sivagiri

ശിവഗിരി: പ്രതീക്ഷയോടെയാണ് ലോകം ശിവഗിരിയിലേക്ക് കാതോർക്കുന്നതെന്നും ശിവഗിരി മഠത്തിന്റെ മുന്നേറ്റത്തിന്റെ കാലഘട്ടമായിരുന്നു കഴിഞ്ഞ ഒരു വർഷമെന്നും ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ പറഞ്ഞു. അതേസമയം, ഏതാനും മാസങ്ങളായി നിർമ്മാണ പ്രവർത്തനങ്ങൾ പലതും മുടങ്ങുന്നതിലെ ഉത്കണ്ഠയും സ്വാമി പങ്കുവച്ചു. 165-ാമത് ശ്രീനാരായണ ജയന്തി പ്രമാണിച്ച് ശിവഗിരിയിൽ നടന്ന സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.

എസ്.എൻ.ഡി.പി യോഗത്തിന്റെ അകമഴിഞ്ഞ സഹകരണത്തോടെ മണ്ഡല മഹായജ്ഞവും മഹായതി പൂജയും കഴിഞ്ഞ സെപ്തംബറിൽ ശിവഗിരിയിൽ സമംഗളം നടന്നു. ശിവഗിരിയുടെ അദ്ധ്യക്ഷ പദവിയെ പത്മശ്രീ ബഹുമതി നൽകി കേന്ദ്ര സർക്കാർ ആദരിച്ചു. സ്വദേശി ദർശന്റെ ഭാഗമായി 70 കോടി രൂപയും കേന്ദ്രം ശിവഗിരിമഠത്തിന് അനുവദിച്ചു. സംസ്ഥാന സർക്കാരിന്റെ ധനസഹായത്തോടെ നമുക്ക് ജാതിയില്ലാ വിളംബരത്തിന്റെ ശതാബ്ദി സ്മാരക മ്യൂസിയത്തിന്റെ പണിയും തുടങ്ങി. 1888ൽ അരുവിപ്പുറത്ത് ഗുരുദേവൻ ആലേഖനം ചെയ്തുവച്ച മഹാസന്ദേശം ഭാരതത്തിന്റെ പ്രഥമപൗരനിലൂടെ പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ മുഴങ്ങിക്കേട്ടു. ഇങ്ങനെ പല പ്രകാരത്തിലും ശ്രദ്ധേയമായിരുന്നു കഴിഞ്ഞ ഒരു വർഷം.

എന്നാൽ, ഏതാനും മാസങ്ങളായി ശിവഗിരിയുടെ ഈ വികസന മുന്നേറ്രത്തിന് പല തരത്തിലുള്ള തടസങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. നമുക്ക് ജാതിയില്ലാ വിളംബര ശതാബ്ദി സ്മാരകത്തിന്റെ നിർമ്മാണം തടസപ്പെട്ടു. മഹായതി പൂജയ്ക്കും മണ്ഡല മഹായജ്ഞത്തിനും ഭക്തജനങ്ങളിൽ നിന്ന് കാണിക്കയായി ലഭിച്ച പണം ഉപയോഗിച്ച് നിർമ്മിച്ചു വരുന്ന അന്നക്ഷേത്രത്തിന്റെ പണിയും മുന്നോട്ട് കൊണ്ടുപോകാനാവുന്നില്ല. കേന്ദ്ര സർക്കാർ അനുവദിച്ച 70 കോടി രൂപ ഉപയോഗിച്ചുള്ള തീർത്ഥാടന ടൂറിസം സർക്യൂട്ടിന്റെ നിർമ്മാണ പ്രവർത്തനങ്ങളും ഇനി തുടങ്ങേണ്ടതുണ്ട്. അതിനും തടസങ്ങൾ ഉണ്ടായേക്കാം. തടസങ്ങൾ ഉണ്ടായാൽ അത് നടക്കാതെ പോകാനുമിടയുണ്ട്. എവിടെയൊക്കെയോ ആരൊക്കെയോ ശിവഗിരിയോട് വിവേചനം കാണിക്കുന്നുണ്ട്. അത് എന്തിനാണെന്നും എന്തുകൊണ്ടാണെന്നും മനസിലാവുന്നില്ല. ദുഃഖകരമാണ് ഈ അവസ്ഥ.

ഒരു കേന്ദ്രമന്ത്റിയും പാർലമെന്റംഗവും വർക്കലയിലെ എം.എൽ.എയും നഗരസഭാ ചെയർപേഴ്സണും ഉൾപ്പെടെയുള്ളവർ ഇരിക്കുന്ന സദസിൽ നിന്നുകൊണ്ടാണ് ഈ ദുരവസ്ഥ പറയുന്നത്. സംസ്ഥാന സർക്കാരും തദ്ദേശ സ്വയംഭരണ വകുപ്പുമെല്ലാം ഇവർ വഴി ഇക്കാര്യം മനസിലാക്കുമെന്നാണ് പ്രതീക്ഷയെന്നും സ്വാമി വിശുദ്ധാനന്ദ വികാരഭരിതനായി പറഞ്ഞു.