വോട്ടുബാങ്കുമായി ബന്ധമില്ലാത്ത വിഷയമായതുകൊണ്ടാവും തലസ്ഥാനത്ത് പി.എസ്.സി ആസ്ഥാനത്തിനു മുന്നിൽ രണ്ടാഴ്ചയായി നടക്കുന്ന ഭാഷാസ്നേഹികളുടെ സമരത്തോട് സർക്കാർ ഉൾപ്പെടെ ആരും വലിയ താത്പര്യം കാണിക്കാത്തത്. പി.എസ്.സി നടത്തുന്ന മത്സര പരീക്ഷകൾ മലയാളത്തിലും എഴുതാൻ സംവിധാനമുണ്ടാകണമെന്ന മിനിമം ആവശ്യം ഉന്നയിച്ചാണ് സമരം.
ഇതിനകം മലയാളത്തിലെ അനവധി ഉന്നതന്മാർ അവിടെ എത്തി സമരത്തിൽ പങ്കെടുക്കുകയുണ്ടായി. തിരുവോണ നാളിൽ കുടുംബാംഗങ്ങളുമൊത്തിരുന്നുള്ള ഓണസദ്യ പോലും ഉപേക്ഷിച്ചാണ് പ്രമുഖർ പി.എസ്.സി ഓഫീസിനു മുന്നിൽ നിരാഹാരമിരുന്നത്. സാഹിത്യ - സാംസ്കാരിക മേഖലകളിലെ പലരും മലയാളത്തിനു വേണ്ടിയുള്ള ഈ അപൂർവ സമരത്തിൽ പങ്കാളികളായി. തിരുവോണത്തിന് മലയാള ഭാഷാപ്രേമികൾ പട്ടിണി കിടക്കേണ്ടിവരുന്ന അവസ്ഥ ഇവിടെ അല്ലാതെ വേറെവിടെയും കാണില്ലെന്നാണ് അനാരോഗ്യം പോലും വകവയ്ക്കാതെ നിരാഹാര സമരത്തിനെത്തിയ കവയിത്രി സുഗതകുമാരി പറഞ്ഞത്. മലയാള ഭാഷയെയും നമ്മുടെ പൈതൃകത്തെയും സ്നേഹിക്കുന്ന സകലരും ഇതിനോട് യോജിക്കും. മലയാളികൾക്കു വേണ്ടി സർക്കാർ നടത്തുന്ന നിയമന പരീക്ഷകൾ മലയാളത്തിലും എഴുതാനുള്ള അനുമതി വേണമെന്ന ആവശ്യം അതിരുകവിഞ്ഞതാണെന്നോ അനാവശ്യമാണെന്നോ സ്ഥിരബുദ്ധിയുള്ള ആരും പറയുകയില്ല. പി.എസ്.സിയിൽ കയറിപ്പറ്റാൻ ഭാഗ്യം സിദ്ധിച്ച മഹാന്മാരും മഹതികളും മാത്രമേ ഇതിനെ എതിർക്കുന്നുള്ളൂ. ജനിച്ചുവീണതേ ഇംഗ്ളീഷ് തൊട്ടിലിലാണെന്ന മട്ടിൽ മലയാളത്തെ പടിക്കു പുറത്തു നിറുത്തിയിരിക്കുന്ന ഇവരുടെ മനസിലുള്ളത് ഭാഷാ വിരോധമാകാൻ എന്തായാലും ഇടയില്ല. കാരണം ഏതെങ്കിലുമൊരു ഭാഷയിൽ അറിയപ്പെടുന്ന വിദഗ്ദ്ധന്മാരായി അക്കൂട്ടത്തിൽ അധികം പേരുള്ളതായി കേട്ടിട്ടില്ല. രാഷ്ട്രീയ വീതം വയ്പിൽ പി.എസ്.സിയിൽ കയറിപ്പറ്റാൻ ഭാഗ്യം ലഭിച്ചവരാണ് അധികവും. മലയാള ഭാഷാ സ്നേഹികളും ലക്ഷക്കണക്കിനു വരുന്ന സാധാരണക്കാരായ ഉദ്യോഗാർത്ഥികളും എത്രയോ നാളായി ഉന്നയിക്കുന്ന ന്യായമായ ഒരാവശ്യത്തോട് മുഖം തിരിഞ്ഞു നിൽക്കാൻ പി.എസ്.സിക്ക് എങ്ങനെ സാധിക്കുന്നുവെന്ന് ഓർത്ത് കേരളം ഒന്നാകെ ലജ്ജിക്കേണ്ട സ്ഥിതിയാണിപ്പോൾ.
സംസ്ഥാനത്തിന്റെ ഭരണഭാഷ മലയാളമാക്കിയിട്ടുതന്നെ വർഷം പലതായി. എല്ലാ സർക്കാർ വകുപ്പുകളും ഇപ്പോൾ മലയാളത്തിലാണ് എഴുത്തുകുത്തുകൾ. ഔദ്യോഗിക ഭാഷ പൂർണമായും മലയാളത്തിലേക്കു മാറിയ സ്ഥിതിക്ക് പി.എസ്.സി നടത്തുന്ന മത്സര പരീക്ഷകൾ ഇംഗ്ളീഷിൽ മാത്രം മതിയെന്ന കടുംപിടി എന്തിനെന്നു മനസിലാകുന്നില്ല. പി.എസ്.സി വഴി വിവിധ വകുപ്പുകളിൽ നിയമിക്കപ്പെടുന്നവർ മലയാളത്തിലാണ് ഭൂരിപക്ഷം ഫയലുകളും കൈകാര്യം ചെയ്യേണ്ടിവരുന്നത്.
