠിക്കാത്ത മനസാണത്. ശകുനം മുടക്കാൻ വഴി മുടക്കി നിൽക്കുന്നവർക്ക് വിഡ്ഢിയാകാനാണ് യോഗം എന്ന് ജോമോന് സ്വന്തമായിട്ടുള്ള 'പ്രതിച്ഛായ'യിൽ ആരോ എഴുതിപ്പിടിപ്പിച്ചത് അതുകൊണ്ടാണ്. ഔസേപ്പച്ചനെ കൂലിക്ക് ആളെ വിട്ട് കൂവിച്ചതും ആ മനസിന്റെയൊരു ബഹിർസ്ഫുരണമായി വിലയിരുത്തപ്പെടുന്നു. ഏതായാലും കണ്ടിട്ടറിയാത്തവൻ കൊണ്ടാലെങ്കിലും പഠിക്കട്ടെ എന്നേ ജോമോന്റെ ഇപ്പോഴത്തെ നിലയെപ്പറ്റി ദ്റോണർ പറയുന്നുള്ളൂ.
പാലായിൽ ഔസേപ്പച്ചന്റെ കന്നുകുട്ടി പരിപാലനത്തിനോ തെങ്ങ് കൃഷിക്കോ വലിയ കാര്യമില്ലെന്നാണ് ജോമോനും കൂട്ടരും, എന്തിനധികം നമ്മുടെ ചെന്നിത്തല -മുല്ലപ്പള്ളി ഗാന്ധിമാർ പോലും കരുതിയിട്ടുള്ളത്. അതുകൊണ്ട് രണ്ടിലയില്ലെങ്കിലും കിട്ടിയ കൈതച്ചക്ക തന്നെ ധാരാളം എന്നാണ് ജോമോൻ പറയുന്നത്. ഔസേപ്പച്ചനെ ആളെ വിട്ട് കൂവിച്ചത് പോലും കൈതച്ചക്ക അത്ര മോശം ചക്കയല്ലെന്ന് സ്ഥാപിച്ചെടുക്കാനായിരുന്നുവെന്നും വാദഗതികളുണ്ട്.
എന്നിരുന്നാലും ഔസേപ്പച്ചനെ അങ്ങനെയങ്ങ് തള്ളിപ്പറയാൻ വരട്ടെ. മണ്ണ് ജീവനുള്ളതാണെന്ന് നല്ല ബോദ്ധ്യമുള്ള ജൈവകർഷകനാണ് ഔസേപ്പച്ചൻ. മണ്ണിരകളും എണ്ണിയാലൊടുങ്ങാത്ത സൂക്ഷ്മജീവികളും ചേർന്നാണ് മണ്ണിനെ ജീവനുള്ളതാക്കുന്നതെന്ന് ഔസേപ്പച്ചൻ നിയമസഭയിൽ പ്രസംഗിച്ചിട്ടുണ്ട്. വെള്ളം മണ്ണിൽ നടന്ന് നീങ്ങണമെന്നാണ് ഔസേപ്പച്ചന്റെ പക്ഷം. അതുകൊണ്ട് പാലായിലെ മണ്ണിനെ ജീവനുള്ളതാക്കാൻ പോന്ന സൂക്ഷ്മജീവിയായും വേണ്ടിവന്നാൽ ഔസേപ്പച്ചൻ പരിണമിക്കും. ഔസേപ്പച്ചൻ ആള് ചെറിയ ജീവിയല്ല. ഈ സാഹചര്യത്തിൽ ഇട്ടിമാണി: മെയ്ഡ് ഇൻ പാലാ ആകാൻ പോകുന്നത് ആരായിരിക്കുമെന്ന് കാത്തിരുന്ന് കാണുക. ഔസേപ്പച്ചനോ, അതോ ജോമോനോ!
പാലായിൽ ഒരു മാണി ജയിക്കും എന്നാണ് കോടിയേരി സഖാവിന്റെ പ്രവചനം. കോടിയേരിസഖാവിന്റെ ഈ ശബ്ദം കേട്ടപ്പോൾ ഉറക്കത്തിലായിട്ടും ചെന്നിത്തലഗാന്ധി കട്ടിലിൽ നിന്ന് ഉരുണ്ടുപെരണ്ട് വീണതായി സ്ഥിരീകരിക്കാത്ത വാർത്തയുണ്ട്. ഒരേയൊരു മാണിയേ അവിടെ ഇപ്പോൾ മത്സരിക്കുന്നുള്ളൂ എന്നോർത്തിട്ടായിരുന്നു അത്. ഔസേപ്പച്ചനോടും ജോമോനോടും അടിയന്തരമായി വെടിനിറുത്താൻ ഇതേത്തുടർന്ന് ചെന്നിത്തല ഗാന്ധിയും മുല്ലപ്പള്ളി ഗാന്ധിയും ചേർന്ന് കല്പിക്കുകയുണ്ടായി. ലാസ്റ്റ് ബസ് കൂടക്കൂടെ വരുന്നത് പോലെ, യു.ഡി.എഫ് നേതൃത്വത്തിന്റെ അന്ത്യശാസനം ഇങ്ങനെ കൂടെക്കൂടെ കിട്ടിക്കൊണ്ടിരിക്കുന്നതിനാൽ മാത്രം ഔസേപ്പച്ചനും ജോമോനും ചേർന്നുള്ള ഇട്ടിമാണി മോഡൽ തിരുവാതിരക്കളി ഭംഗിയായി പുരോഗമിക്കുന്നല്ലോ എന്നതിലാണ് ആശ്വാസം!
സോണിയാജി എന്ത് പറഞ്ഞാലും സഹിക്കാം, പക്ഷേ ഇപ്പറഞ്ഞത് കടന്ന കൈയായിപ്പോയെന്ന് പറയാതിരിക്കാൻ വയ്യ. മത്സ്യത്തെ പിടിച്ച് കരയ്ക്കിട്ടാലെന്താണ് സ്ഥിതി! അല്ലെങ്കിൽ വി.ടി. ബലരാമനെ ഫേസ്ബുക്കിൽ നിന്ന് പുറത്താക്കിയാൽ ! ഒന്നാലോചിച്ച് നോക്കൂ. നേതാക്കൾ സോഷ്യൽ മീഡിയയിൽ നിന്നിറങ്ങി ജനങ്ങളിലേക്ക് ചെല്ലാനാണ് സോണിയാജി കല്പിച്ചിരിക്കുന്നത്. അതും എ.ഐ.സി.സി നേതൃയോഗത്തിൽ. ഇതൊരു മാതിരി മരട് ഫ്ലാറ്റുകളിലെ താമസക്കാരോട് സുപ്രീംകോടതി പറഞ്ഞത് പോലെയായിപ്പോയി. മനുഷ്യത്വം വേണം, സോണിയാജീ, മനുഷ്യത്വം! സോഷ്യൽമീഡിയയിൽ നിന്നിറങ്ങാൻ സോണിയാജി കല്പിച്ചതിന് പിന്നാലെ അതിൽ കയറിത്തന്നെ ഗ്രൂപ്പ് നേതാക്കളോട് രണ്ട് വർത്തമാനം പറഞ്ഞ് ധീര,വീര സുധീര ഗാന്ധി മാതൃക കാട്ടിയിട്ടുണ്ട്. അത്രയെങ്കിലും ആശ്വാസം!
ഇ-മെയിൽ: dronar.keralakaumudi@gmail.com