ramesh-chennithala

തിരുവനന്തപുരം: വിശ്വാസി സമൂഹത്തെ നേരിടാൻ മുഖ്യമന്ത്രി തട്ടിക്കൂട്ടിയുണ്ടാക്കിയ ഏർപ്പാടാണ് നവോത്ഥാന സംരക്ഷണ സമിതിയെന്ന് യു.ഡി.എഫ് ആദ്യമേ പറഞ്ഞത് ശരിയായി വന്നിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാർത്താലേഖകരോട് പ്രതികരിച്ചു. നവോത്ഥാനം എന്ന മഹത്തായ ആശയത്തെ എങ്ങനെ വികൃതമാക്കാം എന്ന് മുഖ്യമന്ത്രി ചിന്തിച്ചതിന്റെ അനന്തര ഫലമാണ് നവോത്ഥാന സംരക്ഷണ സമിതിയിൽ ഇപ്പോഴുണ്ടായ സംഭവവികാസങ്ങൾ. വിശ്വാസിസമൂഹത്തെ വഞ്ചിച്ച് മുഖ്യമന്ത്രിയും സർക്കാരും നടത്തിയ പ്രവർത്തനത്തെ കേരളീയ സമൂഹം തള്ളിക്കളഞ്ഞു.

മരടിലെ ഫ്ലാറ്റ് സമുച്ചയത്തിലെ താമസക്കാരുടെ പ്രശ്നം പരിഹരിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഇടപെടണം. താമസക്കാരെ ഇന്ന് സന്ദർശിക്കും. ചെയ്യാത്ത തെറ്റിനാണ് താമസക്കാർ ഇരയായിരിക്കുന്നത്. മാനുഷികമായ പരിഗണനയോടെ വേണം ഇക്കാര്യത്തെ സമീപിക്കാൻ. സർക്കാർ എടുക്കുന്ന തിരുമാനത്തിന് പ്രതിപക്ഷത്തിന്റെ പൂർണ പിന്തുണയുണ്ടാകും.

മലയാളത്തിൽ പി.എസ്.സി പരീക്ഷയഴുതാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് പി.എസ്.സി ഓഫീസിന് മുന്നിൽ സാംസ്കാരിക നായകർ നടത്തുന്ന സമരം ഒത്തുതീർപ്പാക്കണം. മലയാളത്തിൽ ഉത്തരമെഴുതാൻ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള അവസരം ഉണ്ടാകണമെന്നും ചെന്നിത്തല പറഞ്ഞു.