vld-

നെയ്യാറ്റിൻകര/വെള്ളറട: ഗുരുദേവ ജയന്തിയോടനുബന്ധിച്ച് അരുവിപ്പുറത്തും നെയ്യാറ്റിൻകര താലൂക്കിലെ വിവിധ ശാഖാ യോഗങ്ങളിലും ഇന്നലെ രാവിലെ മുതൽ ആഘോഷപരിപാടികൾ നടന്നു. പതാക ഉയർത്തൽ, പ്രത്യേക പൂജകൾ, ഗുരുപൂജ, സമ്മേളനം, കലാപരിപാടികൾ, അവാർഡ് വിതരണം, തിരുനാൾ സദ്യ എന്നിവ ഉണ്ടായിരുന്നു.

അരുവിപ്പുറത്ത് രാവിലെ 6ന് ഗുരുദേവ കൃതികളുടെ പാരായണവും ഗുരുപൂജയും നടന്നു. എസ്.എൻ.ഡി.പി യോഗം നെയ്യാറ്റിൻകര യൂണിയനിൽ പ്രസിഡന്റ് കെ.വി. സൂരജ് കുമാറും സെക്രട്ടറി ആവണി ശ്രീകണ്ഠനും ആഘോഷങ്ങൾക്ക് നേതൃത്വം നൽകി. യൂണിയന് കീഴിലുള്ള മുഴുവൻ ശാഖകളിലും ആഘോഷപരിപാടികൾ നടന്നു.

ആറാലുംമൂട് പുത്തനമ്പലം ശാഖയിൽ വൈകിട്ട് ശ്രീനാരായണ ജയന്തി സമ്മേളനം കെ. ആൻസലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കെ.എസ്. ബാലചന്ദ്രൻ അദ്ധ്യക്ഷനായിരുന്നു. യൂണിയൻ പ്രസിഡന്റ് കെ.വി. സൂരജ് കുമാർ ചതയദിന സന്ദേശവും സെക്രട്ടറി ആവണി ബി. ശ്രീകണ്ഠൻ മുഖ്യപ്രഭാഷണവും നടത്തി. കമുകിൻകോട് ശാഖയിൽ വർണാഭമായ ഘോഷയാത്രയോടെയാണ് ചതയദിനാഘോഷങ്ങൾക്ക് തുടക്കമിട്ടത്. വൈകിട്ട് 6ന് നടന്ന പൊതുസമ്മേളനം കെ.വി. സൂരജ് കുമാർ ഉദ്ഘാടനം ചെയ്തു. ശാഖാ സെക്രട്ടറി കെ.ബി. സുകുമാരൻ, ടി. സുദർശനൻ കള്ളിക്കാട്, ഫാ. ജോയ്‌മത്യാസ് തുടങ്ങിയവർ പങ്കെടുത്തു.

വെള്ളറട ശാഖയുടെ നേതൃത്വത്തിൽ ശ്രീനാരായണപുരം ലോകനാഥക്ഷേത്രത്തിൽ വിവിധ കലാമത്സരങ്ങളും പൂജയും സാംസ്‌കാരിക സമ്മേളനവും തിരുനാൾ സദ്യയും നടന്നു.


തേക്കുപാറ ശാഖയിൽ ശാഖാ പ്രസിഡന്റ് സി. ഹരിദാസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനം എസ്.എൻ.ഡി.പി യോഗം നെയ്യാറ്റിൻകര യൂണിയൻ സെക്രട്ടറി ആവണി ശ്രീകണ്ഠൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ വൈസ് പ്രസിഡന്റ് കിരൺ ചന്ദ്രൻ മുഖ്യ പ്രഭാഷണവും അവാർഡ് വിതരണവും നടത്തി. യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗം സുശീലൻ, വനിത സംഘം പ്രസിഡന്റ് ഉഷ ശിശുപാലൻ, വൈസ് പ്രസിഡന്റ് അംബിക, സെക്രട്ടറി ജയകുമാരി, ശാഖാ കമ്മിറ്റി അംഗം ഹരികുമാർ തുടങ്ങിയവർ സംസാരിച്ചു. ശാഖാ വൈസ് പ്രസിഡന്റ് കെ. രാധാകൃഷ്ണൻ സ്വാഗതവും ശാഖാ കമ്മിറ്റി അംഗം കെ. അശോക് കുമാർ നന്ദിയും രേഖപ്പെടുത്തി.


മീതി ശാഖയുടെ നേതൃത്വത്തിൽ നടന്ന പരിപാടികൾക്ക് ശാഖാ പ്രസിഡന്റ് ആർ. രജിൻ പതാക ഉയർത്തിയതോടെ തുടക്കമായി. തട്ടിട്ടമ്പലം ശാഖയുടെയും യൂത്ത് മൂവ്‌മെന്റിന്റെയും എസ്.എൻ കലാ കായിക വേദിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ഗുരുദേവ ജയന്തി ആഘോഷങ്ങൾ നടന്നു. ശാഖാ പ്രസിഡന്റ് ഗോപാലകൃഷ്ണൻ പതാക ഉയർത്തി. തുടർന്ന് പ്രത്യേക ഗുരുപൂജ, അന്നദാനം എന്നിവ നടന്നു. ഉച്ചയ്ക്ക് 2.30ന് ശാഖാ ആസ്ഥാനത്തു നിന്ന് ആരംഭിച്ച ജയന്തി ഘോഷയാത്ര ഉത്സവ കമ്മിറ്റി പ്രസിഡന്റ് സഹദേവപ്പണിക്കർ ഉദ്ഘാടനം ചെയ്തു.

വേങ്കോട് ശാഖയുടെ നേതൃത്വത്തിൽ ശാഖാ മന്ദിരത്തിൽ പ്രത്യോക ഗുരുപൂജയും പായസ വിതരണവും നടത്തി. ശാഖാ പ്രസിഡന്റ് അജയകുമാറിന്റെ അദ്ധ്യക്ഷതയിൽ ശാഖ വൈസ് പ്രസിഡന്റ് ശശിധരൻ മത്സരവിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. മുൻ ശാഖാ സെക്രട്ടറി ശശികുമാർ പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. ശാഖാ സെക്രട്ടറി അശോകൻ പുതുക്കുളങ്ങര സ്വാഗതവും അശോക് കുമാർ നന്ദിയും രേഖപ്പെടുത്തി. ഇഴിക്കോട്, മുള്ളിലവുവിള, കരിങ്ങാലി മൂട്, കുട്ടമല, കുറ്റിയാണിക്കാട്, മൈലച്ചൽ, കോവിലുവിള ശാഖകളുടെ നേതൃത്വത്തിൽ ജയന്തി ആഘോഷങ്ങൾ നടന്നു.