തിരുവനന്തപുരം: ഏകലോക ദർശനത്തിന്റെ മഹാപ്രവാചകനായ വിശ്വഗുരു ശ്രീനാരായണ ഗുരുദേവന്റെ 165-ാമത് ജയന്തി ആഘോഷങ്ങൾക്ക് നാടെങ്ങും ഭക്തിനിർഭരമായ ചടങ്ങുകളോടെ തുടക്കമായി. ശ്രീനാരായണ ഭക്തരുടെയും സംഘടനകളുടെയും ശാഖായോഗങ്ങളുടെയും നേതൃത്വത്തിൽ ഗുരുദേവ മന്ദിരങ്ങളിലും ഗുരുദേവ ക്ഷേത്രങ്ങളിലും വിശേഷാൽ പൂജകളിലും പ്രാർത്ഥനകളിലും ആയിരക്കണക്കിന് ഭക്തർ സംബന്ധിച്ചു. എസ്.എൻ.ഡി.പി യോഗത്തിന്റെയും യൂണിയൻ, ശാഖാ യോഗങ്ങളുടെയും നേതൃത്വത്തിൽ സമ്മേളനങ്ങൾ, ഘോഷയാത്രകൾ, അന്നദാനം എന്നിവ ആഘോഷ പരിപാടികളുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.
ഗുരുവിന്റെ ജന്മഗൃഹമായ ചെമ്പഴന്തി ഗുരുകുലത്തിൽ വിശേഷാൽ പൂജ, പ്രാർത്ഥന എന്നിവയോടെയാണ് ജയന്തി ആഘോഷചടങ്ങുകൾ ആരംഭിച്ചത്. ഗുരുകുലം സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ ചടങ്ങുകൾക്ക് നേതൃത്വം നൽകി. രാവിലെ പത്തുമണിക്ക് ശ്രീനാരായണ ദാർശനിക സമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. വൈകിട്ട് 5ന് ജയന്തി ഘോഷയാത്ര ഗുരുകുലത്തിൽ നിന്ന് ആരംഭിച്ച് ഉദയഗിരി, ചെല്ലമംഗലം, കരിയം, ചെക്കാലമുക്ക്, വെഞ്ചാവോട് വഴി ചെമ്പഴന്തി പോസ്റ്റ് ഓഫീസ് ജംഗ്ഷൻ വരെ പോയി തിരികെ ഗുരുകുലത്തിൽ സമാപിക്കും. തുടർന്ന് നടക്കുന്ന മഹാസമ്മേളനം മന്ത്രി സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. മന്ത്രി കടകംപള്ളി സുരേന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. സ്വാമി സൂക്ഷ്മാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തും.
ഗുരുദേവന്റെ മഹാസമാധി സ്ഥാനമായ വർക്കല ശിവഗിരി മഠത്തിന്റെ ആഭിമുഖ്യത്തിലും ജയന്തി ആഘോഷം വിപുലമായ പരിപാടികളോടെ തുടങ്ങി. പുലർച്ചെ 4.30ന് പർണശാലയിൽ ശാന്തി ഹവനത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. തുടർന്ന് ശാരദാമഠത്തിൽ വിശേഷാൽ പൂജ, മഹാസമാധി പീഠത്തിൽ വിശേഷാൽ പൂജ, ബ്രഹ്മ വിദ്യാലയത്തിൽ ഗുരുദേവ കൃതികളുടെ പാരായണം എന്നിവ നടന്നു. രാവിലെ വൈദിക മഠത്തിൽ ജയന്തി മുതൽ സമാധിവരെ നീണ്ടുനിൽക്കുന്ന ജപയജ്ഞം ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, സ്വാമി വിശാലാനന്ദ തുടങ്ങിയവർ സംബന്ധിച്ചു. ചതയദിനാഘോഷങ്ങളുടെ ഭാഗമായി പർണശാലയിൽ ശാന്തി ഹോമത്തിനും വിരജഹോമത്തിനും ശേഷം ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ ബ്രഹ്മചാരി ജ്ഞാന ചൈതന്യയ്ക്ക് സന്യാസ ദീക്ഷ നൽകി. ബ്രഹ്മചാരി ആർഷ ചൈതന്യയ്ക്ക് ബ്രഹ്മചാര്യദീക്ഷയും നൽകി. ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, സ്വാമി വിശാലാനന്ദ, സ്വാമി ശാരദാനന്ദ, പി.ആർ.ഒ കെ.കെ ജനീഷ് , സുഗതൻ തന്ത്രികൾ തുടങ്ങിയവർ സംബന്ധിച്ചു.
ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ പതാക ഉയർത്തി. ജയന്തി സമ്മേളനം കേന്ദ്രമന്ത്രി വി. മുരളീധരൻ ഉദ്ഘാടനം ചെയ്തു. സ്വാമി വിശുദ്ധാനന്ദ അദ്ധ്യക്ഷത വഹിച്ചു. അടൂർ പ്രകാശ് എം.പി മുഖ്യപ്രഭാഷണം നടത്തി. അഡ്വ. വി. ജോയി എം.എൽ.എ,കെ.ജി ബാബുരാജൻ,നഗരസഭാ ചെയർപേഴ്സൺ ബിന്ദുഹരിദാസ്, ദേശപാലൻ പ്രദീപ് തുടങ്ങിയവർ സംബന്ധിച്ചു. ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സാന്ദ്രാനന്ദ സ്വാമി സ്വാഗതവും ജയന്തി ആഘോഷകമ്മിറ്റി സെക്രട്ടറി സ്വാമി വിശാലാനന്ദ നന്ദിയും പറഞ്ഞു. വൈകിട്ട് 4.30ന് ശിവഗിരി മഹാസമാധിയിൽ നിന്ന് വർണാഭമായ ഘോഷയാത്ര പുറപ്പെടും.ഘോഷയാത്ര നഗരപ്രദക്ഷിണം നടത്തി രാത്രിയോടെ മഹാസമാധിയിൽ തിരിച്ചെത്തും. തുടർന്ന് മികച്ച ഫ്ലോട്ടുകൾക്കും ഗൃഹാലങ്കാരങ്ങൾക്കുമുള്ള സമ്മാനദാനം നടക്കും. അരുവിപ്പുറം ശിവക്ഷേത്രത്തിൽ പതിവ് പൂജകൾക്ക് പുറമെ വൈകിട്ട് 6.30ന് സത്സംഗം നടക്കും. ശിവഗിരി ധർമ്മസംഘം ട്രസ്റ്ര് ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ നേതൃത്വം നൽകും.