gurudevan-

തിരുവനന്തപുരം: നവോത്ഥാനത്തെ രാഷ്ട്രീയ ലക്ഷ്യമാക്കി പരിമിതപ്പെടുത്തുന്നവർ ശ്രീനാരായണ ഗുരുദേവ ദർശനങ്ങൾ മനസിലാക്കാത്തവരാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഗുരുദേവ ജയന്തിയോടനുബന്ധിച്ച് ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തിൽ നടന്ന ശ്രീനാരായണ ദാർശനിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഗുരുദേവന് നവോത്ഥാനം ഒരേസമയം ആത്മീയവും സാമൂഹികവുമായ പ്രക്രിയയായിരുന്നു. ആത്മീയതയെ ഗുരുദേവൻ സാമൂഹിക മുന്നേറ്റത്തിനുള്ള കാര്യക്ഷമമായ ഇന്ധനമാക്കി. ഇന്ത്യയിൽ സെക്യുലറിസം ചർച്ചയല്ലാതിരുന്ന കാലത്ത്, സെക്യുലറിസം എന്താണെന്ന് ശരിയായ അർത്ഥത്തിൽ മലയാളികളെ പഠിപ്പിച്ചത് ഗുരുദേവനാണ്. മതമേതായാലും മനുഷ്യൻ നന്നായാൽ മതിയെന്ന ഗുരുവിന്റെ വിളംബരം ലിബറലിസത്തിന്റെയും സെക്യുലറിസത്തിന്റെയും അടിസ്ഥാന ശിലയാണ്. എന്നാൽ ഇന്ന് രാജ്യത്ത് മതത്തെ മനുഷ്യന് മുകളിൽ പ്രതിഷ്ഠിച്ചിരിക്കുകയാണ്. മതം വ്യക്തിപരമാണ്, അത് രാജ്യകാര്യം ആയാൽ രാഷ്ട്രീയമായി ഉപയോഗിക്കപ്പെടുമെന്നും മതേതരത്വം നഷ്ടമാകുമെന്നും ഗുരുവിന് അറിയാമായിരുന്നു. രാജ്യത്ത് ഇന്ന് അതാണ് സംഭവിച്ചിരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.

മേയർ വി.കെ. പ്രശാന്ത് അദ്ധ്യക്ഷത വഹിച്ചു. എം. മുകേഷ് എം.എൽ.എ മുഖ്യാതിഥിയായിരുന്നു. വിവിധ പരീക്ഷകളിൽ ഉന്നതവിജയം നേടിയ കുട്ടികൾക്ക് മോഹൻദാസ് കോളേജ് ഒഫ് എൻജിനിയറിംഗ് ചെയർമാൻ ജി. മോഹൻദാസ് വിദ്യാഭ്യാസ അവാർഡുകൾ നൽകി. ഗുരുകുലം സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, സ്വാമി സൂക്ഷ്മാനന്ദ, ഡോ. ഡി. രാജു, എസ്.എൻ കോളേജ് പ്രിൻസിപ്പൽ ഡോ. എസ്.ആർ. ജിത, അണിയൂർ എം. പ്രസന്നകുമാർ, അണിയൂർ ജയകുമാർ തുടങ്ങിയവർ സംസാരിച്ചു. സാഹിത്യമത്സര വിജയികൾക്കുള്ള സമ്മാനദാനം മുകേഷ് നിർവഹിച്ചു. ആഘോഷകമ്മിറ്റി ഭാരവാഹികളായ ഷൈജു പവിത്രൻ സ്വാഗതവും കുണ്ടൂർ എസ്. സനൽ നന്ദിയും പറഞ്ഞു.