vfg

വെഞ്ഞാറമൂട്: ഓണാഘോഷത്തിൽ പങ്കാളികളായി വിദേശികളും കീഴായിക്കോണം കലാലയ ഗ്രന്ഥശാലയുടെ 54-ാം വാർഷികത്തോട് അനുബന്ധിച്ച് കീഴായിക്കോണം സ്മിത ആഡിറ്റോറിയത്തിൽ നടന്ന നാടൻ ഓണാഘോഷ പരിപാടികളിൽ ന്യൂയോർക്കിൽ നിന്നും എത്തിയ ഒരു സംഘം വിദേശികൾ പങ്കാളികളായി.

തിരുവനന്തപുരത്തു നിന്നും കോട്ടയത്തേയ്ക്കുളള യാത്രാമദ്ധ്യേ ആൾക്കൂട്ടവും, ആരവവും കണ്ട് വാഹനം നിറുത്തിയ വിദേശികൾ, കൗതുകം കൊണ്ട് ആഘോഷത്തിൽ പങ്കുചേരുകയായിരുന്നു. കലാലയയുടെ ഭാരവാഹികൾ ഇവരെ സ്വീകരിച്ച് വേദിയിലേയ്ക്ക് ആനയിച്ചു. തുടർന്ന് നടന്ന തോൽക്കളി, ഉറിയടി, അത്തപ്പൂവിടൽ മത്സരങ്ങളിൽ പങ്കെടുത്തും, ചിത്രങ്ങൾ പകർത്തിയും ഇവർ ഓണാഘോഷം ആസ്വദിച്ചു. ഓണ സദ്യയും കഴിച്ച ശേഷമാണ് വിദേശികൾ മടങ്ങിയത്. സമാപന സമ്മേളനം ഡി.കെ. മുരളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. നെല്ലനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജിത് എസ്. കുറുപ്പ് , പഞ്ചായത്ത് അംഗങ്ങളായ ലീലാ ശശിധരൻ, ബീനാ രാജേന്ദ്രൻ, ഗ്രന്ഥശാലാ ഭാരവാഹികളായ കീഴായിക്കോണം അജയൻ, സി. പ്രസാദ്, ബിജു എന്നിവർ പങ്കെടുത്തു.