paliyettiv

മുടപുരം: ദുഃഖവും ദുരിതവും തീരാവേദനയും കടിച്ചമർത്തി ജീവിതം കിടക്കയിൽ തള്ളിനീക്കുന്നവരെ നേരിൽക്കണ്ട് ഓണക്കോടികളും ധാന്യകിറ്റുകളും വിതരണം ചെയ്ത ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ 'സാന്ത്വന യാത്ര" മാതൃകാപരമായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. സുഭാഷിന്റെ നേതൃത്വത്തിലായിരുന്നു സാന്ത്വനയാത്ര.
ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലുള്ള ആറ് പഞ്ചായത്തുകളിലായി 199 പേരാണ് സെക്കൻഡറി തല പരിചരണമാവശ്യമുള്ളവർ. ദുഃഖം പേറുന്ന അവസ്ഥയാണ് പല വീടുകളിലും അവർ കണ്ടത്. കിടപ്പുരോഗികളിൽ പലരു തറയിലും ഇരുളടഞ്ഞ മുറികളിലുമാണ് കിടക്കുന്നത്. സാമ്പത്തിക പരാധീനത മൂലം 24 മണിക്കൂറും ഫാനും ലൈറ്റും ഉപയോഗിക്കാനാവാത്ത ഗതികേടിലാണ് പല വീടുകളും. ഒരു നേരത്തെ മരുന്നു വാങ്ങി നൽകാൻ കഴിയാത്തവർ വൈദ്യുതി ബില്ല് എങ്ങനെ അടയ്ക്കും.

പാലിയേറ്റീവ് പദ്ധതി പ്രകാരം വലിയ വിലയുള്ള മരുന്നുകൾ സൗജന്യമായി നൽകാനാവില്ല. ചില വീടുകളിൽ രണ്ടു പേർ കിടപ്പിലാണ്. വരുമാനമുണ്ടാക്കേണ്ടവർ പരിചരണത്തിനു നിൽക്കുന്നതു മൂലം പലയിടത്തും പട്ടിണിയാണ്. ആരുടെയും ആശ്രയമില്ല ഇവർക്ക്. 6മാസം മുതൽ കാൽനൂറ്റാണ്ടായി കിടപ്പിൽ കഴിയുന്നവരുണ്ട്. ഇവരെ പരിചരിച്ച് അവശതയിലായവരുമുണ്ട്.

വസ്ത്രം മാറ്റിയുടുപ്പിക്കാനും സമയത്ത് മരുന്നോ ആഹാരമോ ഒരു ഗ്ലാസ് വെള്ളമോ എടുത്തു കൊടുക്കുവാനും കൂട്ടിനാരും ഇല്ലാത്ത രോഗികളുമുണ്ട്. ചിലരെ ഉറ്റവർ ഉപേക്ഷിച്ച് പോയതാണ്.

ഇത്തരം ദുരിതമനുഭവിക്കുന്നവർക്കായി പാലിയേറ്റീവ് പദ്ധതിക്ക് കൂടുതൽ തുക പഞ്ചായത്തുകൾ മാറ്റിവയ്ക്കണം എന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. കഴിയുമെങ്കിൽ രണ്ടു നേരം ആഹാരമെത്തിക്കണം.
ഇവർക്കായി പ്രത്യേകം ഡോക്ടർമാരെയും ചുമതലപ്പെടുത്തണം.

ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഞ്ചുതെങ്ങ് സുരേന്ദ്രൻ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഗീതാ സുരേഷ്, എസ്.ചന്ദ്രൻ ,ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ആർ.എസ്.രാജീവ്, താലൂക്കാശുപത്രി സൂപ്രണ്ട് ഡോ. ശബ്ന ഡി.എസ്, പാലിയേറ്റീവ് നഴ്സ് മാരായ മഞ്ചു ബിജു, ഗീതു സുനിൽ , ഫിസിയോ തെറാപ്പിസ്റ്റ് ജി. ദീപു, അരുൺ ജെ.എസ് എന്നിവർ രണ്ടുദിവസത്തെ സാന്ത്വന യാത്രയിൽ പങ്കെടുത്തു . രണ്ടാംദിവസത്തെ യാത്ര അഞ്ചുതെങ്ങിൽ നിന്നുമാരംഭിച്ചു മുദാക്കലിൽ സമാപിച്ചു