ഈ ഒറ്റക്കാരണം മതി മത്സരപ്പരീക്ഷകൾ മാതൃഭാഷയിലേക്കു മാറ്റാൻ. ഇങ്ങനെയൊരു മാറ്റത്തെ പി.എസ്.സി എതിർക്കുന്നതിൽ യുക്തിയോ സാങ്കേതിക തടസമോ ഇല്ല. മലയാള ഭാഷയോടുള്ള അവജ്ഞയാകാനേ തരമുള്ളൂ. ശ്രേഷ്ഠഭാഷാ പദവിയും നേടി നിൽക്കുന്ന മലയാള ഭാഷയുടെ അന്തസും ആഭിജാത്യവും പാരമ്പര്യവും വേണ്ടപോലെ ഉൾക്കൊള്ളാൻ കഴിയാത്തതുകൊണ്ടാണ് ഇത്തരത്തിൽ ഒരു അവഗണന നേരിടേണ്ടിവരുന്നത്. മലയാളത്തിൽ എഴുതുന്നതും സംസാരിക്കുന്നതും അപകർഷമായി കരുതുന്നവർ സംസ്ഥാനത്ത് ധാരാളം കാണും. അവരുടെ കൂട്ടത്തിൽ ഭരണഘടനാ പദവിയും ഉത്തരവാദിത്വവുമുള്ള പി.എസ്.സിയും ചേർന്നു നിൽക്കുന്ന കാഴ്ച ഒട്ടും സുഖകരമല്ല. മലയാളത്തെ സ്നേഹിക്കുകയും ആദരിക്കുകയും ചെയ്യാത്ത പി.എസ്.സി പിരിച്ചുവിടുകയാണു വേണ്ടതെന്ന് വിഖ്യാത ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണൻ തിരുവോണ ഉപവാസത്തിൽ പങ്കെടുക്കവെ ആവശ്യപ്പെട്ടിരുന്നു. മാതൃഭാഷയെ അംഗീകരിക്കാൻ മടിക്കുന്ന പി.എസ്.സി ഈ നിലയിൽ തുടരുന്നത് മലയാളികൾക്കാകമാനം നാണക്കേടാണെന്നതിൽ രണ്ടു പക്ഷമില്ല. ഐക്യ മലയാള പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ പി.എസ്.സിക്കു മുന്നിൽ നടക്കുന്ന സമരം ഭാഷാസ്നേഹികൾ ഒന്നടങ്കം ഏറ്റെടുക്കേണ്ടത് ആവശ്യമാണ്. അനർഹമായതോ അംഗീകരിക്കപ്പെടാനാവാത്തതോ ആയ ഒരു ആവശ്യമല്ല ഭാഷാപ്രേമികൾ ഉന്നയിക്കുന്നത്. ഔദ്യോഗിക കാര്യങ്ങൾ മാതൃഭാഷയിൽത്തന്നെ വേണമെന്ന് ശഠിക്കുന്ന സർക്കാർ വേണ്ടിയിരുന്നു ആദ്യം പ്രശ്നത്തിൽ ഇടപെട്ട് പരിഹാരം കാണാൻ. ഏതായാലും പ്രശ്നത്തിൽ മുഖ്യമന്ത്രി പി.എസ്.സിയുമായി ഈ പ്രശ്നം ചർച്ച ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്. അനുകൂല തീരുമാനം ഉണ്ടാവുകയും വേണം. പി.എസ്.സി നടത്തുന്ന എല്ലാ മത്സര പരീക്ഷകളുടെയും ചോദ്യക്കടലാസുകൾ മലയാളത്തിലും ഇറക്കാൻ കഴിയണം. ഭൂരിപക്ഷം ഉദ്യോഗാർത്ഥികൾക്കും അതു സ്വീകാര്യമാകുമെന്നതിലും സംശയം വേണ്ട.
കേരളത്തിന് പുറത്ത് ജോലി തേടിപ്പോകേണ്ടിവരുന്നവർക്ക് ഇംഗ്ളീഷ് പരിജ്ഞാനം കൂടിയേ കഴിയൂ എന്ന് സമ്മതിക്കാം. എന്നാൽ സംസ്ഥാനത്തുള്ള ഭൂരിപക്ഷം വിദ്യാർത്ഥികളുടെയും അദ്ധ്യയന ഭാഷ മലയാളം തന്നെയാണ്. അവർക്കു വേണ്ടിയാണ് പി.എസ്.സി പരീക്ഷകളും മലയാളത്തിൽ വേണമെന്ന ആവശ്യം ഉയരുന്നത്. ഐക്യ കേരളം നിലവിൽ വന്നിട്ട് ആറു പതിറ്റാണ്ടിലധികമായിട്ടും മാതൃഭാഷയെ അകറ്റിനിറുത്തുന്ന പി.എസ്.സി യാഥാർത്ഥ്യബോധത്തോടെ പ്രശ്നത്തെ സമീപിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. ഭാഷാസ്നേഹികളിൽ നിന്നുയരുന്ന പ്രതിഷേധ സ്വരത്തിന് അവർ കാതോർക്കേണ്ടിവരികതന്നെ ചെയ്യും.