ഉള്ളൂർ: സ്വകാര്യ ആശുപത്രിയിൽ പ്രസവത്തിനിടെ യുവതി മരിച്ചത് ചികിത്സാ പിഴവിനെ തുടർന്നാണെന്ന് പരാതി. കോവളം പാച്ചലൂർ ചുടുകാട് മുടിപ്പുര ബാലമഠത്തിൽ രഞ്ജിത്തിന്റെ ഭാര്യ നീതു(33) വാണ് മരിച്ചത്. ഇന്നലെ രാവിലെ 10 മണിയോടെ പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് ഗൗരീശപട്ടത്തിനു സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഉടൻ തന്നെ ലേബർ റൂമിൽ പ്രവേശിപ്പിച്ച നീതു 2 മണിയോടെ ആൺ കുഞ്ഞിന് ജന്മം നൽകി. സുഖപ്രസവമായിരുന്നുവെന്നും അമ്മയ്ക്കും കുഞ്ഞിനും ഒരു കുഴപ്പവും ഇല്ലെന്നും ജീവനക്കാർ ആദ്യം പറഞ്ഞു. ശിശുവിനെ പുറത്ത് കാത്തിരുന്ന ഭർത്താവിനെയും ബന്ധുക്കളെയും കാണിക്കുകയും ചെയ്തു. രണ്ടാമത്തെ പ്രസവമായിരുന്നു. എന്നാൽ അരമണിക്കൂർ കഴിഞ്ഞ് രക്തസമ്മർദ്ദത്തിൽ പെട്ടെന്ന് വ്യതിയാനം ഉണ്ടായെന്നും അപസ്മാര ലക്ഷണങ്ങൾ പ്രകടിപ്പിച്ച് മരണം സംഭവിച്ചുവെന്നും ബന്ധുക്കളെ അറിയിക്കുകയായിരുന്നു. ഹൃദയാഘാതം ഉണ്ടായതായി സംശയം പ്രകടിപ്പിക്കുകയും ചെയ്തു. അരോഗ്യ പ്രശ്നങ്ങൾ യഥാസമയം അറിയിച്ചില്ലെന്നും ചികിത്സാപിഴവ് മറച്ച് വെയ്ക്കുവാൻ ശ്രമം നടത്തിയെന്നും കാട്ടി ബന്ധുക്കൾ മെഡിക്കൽ കോളേജ് പൊലീസിൽ പരാതി നൽകി. മകൾ: ശിവ ദുർഗ്ഗ അമ്മ: വാസുര .അച്ഛൻ: മുരുകൻ